വിവാഹ വേദി തൊഴിലിടമാക്കി വരൻ; വീഡിയോ വൈറലാകുന്നു

വിവാഹ വേദി തൊഴിലിടമാക്കി വരൻ; വീഡിയോ വൈറലാകുന്നു

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് ഏതാണ്ടെല്ലാ കമ്പനികളും ചുവടുമാറ്റി. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം പ്രൊഫഷനലുകള്‍ക്കു ഇപ്പോള്‍ വീടാണ് തൊഴിലിടം. അതേസമയം ഒരാൾ തന്റെ വിവാഹ വേദി കൂടി തൊഴിലിടമാക്കിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ് മാറിയിരിക്കുകയാണ്.

വരനായി വിവാഹ വേദിയിൽ ഇരിക്കുമ്പോൾ പോലും ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന യുവാവിനെയാണ് വിഡിയോയിൽ കാണുന്നത്. അദ്ദേഹത്തിന്റെ ജോലി കഴിഞ്ഞാല്‍ ചടങ്ങുകള്‍ തുടങ്ങാം എന്ന പ്രതീക്ഷയോടെ ജോലി ചെയ്യുന്ന അദ്ദേഹത്തിന് ചുറ്റും അതിഥികളും, ബന്ധുക്കളും, പുരോഹിതനും കാത്തിരിക്കുന്നുണ്ട്. അതെസമയം വധുവാകട്ടെ ഇതെല്ലാം കണ്ട് പൊട്ടിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലാണ് ഈ വർക്ക് ഫ്രം വെഡിങ് അരങ്ങേറിയത്. ഇന്‍സ്റ്റഗ്രാമിലെ വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ പങ്കുവെക്കുന്ന ഒരു അക്കൗണ്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ”വര്‍ക്ക് ഫ്രം ഹോം? അല്ല… വര്‍ക്ക് ഫ്രം വെഡ്ഡിംഗ്.” ”ജോലി ചെയ്യുന്ന വരനും ചിരിക്കുന്ന വധുവും, 2021 ലെ വിവാഹത്തിലേക്ക് സ്വാഗതം.” എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ചിലർ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായും രംഗത്തെത്തിയിരുന്നു. അതേസമയം ‘അദ്ദേഹം ജോലി ചെയ്യുകയല്ല. വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ചടങ്ങുകള്‍ ലൈവായി കാണാന്‍ വേണ്ടി വീഡിയോ കോള്‍ സെറ്റ് ചെയ്യുകയാണ്” എന്നും ഒരാൾ കമന്റിൽ പറയുന്നു.

The post വിവാഹ വേദി തൊഴിലിടമാക്കി വരൻ; വീഡിയോ വൈറലാകുന്നു first appeared on Keralaonlinenews.