ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വന്യ മൃഗങ്ങൾ..പ്രതിഷേധം ശക്തം..

പാക് സെലബ്രിറ്റി സൂസന്‍ ഖാന്റെ ജന്മദിനാഘോഷമാണ് ഇപ്പോൾ മൃഗസ്നേഹികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഒരു ജന്മദിനാഘോഷം ഇത്രമാത്രം ചർച്ച ചെയ്യപ്പെടാൻ എന്താണെന്നോ..ആഘോഷം പൊലിപ്പിക്കാൻ ഇവർ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് ഒരു പെൺസിംഹത്തെയാണ്.. സിംഹത്തെ മയക്കിക്കിടത്തി പാർട്ടിയിൽ കാഴ്ച വസ്തുവാക്കിയായിരുന്നു ആഘോഷം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര ദീപങ്ങൾ..പാട്ട്.. ഡാൻസ്..കുടിച്ചു മതിക്കാൻ അൽപ്പം മദ്യം..വയറു നിറയ്ക്കാൻ കുറെയേറെ ഭക്ഷണപദാർത്ഥങ്ങൾ..ഇതൊക്കെയാണ് നമ്മൾ കണ്ടിട്ടുള്ള ആഘോഷ പാര്‍ട്ടികള്‍. എന്നാൽ പാർട്ടി കൊഴുപ്പിക്കാന്‍ സിംഹവും പുലിയുമടക്കമുള്ള വന്യമൃഗങ്ങളെ കൊണ്ടുവന്ന് കാഴ്ചവസ്തുവാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്..തങ്ങളുടെ സ്റ്റാറ്റസും സമ്പാദ്യവും കാണിക്കാനുള്ള ഉപകാരണങ്ങളായാണ് പലരും ഈ ജീവികളെ കാണുന്നത്.
സൂസന്‍ ഖാൻ തന്റെ ജന്മദിനാഘോഷ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കാതടിപ്പിക്കുന്ന പാട്ടിന്റെയും ബഹളങ്ങളുടെയും ഇടയില്‍ സിംഹത്തെ ചങ്ങലക്കിട്ട് ഇരുത്തിയതിന്റെ ദൃശ്യങ്ങളും സൂസൻ പങ്കുവച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വിഡിയോകൾ ഒഴിവാക്കുകയായിരുന്നു.

മൃഗങ്ങളെ പാര്‍ട്ടിക്ക് കൊണ്ടുവരുന്നതിനെതിരെ വലിയ പ്രതിഷേധവുമായി പ്രൊജക്റ്റ് സേവ് അനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും വന്യമൃഗങ്ങളെ ഇതിനായി ഉപയോഗിക്കുന്നതിലാണ് പ്രതിഷേധമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതേസമയം നിയമപരമല്ലാത്ത വഴിയിലൂടെയാണ് സെലബ്രിറ്റികള്‍ക്ക് വന്യമൃഗങ്ങളെ ലഭിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
വിവാഹ പാര്‍ട്ടികള്‍ക്ക് വരെ മൃഗങ്ങളെ ഉപയോഗിക്കുന്നുണ്ട്. പലപ്പോഴും മരുന്നുകള്‍ കുത്തിവെച്ച് മയക്കിയാണ് ഇവയെ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികൾ പറയുന്നു.