സഖാവായി സരിനെത്തുമ്പോള്‍ പാലക്കാട് എന്തുസംഭവിക്കും? രാഹുലിന് പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പ്, ശോഭ സുരേന്ദ്രന്‍ ഇറങ്ങിയാല്‍ കളിമാറും

Sarin and rahul mamkootathil
Sarin and rahul mamkootathil

ദീര്‍ഘകാലമായി പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സരിന്‍ എത്തുമ്പോള്‍ സിപിഎം പച്ചക്കൊടി വീശുന്നത് വിജയസാധ്യത മുന്നില്‍ക്കണ്ടാണ്

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഡോ. സരിന്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് സരിന്‍ കോണ്‍ഗ്രസുമായി കലഹിക്കുന്നതും ഇടതുസ്ഥാനാര്‍ത്ഥിയാകാന്‍ എത്തുന്നതും. എക്കാലവും സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറിയുണ്ടാക്കാറുണ്ടെങ്കിലും അത് വിമത സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തുന്നത് അപൂര്‍വമാണ്.

ദീര്‍ഘകാലമായി പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സരിന്‍ എത്തുമ്പോള്‍ സിപിഎം പച്ചക്കൊടി വീശുന്നത് വിജയസാധ്യത മുന്നില്‍ക്കണ്ടാണ്. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്ത് എത്തുന്ന മണ്ഡലമാണ്. ഇവിടെ ഒരു ജയം ഇത്തവണയും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, സരിന്‍ എത്തുന്നതോടെ ഇവിടുത്തെ രാഷ്ട്രീയചിത്രം മാറുകയാണ്.

ആദ്യമായി സ്ഥാനാര്‍ത്ഥിയാകുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് അത്ര പരിചിതനല്ല. മാത്രമല്ല, മുന്‍ എംഎല്‍എ ഷാഫി പറമ്പിലിന്റെ വോട്ടുകള്‍ നേടാന്‍ കഴിവുള്ള നേതാവല്ല രാഹുല്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. യൂത്ത് കോണ്‍ഗ്രസിനകത്ത് രാഹുലിന് ഒട്ടേറെ ശത്രുക്കളുമുണ്ട്. ഷാഫിയുടെ നോമിനിയായി പാലക്കാട് എത്തുന്നതില്‍ ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കളും എതിര്‍പ്പറിയിച്ചിരുന്നു. അതിനിടയിലാണ് സരിന്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതും.

സരിന്റെ സ്ഥാനാര്‍ത്ഥിത്വം, പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ്, പാലക്കാട്ടെ പരിചയക്കുറവ് ഇവയെല്ലാം മറികടന്ന് മണ്ഡലം നിലനിര്‍ത്താന്‍ രാഹുലിന് കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്. പാലക്കാട് ബിജെപി ശക്തികേന്ദ്രമായതോടെ ഇവിടെ സിപിഎം വോട്ടുകള്‍ കോണ്‍ഗ്രസിന് മറിക്കാറുണ്ടെന്ന ആരോപണമുണ്ട്. സിപിഎമ്മിനോട് കടുത്ത ശത്രുത പുലര്‍ത്തുന്ന രാഹുല്‍ സ്ഥാനാര്‍ത്ഥിയായതോടെ ഇത്തവണ അത്തരമൊരു സഹായം പ്രതീക്ഷിക്കേണ്ടതില്ല.

രാഹുലിന് മണ്ഡലത്തില്‍ നേരിടേണ്ട മറ്റൊരു പ്രധാന വെല്ലുവിളി ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കും. ശോഭാ സുരേന്ദ്രനോ, കെ സുരേന്ദ്രനോ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ മത്സരത്തിന് വീറും വാശിയുമേറും. സി കൃഷ്ണകുമാറിനേക്കാള്‍ ജയസാധ്യത ഇരുവര്‍ക്കുമുണ്ട്. എന്തുതന്നെയായാലും കേരളത്തിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നാകും പാലക്കാട് നടക്കുകയെന്നതില്‍ സംശയമില്ല.

 

Tags