ടെയ്‌ലര്‍ മണി ആയി യൂത്ത് കോണ്‍ഗ്രസ് നേതാവ്, കുഴിച്ചിട്ടിടത്ത് കുളിമുറി പണിയാനിരിക്കെ പോലീസ് പൊക്കിയത് ഇങ്ങനെ


മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു സഹപ്രവര്‍ത്തകയെ ക്രൂരമായി കൊലപ്പെടുത്തിയ വിവരം പുറത്തുവരുമ്പോള്‍ ഏവരുടേയും മനസിലേക്ക് ഓടിയെത്തുന്നത് സേതുരാമയ്യര്‍ സിബിഐയിലെ ജഗദീഷിന്റെ കഥാപാത്രത്തെ. കൊലപാതകം നടത്തുകയും ശേഷം പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത കഥാപാത്രമായിരുന്നു ജഗദീഷിന്റെ ടെയ്‌ലര്‍ മണിയെന്ന കഥാപാത്രം.
ടെയ്‌ലര്‍ മണിയെ അനുസ്മരിപ്പിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു നടത്തിയ കൊലപാതകം. തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയശേഷം വീട്ടുവളപ്പില്‍ കുഴിച്ചിടുകയും പിന്നീട് യുവതിയെ കാണുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു തന്ത്രശാലിയായ വിഷ്ണു.
യുവതിയെ കൊലപ്പെടുത്തുകയും ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്യുന്നിടത്ത് കഴിയുന്നില്ല വിഷ്ണുവിന്റെ തന്ത്രങ്ങള്‍. ഇതിനുശേഷം യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണു. പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് പത്തുദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം വിഷ്ണുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.

യുവതിയെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലായിരുന്നു. സംഭവത്തില്‍ വിഷ്ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
പ്രതികള്‍ ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയശേഷം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി ജൂവലറിയില്‍ വിറ്റ് പണം പങ്കിട്ടെടുത്തെന്ന് പോലീസ് കണ്ടെത്തി. കൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും സുജിത കൊല്ലപ്പെട്ടതും മൃതദേഹം കുഴിച്ചിട്ടതും വിഷ്ണുവിന്റെ അച്ഛന്‍ അറിഞ്ഞിരുന്നു. ഇതിനാലാണ് ഇയാളെയും കേസില്‍ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്ത് 11നാണ് കാണാതാകുന്നത്. പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഓഫീസില്‍നിന്നിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. കരുവാരക്കുണ്ട് പോലീസ് യുവതിക്കായി അന്വേഷണവും തുടങ്ങി.
അന്വേഷണം ആരംഭിച്ചതോടെയാണ് സുജിതയെ കാണാനില്ലെന്ന വിവരം വിഷ്ണു ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലടക്കം പങ്കുവെച്ചത്. എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യര്‍ഥന.
ഫോണ്‍കോള്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണമാണ് വിഷ്ണുവിനെ സംശയിക്കാന്‍ ഇടയാക്കിയത്. സുജിത അവസാനം വിളിച്ചത് വിഷ്ണുവിനെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ സ്വിച്ച് ഓഫ് ആയത് പഞ്ചായത്ത് ഓഫീസിനും ഇയാളുടെ വീടിനും അടുത്തുവെച്ചാണെന്നും തിരിച്ചറിഞ്ഞു. ഇതിനിടെ പ്രതി ചില സ്വര്‍ണാഭരണങ്ങള്‍ ജൂവലറിയില്‍ വിറ്റതായി പോലീസ് കണ്ടെത്തിയത് വിഷ്ണുവിനെ കുടുക്കി. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ സുജിതയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയത് എങ്ങനെയെന്ന് വിഷ്ണു പോലീസിനോട് വിശദീകരിച്ചു. യുവതി വിഷ്ണുവിന്റെ വീട്ടിലെത്തുമ്പോള്‍ ഇവരെ കാത്ത് വിഷ്ണുവും കൂട്ടുപ്രതികളും അവിടെയുണ്ടായിരുന്നു. ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബോധംകെട്ട് നിലത്തുവീണു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കി ജനലില്‍ കെട്ടിവലിക്കുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇതിനിടെ, യുവതിയുടെ സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കവര്‍ന്നു. ഉച്ചയോടെ വിഷ്ണുവാണ് സ്വര്‍ണാഭരണം പണയംവെക്കാനായി കൊണ്ടുപോയത്. ഇതിന്റെ പണം ഇയാള്‍ മറ്റുപ്രതികള്‍ക്കും വീതിച്ചുനല്‍കി.
അന്നേദിവസം അര്‍ധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്‌സുകളും മെറ്റലും എം.സാന്‍ഡും അവിടെ നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. തുവ്വൂരിലേത് ദൃശ്യം മോഡല്‍ കൊലപാതകമാണെന്നായിരുന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ പ്രതികരണം.
യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയായ വിഷ്ണു പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരനായിരുന്നു. പഞ്ചായത്ത് ഓഫീസിലെ ജോലിക്കിടെയാണ് സുജിതയുമായി പരിചയത്തിലായത്. ഇരുപതുദിവസം മുമ്പ് ഇയാള്‍ പഞ്ചായത്തിലെ ജോലിയില്‍നിന്ന് രാജിവെച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഐ.എസ്.ആര്‍.ഒ.യില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് പഞ്ചായത്തിലെ താത്കാലിക ജോലി വിട്ടതെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു. വിഷ്ണു യുവതിയെ കൊലപ്പെടുത്താനുള്ള കാരണം സ്വര്‍ണം മാത്രമാണോയെന്നും മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്. വിഷ്ണുവിന്റെ അനുജന്‍ നേരത്തെ പോക്‌സോ കേസ് പ്രതിയായിരുന്നു.