ഫേസ്ബുക്ക് ന്യൂസ് ഫീഡ് നിറയെ പരസ്യങ്ങളും സ്‌പോണ്‍സേഡ് പേജുകളും, സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണുന്നില്ല, ഇവ ഒഴിവാക്കാന്‍ വഴികളുണ്ട്


അടുത്തകാലത്തായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രധാന പരാതിയാണ് ന്യൂസ് ഫീഡിലെ പരസ്യങ്ങള്‍. സുഹൃത്തുക്കളുടെ ഒരു പോസ്റ്റ് കണ്ടാല്‍ പിന്നീട് അഞ്ചും ആറും പരസ്യങ്ങളും സ്‌പോണ്‍സേഡ് പേജുകളുമാണ്. സുഹൃത്തുക്കളല്ലാത്ത പലരുടേയും പോസ്റ്റുകള്‍ പൊങ്ങിവരികയും അവയെ ഫോളോ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പരസ്യവരുമാനം നേടുന്ന ഇവരുടെ പേജുകളില്‍ ഫോളോവേഴ്‌സ് കൂടിയാല്‍ ഫേസ്ബുക്കിനും വരുമാനം വര്‍ദ്ധിക്കും.
വരുമാനം കൂട്ടാനുള്ള തീരുമാനമാണ് ഫേസ്ബുക്കിലെ പരസ്യങ്ങളുടെ എണ്ണം കൂടാന്‍ കാരണം. വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തിലൂടെ ഫേസ്ബുക്ക് ശതകോടികള്‍ സമ്പാദിക്കുന്നു. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍, ബ്രൗസിംഗ് ശീലങ്ങള്‍ തുടങ്ങിയവ പരിശോധിച്ചായിരിക്കും പരസ്യം ന്യൂസ് ഫീഡിലെത്തുക.
ഗൂഗിള്‍ വഴിയോ മറ്റോ നിങ്ങള്‍ സന്ദര്‍ശിച്ച വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട പരസ്യം പിന്നീട് ഫേസ്ബുക്കില്‍ കാണാം. ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്യാനും പരസ്യ വിഷയങ്ങള്‍ നിര്‍ണ്ണയിക്കാനും വെബ്സൈറ്റുകള്‍ കുക്കികളും കോണ്‍ടാക്റ്റ് ലിസ്റ്റുകളും ഉപയോഗിക്കുന്നു.
പരസ്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കില്ല. താത്പര്യങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്ക് സെറ്റിങ്‌സില്‍ മാറ്റം വരുത്തി ചില പരസ്യങ്ങളെ മാറ്റിനിര്‍ത്താനാകും. ന്യൂസ് ഫീല്‍ഡ് സെറ്റിങ്‌സ് കൃത്യമായി വിനിയോഗിച്ചാല്‍ അനാവശ്യ പോസ്റ്റുകള്‍ എത്തുന്നത് തടയാം. ക്ഷമയോടെ സെറ്റിങ്‌സ് തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കുക.

നിങ്ങള്‍ കാണുന്ന ഉള്ളടക്കം നിയന്ത്രിക്കാനും പേജുകളെയോ ആളുകളെയോ പിന്തുടരാതിരിക്കാനും പ്രിയപ്പെട്ടവ അല്ലാത്തവയെ നിയന്ത്രിക്കാനും ഫീഡ് ക്രമീകരണം ഇഷ്ടാനുസൃതമാക്കാനാകും. ഇത് പരസ്യങ്ങള്‍ പൂര്‍ണമായും മറയ്ക്കണമെന്നില്ലെങ്കിലും, സുഹൃത്തുക്കളുടെ പേജുകളില്‍ നിന്നും കൂടുതല്‍ ഉള്ളടക്കം കാണാന്‍ സഹായിക്കും.
ന്യൂസ് ഫീഡ് സെറ്റിങ്‌സില്‍ ആളുകളെയും പേജുകളും ഗ്രൂപ്പുകളും സ്നൂസ് ചെയ്യുക. ന്യൂസ് ഫീഡ് എറാഡിക്കേറ്റര്‍ പോലെയുള്ള ചില ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ക്ക് പരസ്യങ്ങളും അനാവശ്യ പോസ്റ്റുകളും ഒഴിവാക്കാനാകും.
കൂടുതല്‍ പ്രസക്തമായ പരസ്യങ്ങള്‍ മാത്രം ലഭിക്കുന്നതിന് അല്ലെങ്കില്‍ ടാര്‍ഗെറ്റുചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തുന്നതിന് പരസ്യ ക്രമീകരണങ്ങള്‍ നടത്താം. സോഷ്യല്‍ മീഡിയ ആപ്പില്‍ ക്ലിക്ക് ചെയ്യുന്ന ലിങ്കുകളെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക് ലിങ്ക് ഹിസ്റ്ററി പ്രവര്‍ത്തനരഹിതമാക്കാം.
ഉപയോക്താക്കളെ ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങള്‍ കാണിക്കുന്നതിന് ആപ്പിന്റെ ബ്രൗസറില്‍ ഉപയോക്താക്കള്‍ ക്ലിക്ക് ചെയ്യുന്ന എല്ലാ ലിങ്കുകളുടെയും ഡാറ്റ ശേഖരിക്കാന്‍ ഫേസ്ബുക്കിനെ ലിങ്ക് ഹിസ്റ്ററി സഹായിക്കുന്നു. ഉപയോക്താക്കള്‍ ലിങ്ക് ക്ലിക് ചെയ്യുകയെന്നതാണ് ഫേസ്ബുക്കിന്റെ താത്പര്യം. ഒരിക്കല്‍ ഒരു ലിങ്ക് ക്ലിക് ചെയ്താല്‍ ആ ലിങ്കുമായി ബന്ധപ്പെട്ട കൂടുതല്‍ പരസ്യങ്ങള്‍ ന്യൂസ് ഫീഡിലെത്തും.
തുടര്‍ച്ചയായി പേജ് റിഫ്രഷ് ചെയ്യുന്നത് പരസ്യങ്ങളും ഫോളോ പേജുകളും വരുന്നത് പൂര്‍ണമായും ഒഴിവാക്കുകയും സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ മാത്രം കാണാനും സഹായിക്കും. ആദ്യത്തെ ഒന്നോ രണ്ടോ പോസ്റ്റുകള്‍ കണ്ടാലുടന്‍ റിഫ്രഷ് ചെയ്യുക. അതിവേഗമുള്ള ഇന്റര്‍നെറ്റ് ഇപ്പോള്‍ വ്യാപകമാണ് എന്നതുകൊണ്ടുതന്നെ ഇത് അനായാസമായി ചെയ്യാവുന്ന കാര്യമാണ്.