വീണാ വിജയന് പണം നല്‍കിയത് കൈക്കൂലിയായോ? കരാറില്‍ പിഴവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും കണ്‍സല്‍ട്ടന്‍സി ഫീ വാങ്ങിയത് സംബന്ധിച്ച വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കാര്യമായ സര്‍വീസ് ഒന്നും നല്‍കാതെ തന്നെ 1.72 കോടി രൂപ മൂന്നു വര്‍ഷത്തിനിടെ വീണയ്ക്കും അവരുടെ കമ്പനിക്കുമായി നല്‍കിയെന്നതാണ് വിവാദത്തിനിടയാക്കിയത്.
tRootC1469263">ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രമുഖനുമായുള്ള ബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നല്‍കിയതെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഭാര്യയുമാണെന്നതിനാല്‍ വീണയ്ക്ക് പണം നല്‍കിയത് സര്‍ക്കാരിനെ സ്വാധീനിച്ച് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായിരുന്നോ എന്ന ചോദ്യമുയരുകയാണ്.
വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയോ മകളോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രെബ് ഉദ്ദേശിച്ചാവണം ആ കരാറിലേര്‍പ്പെട്ടത് എന്നും അതു നടത്തിക്കൊടുക്കാന്‍ പിണറായിയോ റിയാസോ തയ്യാറായില്ല എന്നും ഏറെക്കുറെ വായിച്ചെടുക്കാനാവുമെന്നാണ് മാധ്യമപ്രവര്‍ത്തകനായ സെബിന്‍ എ ജേക്കബ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
സെബിന്റെ ഫേസ്ബുക്ക് കുറിപ്പ്,
വീണയുടെ കമ്പനിക്ക് സിഎംആര്‍എല്‍ കണ്‍സല്‍ട്ടന്‍സി ഫീ നല്‍കിയതിനെ കുറിച്ച് ജോമി തോമസ് എഴുതുന്ന ഭാഷയോടു കടുത്ത തര്‍ക്കമുണ്ട്. ഐടി കണ്‍സല്‍ട്ടന്‍സി അവരെ ഏല്പിച്ചാല്‍ അതിന്റെ പണവും കൊടുത്തേ തീരു. കൃത്യമായും നിയമപരമായ രീതിയില്‍ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയ അക്കൗണ്ടഡ് ആയ ട്രാന്‍സാക്ഷന്‍ ആണത്. വീണയുടെ കമ്പനിയുടെ റിട്ടേണ്‍സില്‍ അതു സ്ഥാനം പിടിച്ചിട്ടുമുണ്ടാകും.
കണ്‍സല്‍ട്ടന്‍സി കൊടുക്കുന്നവരെ സംബന്ധിച്ചാണെങ്കില്‍ ഉദ്ദേശിച്ച ഗുണം ഉണ്ടായില്ലെങ്കില്‍ അവര്‍ കണ്‍സല്‍ട്ടന്‍സി തുടരേണ്ട എന്നു വയ്ക്കും. അതാണ് സിഎംആര്‍എല്‍ ചെയ്തതും. ആന്വല്‍ ആയി പേ ചെയ്യുന്ന കണ്‍സല്‍ട്ടന്‍സി ഫീസിനെ മാസപ്പടി എന്നെഴുതണമെങ്കില്‍ അതു നല്ല ഉദ്ദേശ്യത്തോടെ ആവില്ല. നിയമസഭ ഇളകിമറിയണം, തദ്ദേശ ഉപതെരഞ്ഞെടുപ്പുകളെ മുതല്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കണം തുടങ്ങിയ ഹ്രസ്വകാല രാഷ്ട്രീയ ലക്ഷ്യങ്ങളും പിണറായി വിജയനും റിയാസിനും എതിരായ ദീര്‍ഘകാല അജണ്ടയും ഈ വാര്‍ത്തയുടെ താത്പര്യങ്ങളായുണ്ടാവാം.
എന്നാല്‍ ഒരു സാധാരണ സിപിഐഎം പ്രവര്‍ത്തകനോ അനുഭാവിക്കോ ഉള്ളത്ര പോലും തിരിച്ചറിവ്, കേരളത്തില്‍ എത്രയോ കാലമായി വിവാദത്തിലുള്ള കരിമണല്‍ കര്‍ത്തായുടെ കമ്പനിയുമായി ഒരു കരാര്‍ ഉണ്ടാക്കുമ്പോള്‍ വീണ വിജയനുണ്ടായില്ല എന്നതും കാണണം. വീണ വേറെ, കമ്പനി വേറെ എന്ന യുക്തി അവിടെ നില്‍ക്കട്ടെ. അത് നിയമദൃഷ്ട്യാലുള്ള കാര്യം മാത്രമാണ്. വീണ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത് എല്ലായ്‌പ്പോഴും അച്ഛന്റെ പേരിലോ ഇപ്പോഴിപ്പോള്‍ ഭര്‍ത്താവിന്റെ കൂടി പേരിലോ ആണ്. വീണ വേണ്ടെന്നു വച്ചാലും ഈ അസോസിയേഷന്‍ അവിടെയുണ്ടാകും. ആ നിലയ്ക്ക് ഒരു കോണ്‍ഫ്‌ലിക്റ്റ് ഓഫ് ഇന്ററസ്റ്റ് ആരോപിക്കാന്‍ ഇടയാക്കുന്ന ഒരു കരാറിന് നില്‍ക്കാതിരിക്കുക, അങ്ങനെ ലഭിക്കുന്ന ലാഭമില്ലാതെയും കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ നോക്കുക എന്ന മാര്‍ഗം നോക്കേണ്ടിയിരുന്ന ബാധ്യത ധാര്‍മ്മികമായെങ്കിലും വീണ വിജയനുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.
മുഖ്യമന്ത്രിയുടെ മകളായാല്‍ കമ്പനി തുടങ്ങാന്‍ പാടില്ലേ, ലിമിറ്റഡ് കമ്പനിയുണ്ടാക്കുന്ന കരാറുകള്‍ക്കെല്ലാം ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വ്യക്തിപരമായ ബാധ്യതയുണ്ടാകുമോ തുടങ്ങിയ തടസ്സവാദങ്ങളൊന്നും തന്നെ സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം എന്ന ജനവിശ്വാസത്തിന്റെ മുമ്പില്‍ വിലപ്പോവില്ല. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ സര്‍വ്വകലാശാലകളും അനുവദിക്കുന്നതിനെതിരെ എസ്എഫ്‌ഐ തെരുവില്‍ അടികൊണ്ടു സമരം ചെയ്യുന്ന ഘട്ടത്തില്‍ മകളെ കൃത്യമായി അമൃത ഡീംഡ് സര്‍വ്വകലാശാലയില്‍ വിട്ടു പഠിപ്പിച്ച ഒരു പിതൃയുക്തി പിന്നീട് എത്രയോ കാലം എത്രയോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഒരൊഴിയാബാധയായി തര്‍ക്കനേരങ്ങളില്‍ എന്നത് ഓര്‍മ്മയുണ്ടാകണം.
എയും ബിയും തമ്മിലുള്ള ഒരു നീക്കുപോക്കിന്റെ ഭാഗമായി എ സിയ്ക്ക് പണം കൊടുക്കുന്ന ഒരു പരിപാടി കോര്‍പ്പേററ്റ് ലോകത്ത് വ്യാപകമാണ്. കരിമണല്‍ കര്‍ത്തയ്ക്ക് സര്‍ക്കാരില്‍ നിന്ന് അവിഹിതമായതെന്തോ നേടാനായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കണ്‍സല്‍ട്ടേഷന്‍ കൊടുത്തു എന്ന വിധമുള്ള ആരോപണമാണ് ഇതില്‍ വരാന്‍ സാധ്യത. അതില്‍ സത്യമുണ്ടോ ഇല്ലയോ എന്നതല്ല. അധികാരകേന്ദ്രങ്ങളോട് അടുത്തുനില്‍ക്കുന്നയാളുകള്‍ ലീഗല്‍ ആയ ട്രാന്‍സാക്ഷനുകളില്‍ പോലും അധികാരത്തോട് ആംസ് ലെങ്ത് പാലിക്കണം എന്നു പറയാറുണ്ട്. ഇക്കാര്യത്തില്‍ വീണയുടെ കമ്പനി ലെജിറ്റിമേറ്റായി വാങ്ങിയ കണ്‍സല്‍ട്ടന്‍സി ഫീയുടെ ബാധ്യത പിതാവിന്റെയും ഭര്‍ത്താവിന്റെ മേല്‍ കറയായി വീഴാതിരിക്കണമെങ്കില്‍ ചില്ലറ പാടുപെട്ടാല്‍ പോര. കൊടുത്ത പണത്തിന് ഉദ്ദേശിച്ച നേട്ടമുണ്ടായില്ല എന്ന കരിമണല്‍ കര്‍ത്തായുടെ മൊഴിയില്‍, അയാള്‍ ബ്രൈബ് ഉദ്ദേശിച്ചാവണം ആ കരാറിലേര്‍പ്പെട്ടത് എന്നും അതു നടത്തിക്കൊടുക്കാന്‍ പിണറായിയോ റിയാസോ തയ്യാറായില്ല എന്നും ഏറെക്കുറെ വായിച്ചെടുക്കാനാവും. ഇതു തിരിച്ചറിയാന്‍ ജനത്തിനാകട്ടെ എന്നുമാത്രമേ പറയാനുള്ളൂ.
രാമന്റെ സീതാപരിത്യാഗവും അഗ്‌നിശുദ്ധീപരീക്ഷണാവശ്യവും മറ്റും കേവലം പുരാണകഥകളല്ല. ഭരണാധികാരികള്‍ ശരിയായതു ചെയ്താല്‍ മാത്രം പോര, ശരിയാണു ചെയ്യുന്നത് എന്നു ജനത്തെ ബോധ്യപ്പെടുത്തുകയും വേണം എന്നതിന്റെ, അതിനായി സ്വയം ത്യാഗമനുഭവിച്ചാല്‍ പോര, ചിലപ്പോള്‍ ഭാര്യയും മക്കളും അടക്കം അടുത്ത കുടുംബബന്ധുക്കള്‍ കൂടി ത്യാഗമനുഭവിക്കേണ്ടി വരും എന്ന സന്ദേശമാണ് മര്യാദാപുരുഷോത്തമന്റെ കഥയിലൂടെ വാത്മീകി പറഞ്ഞുതന്നത്.
.jpg)

