അമേരിക്കയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് എങ്ങിനെ? കൂടുതല്‍ വോട്ടുകിട്ടിയാല്‍ പ്രസിഡന്റാകില്ല, ഏറ്റവും സങ്കീര്‍ണമായ തെരഞ്ഞെടുപ്പ്

US election
US election

ഇന്ത്യയിലേത് പോലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പല്ല അമേരിക്കയില്‍. മുന്‍ കാലങ്ങളിലേതെന്നപോലെ ബാലറ്റു പേപ്പറുകളാണ് ഭൂരിഭാഗം വോട്ടര്‍മാരും ഉപയോഗിക്കുന്നത്.

 

ന്യൂയോര്‍ക്ക്: ലോകം ഉറ്റുനോക്കുന്ന മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും അമേരിക്കയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മാസങ്ങളോളം തീവ്രമായ പ്രചാരണം നടത്തി.

നാല് വര്‍ഷം കൂടുമ്പോഴാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടത്തുക. 1845ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡേ ആക്ട് പ്രകാരമാണ് ഈ ദിവസം തെരഞ്ഞെടുപ്പ് നടത്തുന്നത്. 180 വര്‍ഷം മുമ്പുള്ള തീരുമാനമാണിത്. അന്ന് അമേരിക്കയിലെ കര്‍ഷകര്‍ അടക്കമുള്ള ഗ്രാമീണ ജന പോളിങ് നടക്കുന്ന സ്ഥലങ്ങളിലേയ്ക്ക് എത്തി തിരിച്ച് അവരവരുടെ വീടുകളില്‍ എത്താനുള്ള സൗകര്യം കണക്കാക്കിയാണ് ചൊവ്വാഴ്ച തെരഞ്ഞെടുത്തത്. ബുധനാഴ്ച അമേരിക്കയിലെ കര്‍ഷകര്‍ക്ക് വിപണി ദിവസമാണ്. നവംബറിന്റെ തുടക്കത്തിലാണ് വിളവെടുപ്പ് സമയം. ഈ സമയം കണക്കാക്കാക്കിയാണ് ഇന്നും നവംബര്‍ മാസം തെരഞ്ഞെടുപ്പ് നടത്തുന്നത്.

അമേരിക്കന്‍ പാര്‍ലമെന്റ് യുഎസ് കോണ്‍ഗ്രസ് എന്നാണ് അറിയപ്പെടുന്നത്. ജനപ്രതിനിധി സഭ, സെനറ്റ് എന്നിങ്ങനെ രണ്ട് സഭകളാണ് യുഎസ് കോണ്‍ഗ്രസിനുള്ളത്. 50 സംസ്ഥാനങ്ങളില്‍ നിന്നായി 435 അംഗങ്ങളാണ് ജനപ്രതിനിധിസഭയിലുള്ളത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും രണ്ട് വീതം സെറ്റര്‍മാരും ഉണ്ടാകും. ആകെ 100 സെനറ്റര്‍മാര്‍. 538 ഇലക്ടര്‍മാരുമുണ്ടാകും.

കേന്ദ്രീകൃത തിരഞ്ഞെടുപ്പ് ബോഡികളുള്ള പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, യുഎസ് തിരഞ്ഞെടുപ്പ് സമ്പ്രദായം വളരെ വികേന്ദ്രീകൃതമാണ്. ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍, കാമ്പെയ്ന്‍ ഫിനാന്‍സ് നിയമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങളും പ്രാദേശിക അധികാരികളും തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ നിയന്ത്രിക്കുന്നു എന്നതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രത്യേകത.

രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ വോട്ടു ചെയ്താല്‍ ആകെ വോട്ടുകള്‍ എണ്ണി ആര്‍ക്കാണ് മുന്‍തൂക്കം എന്നത് നോക്കിയല്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. മറിച്ച്, ഓരോ സംസ്ഥാനത്തും ഏത് സ്ഥാനാര്‍ത്ഥിയാണ് മുന്നിലെന്ന് കണ്ടെത്തിയാല്‍ ആ സംസ്ഥാനത്തെ ഇലക്ടറല്‍ കോളേജിനെ തെരഞ്ഞെടുക്കാനുള്ള അധികാരം മുന്നിലെത്തിയ പാര്‍ട്ടിക്കാകും. ഇങ്ങനെ എല്ലാ സംസ്ഥാനങ്ങളിലേയും ഇലക്ടറല്‍ കോളേജുകള്‍ ആണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഓരോ സംസ്ഥാനത്തും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇലക്ടറല്‍ കോളേജുകളുടെ എണ്ണം.

ഇലക്ടറല്‍ കോളേജ്

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നുമുള്ള 538 ഇലക്ടര്‍മാര്‍ ചേര്‍ന്നാണ് യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. മെയ്നും നെബ്രാസ്‌കയും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ 'വിന്നര്‍-ടേക്ക്-ഓള്‍' സമ്പ്രദായം പിന്തുടരുന്നു. അതായത് എല്ലാ ഇലക്ടറല്‍ വോട്ടുകളും ആ സംസ്ഥാനത്തിനുള്ളില്‍ പോപ്പുലര്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നു. ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ കുറഞ്ഞത് 270 ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമാണ്.

ഇന്ത്യയിലേത് പോലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പല്ല അമേരിക്കയില്‍. മുന്‍ കാലങ്ങളിലേതെന്നപോലെ ബാലറ്റു പേപ്പറുകളാണ് ഭൂരിഭാഗം വോട്ടര്‍മാരും ഉപയോഗിക്കുന്നത്. ഏകദേശം 69.9% വോട്ടര്‍മാര്‍ അവരുടെ പേപ്പര്‍ ബാലറ്റുകള്‍ കൈകൊണ്ട് അടയാളപ്പെടുത്തുന്നു.

ബാലറ്റ് അടയാളപ്പെടുത്തുന്ന ഉപകരണങ്ങളിലൂടെയും വോട്ടുചെയ്യാം. ഏകദേശം 25.1% വോട്ടര്‍മാര്‍ ഇത് ഉപയോഗിക്കുന്നു. ഒരു സ്‌ക്രീനില്‍ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാരെ അനുവദിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ബിഎംഡികള്‍.

ഡയറക്ട് റെക്കോര്‍ഡിംഗ് ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിക്കുന്നവരുണ്ട്. ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് (ഇവിഎം) സമാനമായുള്ളതാണ് ഇവ. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം, ലൂസിയാനയിലും നെവാഡയിലും ഏകദേശം 5% വോട്ടര്‍മാര്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.

വോട്ടെണ്ണല്‍ പ്രക്രിയ

കൈകൊണ്ട് അടയാളപ്പെടുത്തിയ പേപ്പര്‍ ബാലറ്റുകളിലും ബിഎംഡികളിലും രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഒപ്റ്റിക്കല്‍ സ്‌കാനറുകളാലും പ്രോസസ്സ് ചെയ്യപ്പെടുന്നു. ഓരോ സംസ്ഥാനവും എണ്ണം സ്ഥിരീകരിക്കുന്നതിന് മെഷീന്‍ സഹായത്തോടെ ഓഡിറ്റ് നടത്തുന്നു. 2024 ഡിസംബര്‍ 11-നകം എല്ലാ സംസ്ഥാനങ്ങളും സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ വ്യത്യസ്ത സമയക്രമങ്ങള്‍ പിന്തുടരുന്നു.

വ്യക്തിഗത വോട്ടുകള്‍

വ്യക്തിഗത വോട്ടുകള്‍, തിരഞ്ഞെടുപ്പ് ദിവസത്തിലായാലും നേരത്തെയുള്ള വോട്ടിംഗ് സമയത്തായാലും, വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം എണ്ണപ്പെടും. പേപ്പര്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു, അതേസമയം ഡിജിറ്റല്‍ വോട്ടിംഗ് മെഷീനുകളില്‍ നിന്നുള്ള ഡാറ്റ ഒന്നുകില്‍ ഇലക്ട്രോണിക് ആയി കൈമാറുകയോ പ്രോസസ്സിംഗിനായി കൈമാറുകയോ ചെയ്യുന്നു.

ഏഴ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാര്‍ട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാല്‍ ചാഞ്ചാട്ടമുള്ള സ്റ്റേറ്റുകളില്‍ ആരു മുന്‍തൂക്കം നേടുന്നു എന്നത് പ്രധാനമാണ്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകള്‍.

 

Tags