മുഖത്തെ രോമം കളയാൻ സൂപ്പർ ഫെയ്സ് മാസ്ക് വീട്ടിൽ തയ്യാറാക്കാം
മുഖത്ത് കാണുന്ന അധികം രോമം പലർക്കും ഒരു ബുദ്ധിമുട്ടാണ് . ഹോർമോണൽ വ്യതിയാനം മൂലമാണ് പലപ്പോഴും സ്ത്രീകളിൽ അധിക രോമ വളർച്ച കാണാറുള്ളത്. എന്നാൽ ചെറിയ തോതിലുള്ള രോമ വളർച്ചയ്ക്ക് ഇനി പാർലറുകളിൽ പോയി സമയം കളയേണ്ട. വീട്ടിൽ തന്നെ ചെയ്യാവുന്ന സിംപിൾ ഫെയ്സ് മാസ്കുകളും ഉണ്ട്.
ഒരു പപ്പായ തൊലി കളഞ്ഞെടുക്കുക. അത് ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കുക. അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. അനാവശ്യ രോമങ്ങൾ കാണുന്നിടത്ത്, മുഖം, കാലുകൾ, കൈ എന്നിവടങ്ങളിൽ പുരട്ടുക. പായ്ക് പുരട്ടിയ ശേഷം ചെറുതായി മസാജ് ചെയ്യുക. അൽപ്പ സമയം വിശ്രമിക്കുക. ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
എല്ലാ തരത്തിലുമുള്ള ചർമ്മത്തിനും ഇത് അനുയോജ്യമാണ്. പച്ച പപ്പായ രോമകൂപങ്ങളെ വികസിപ്പിച്ച് രോമം സ്വഭാവികമായി കൊഴിയുന്നതിലേക്ക് നയിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. രോമം നീക്കം ചെയ്യുന്നതു കൂടാതെ മുഖം തിളക്കമുള്ളതും മൃദുവുമാക്കാൻ ഇത് സഹായിച്ചേക്കും. വളരെ കട്ടി കുറഞ്ഞ രോമങ്ങൾ ഉള്ളവർക്കാണ് ഇത് കൂടുതൽ ഉചിതം എന്ന് മറക്കേണ്ട.
ചുണ്ടിനു മുകളിൽ കാണുന്ന രോമങ്ങൾ മാത്രമാണോ നീക്കം ചെയ്യേണ്ടത്?. നാരങ്ങ ഉണ്ടെങ്കിൽ അതുപയോഗിച്ചു നോക്കൂ. നാരങ്ങ നീര് പിഴിഞ്ഞതിലേക്ക് അൽപ്പം തേനും, പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
നാരങ്ങയ്ക്ക് സ്വഭാവികമായ ഒരു ബ്ലീച്ചിങ് സവിശേഷത ഉണ്ട്. മൂന്ന് ടേബിൾസ്പൂൺ നാരങ്ങ നീരാണ് ആവശ്യം. അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചുണ്ടിനു മുകളിലായി അത് പുരട്ടുക. പതിനഞ്ച് മിനിറ്റ് ഉണങ്ങുന്നതിനായി വിശ്രമിക്കുക. ഉണങ്ങിയതിനു ശേഷം കൈകൊണ്ട് മസാജ് ചെയ്യുക. വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇതിലേക്ക് ഒരു ടീസ്പൂൺ തേനും, നാരങ്ങാ നീരിലേക്ക് അര കപ്പ് ചൂട് വെള്ളവും ചേർക്കാവുന്നതാണ്. മുഖം കഴുകിയതിനു ശേഷം അൽപ്പം മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കാവുന്നതാണ്.