പാതിയില്‍ പൊഴിഞ്ഞുപോയൊരു പൂമൊട്ടായി അക്ഷര, സിവില്‍ സര്‍വീസ് മോഹം പൂര്‍ത്തിയാക്കാതെ കടന്നുപോയ അക്ഷരയെക്കുറിച്ച് പ്രിയപ്പെട്ടവരുടെ കണ്ണീര്‍ക്കുറിപ്പ്
വേര്‍പാടിന്റെ വലിയ വേദന താങ്ങാന്‍ മാതാപിതാക്കള്‍ക്കും, ബന്ധുജനങ്ങള്‍ക്കും സ്‌നേഹിതര്‍ക്കും സാധിക്കട്ടെ.നല്ല ഓര്‍മ്മകള്‍ക്കു വിട... ഈ ലോകത്ത് ഒരു സ്വര്‍ഗമുണ്ടെങ്കില്‍ കുഞ്ഞേ നീ അവിടെ ഒരു തിളങ്ങുന്ന വ്യക്തിത്വമാകും.
കണ്ണൂര്‍: പിലാത്തറ വിളയാംകോട് കുളപ്പുറം റോഡിലുള്ള ശ്രീനിവാസന്റെയും പി കെ അര്‍ച്ചനയുടെയും ഏക മകള്‍ അക്ഷരശ്രീനിവാസന്റെ (22) വിയോഗത്തില്‍ കണ്ണീര്‍ കുറിപ്പുകളുമായി പ്രയപ്പെട്ടവര്‍. ആറുമാസത്തോളം കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന അക്ഷര കഴിഞ്ഞദിവസമാണ് ഏവരേയും കണ്ണീരിലാഴ്ത്തി കടന്നുപോയത്.
tRootC1469263">പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും അങ്ങേയറ്റം മികവുപുലര്‍ത്തിയിരുന്ന അക്ഷര മികച്ച ചിത്രകാരി കൂടിയാണ്. അലിഗഡ് സര്‍വകലാശാലയില്‍ എംഎ വിദ്യാര്‍ത്ഥിയായിരുന്നു. അക്ഷരയെക്കുറിച്ച് വി ശിവദാസന്‍ എംപിയും, പിലാത്തറ ഡോട്ട് കോമിലെ ഷനില്‍ ചെറുതാഴവും എഴുതിയ കുറിപ്പുകള്‍.
വി ശിവദാസന്‍ എംപിയുടെ കുറിപ്പ്,
കൊഴിഞ്ഞുപോയൊരു പൂമൊട്ട്
''ഞാന്‍ മരിച്ചാല്‍ എന്റെ കണ്ണുകളടയ്ക്കരുത്,
എനിക്ക് എന്നെ കാണാന്‍വരുന്നവരെയെല്ലാം കാണണം''.
അക്ഷര തന്റെ അമ്മയോട് പറഞ്ഞതിങ്ങനെയായിരുന്നു.
ഇനിയുമൊരുപാട് കാഴ്ച്ചകള്‍ കാണാന്‍ കൊതിച്ചൊരാള്‍.
അക്ഷര പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനി മാത്രമായിരുന്നില്ല.
മികച്ചചിത്രകാരിയുമായിരുന്നു.
എത്രയെത്രചിത്രങ്ങളാണ് അവള്‍ വരച്ചത്.
വരച്ചതിനേക്കാളേറെ ഇനിയും വരക്കേണ്ടൊരാള്‍...
ശിവരാമേട്ടന്റെ മകള്‍ ഐവി പ്രസീതകാരണമാണ്
അക്ഷരയുടെ വിളി എന്നിലേക്കെത്തുന്നത്.
'ഞാന്‍ അക്ഷരയാണ്,
അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ കിട്ടി'
2023 സപ്തംബറിലായിരുന്നു അക്ഷരയത് പറഞ്ഞത്.
പിന്നീട് ഇടവേളകളില്‍ വിളിക്കുന്നയാളായി മാറി...
അക്ഷര അലിഗഢ്‌ലെ ഹോസ്റ്റലില്‍ താമസം തുടങ്ങുന്നു.
പഠനത്തില്‍ മുഴുകുന്നു,
എംഎ ഇക്കണോമിക്‌സ് കാരിയായി.
പഠനത്തിന്റെ തുടര്‍ച്ചക്ക് രോഗം തടസമായിവന്നു.
ഒരുപാട് സ്വപ്നങ്ങളുമായി സര്‍വ്വകലാശാലയിലെത്തിയെങ്കിലും
അസുഖം കാരണം വീട്ടിലേക്കെത്തുന്നു.
ആദ്യം അക്കാഡമിക്ക് വിവരങ്ങളാണ് അയച്ചുതന്നതെങ്കില്‍
പിന്നീടത് ഡോക്ടറെ കാണിക്കാനുള്ള ചികിത്സാപേപ്പറുകളായി മാറുകയായിരുന്നു.
പിന്നീട് എംവിആര്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയിലേക്ക്.
ഒടുവില്‍... വരച്ച് പൂര്‍ത്തിയാകാത്ത ചിത്രമായി...
മിനിഞ്ഞാന്ന് ആ പൂമൊട്ട് കൊഴിഞ്ഞുപോയി.
ഇന്ന് രാവിലെ അക്ഷരയുടെ വീട്ടില്‍ പോയി.
അവളുടെ അച്ചന്‍ അവള്‍ പഠിക്കാനിരിക്കുന്ന കുഞ്ഞുമുറിയിലെ
പുസ്തകങ്ങളും അവിടെയൊരുക്കിയ ചിത്രങ്ങളും കാണിച്ചുതരികയുണ്ടായി.
കാന്‍സര്‍ വാര്‍ഡിലിരുന്നും അവള്‍ ചിത്രം വരക്കാന്‍ ശ്രമിച്ചു.
പക്ഷേ കൈകള്‍ മനസിന് വഴങ്ങാതെപോയി.
അവള്‍ വരച്ചതും വരക്കാനാകാതെ പോയവയുമായ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു.
''നിങ്ങളുടെ ചിത്രം വരയ്ക്കാന്‍ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് .......''
അച്ഛനും അമ്മയും ഒന്നായാണത് പറഞ്ഞത്.
ബന്ധങ്ങളുടെ അനിര്‍വചനീയതക്ക് ഇതിലപ്പുറമെന്തുണ്ട് പറയാന്‍.

ഷനില്‍ ചെറുതാഴത്തിന്റെ കുറിപ്പ്,
ചില മരണക്കുറിപ്പുകള്‍ എഴുതുമ്പോള്‍ വാക്കുകള്‍ മാത്രം ലഭികില്ല. ഓരോ അക്ഷരങ്ങള്‍ എഴുതുമ്പോഴും നെഞ്ചിനകത്ത് വേദനയാണ്. പ്രിയ അനിയത്തികുട്ടി അക്ഷരയുടെ ചെറു ഓര്‍മ്മകള്‍ പങ്കുവെക്കാം.
*അക്ഷരത്തെ സ്നേഹിച്ച അക്ഷര മോള്‍. ജനസേവനം ആഗ്രഹിച്ച പെണ്‍കുട്ടി!
എന്നും പഠനവും, പാഠ്യേതര പ്രവര്‍ത്തികള്‍ക്കും മുന്‍ഗണന നല്‍കിയ നാട്ടുകാരുടെ പ്രിയങ്കരി ഉണ്ണിമോള്‍ എന്ന് വിളിക്കുന്ന അക്ഷര വിടപറഞ്ഞത് നാടിന് തന്നെ നടുക്കമുള്ളതായി മാറി.
അക്ഷര മോളുടെ സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. അവളുടെ സ്വപ്നങ്ങളുടെ കൂടെ സുഹൃത്തുക്കളും വായനശാല പ്രവര്‍ത്തകരും മറ്റ് നിരവധി സംഘടനകളും അംഗീകാരങ്ങളുമായി നിരന്തരം അവളെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു, ചെറുതാഴം ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാഭ്യാസ കാലഘടത്തില്‍ തന്നെ തന്റെ സ്വപ്നങ്ങള്‍ക്ക് പിറകിലുള്ള യാത്ര തന്നെയായിരുന്നു അക്ഷര.
പഠനത്തോടൊപ്പം എഴുത്തും, ക്രാഫ്റ്റും, കേക്ക് നിര്‍മ്മാണവും ഒക്കെ അവളുടെ പ്രിയപ്പെട്ട വിനോദങ്ങള്‍ ആയിരുന്നു. അമ്മയുടെ കേക്ക് നിര്‍മ്മാണ സംരംഭത്തില്‍ പ്രധാന ഡിസൈനറായും പ്രവര്‍ത്തിക്കാന്‍ പഠനതിനിടയിലും സമയം കണ്ടെത്താന്‍ അവള്‍ മടിച്ചില്ല.
പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് തെരഞ്ഞെടുത്ത അക്ഷര പ്ലസ്ടു പഠനത്തിനുശേഷം കണ്ണൂര്‍ കൃഷ്ണ മേനോന്‍ കോളേജില്‍ ബി എ മാത്തമാറ്റിക്കല്‍ എക്കണോമിക്‌സ് രണ്ടാം റാങ്ക് നേടിയാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. പിജി പഠനത്തിനായി ഉത്തര്‍പ്രദേശില്‍ ഉള്ള അലിഗഡ് സര്‍വകലാശാല തിരഞ്ഞെടുത്തു. ഓള്‍ ഇന്ത്യ ലെവലില്‍ എന്‍ട്രന്‍സ് എക്‌സാമില്‍ തിളക്കമാര്‍ന്ന രണ്ടാം റാങ്ക്മായാണ് എം എ എക്കണോമിക്‌സിന് അലിഗഡ് യൂണിവേഴ്‌സിറ്റി പ്രവേശനം നേടുന്നത് .
എം എ ആദ്യ സെമസ്റ്റര്‍ പഠനം നടക്കുന്നതിനിടയിലാണ് തന്റെ സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്ക് തടയിട്ടു കൊണ്ട് അവളില്‍ കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ നാളുകളായിരുന്നു. അപ്പോഴും വലിയ അത്മവിശ്വത്തിലായിരുന്നു അക്ഷര. 'ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരും... നാടിനും വീടിനും വിളക്കായി ഞാന്‍ ഉണ്ടാവും'.... ഒരു വര്‍ഷത്തോളമായി മംഗലാപുരം ഹോസ്പിറ്റലില്‍ ആരംഭിച്ച ചികിത്സ കഴിഞ്ഞ ആറുമാസക്കാലമായി കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററില്‍ 2024 ജൂലായ് 7 ഞായറാഴ്ച വൈകുന്നേരം 6 മണി വരെ തുടര്‍ന്നു.
പലപ്പോഴും ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് 'അക്ഷരയോട് കള്ളം പറയാന്‍ സാധിക്കില്ല അവള്‍ക്ക് ഏത് വിഷയവും നന്നായി അറിയാം'. മെഡിക്കല്‍ രംഗത്തെ പരിമിതിയെകുറിച്ചു അപ്പോഴും ഡോക്ടര്‍മാരോട് അവള്‍ ചര്‍ച്ചചെയ്ത് കൊണ്ടിരുന്നു.
മെഡിക്കല്‍ സയന്‍സിന് ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും പാലിയേറ്റീവ് രീതികള്‍ മാത്രമാണ് എന്ന് പറഞ്ഞപ്പോഴും അവളുടെ അഗ്രഹത്തോട് ചേര്‍ന്നുകൊണ്ട് മാതാപിതാക്കളും അവളുടെ കരുതലായി നിന്നു. ആ മാതാപിതാക്കളുടെ മകളായി ജനിച്ചത് അക്ഷരയ്ക്ക് ജീവിതനിയോഗമാണ്. ഇത്രയും വിനയാന്വിതരായ മാതാപിതാക്കള്‍ക്ക് അവളെപോലൊരു പൊന്നു മോളേഅല്ലേ ലഭിക്കുകയുള്ളൂ. അവര്‍ അവളുടെ പഠനത്തിലും പുരോഗതിയിലും ജീവിതത്തിലും പ്രയോജനകരമാകുന്ന സാധ്യമായതെല്ലാം ചെയ്തു.

പിലാത്തറ ഡോട്ട് കോം സുഹൃത്ത് പത്രപ്രവര്‍ത്തക അഭിരാമി കോഴിക്കോട് അവസാനകാലത്ത് അക്ഷരയുടെയും അമ്മയുടെയും കൂട്ടുകാരിയായി മാറി. അഭിരാമിയുടെ അമ്മ മെഡിക്കല്‍ സയന്‍സ് പോലും കൈവിട്ട ക്യാന്‍സര്‍ സ്റ്റേജില്‍ നിന്ന് തിരിച്ചു വന്ന കരുത്തുറ്റസ്ത്രീയായിരുന്നു. അഭിരാമി സ്വന്തം അമ്മയെ അക്ഷരയൂടെ മുന്നില്‍ പരിചയപ്പെടുത്തി അവളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ നിരന്തരം ശ്രമിച്ചു. ക്യാന്‍സര്‍ രോഗവും പരിഹാരവും അഭി കൂടുതല്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. വൈറ്റമിന്‍ സി ട്രീറ്റ്‌മെന്റ് , സീറോ വാട്ടര്‍ തുടങ്ങിയ വിവിധ വശങ്ങള്‍ ഇനിയും വേണ്ട രീതിയില്‍ കേരളം ചര്‍ച്ച ചെയ്തില്ല എന്ന് പരിഭവവും അവള്‍ക്കുണ്ട്. ( അഭി എന്നും പറഞ്ഞുകൊണ്ടിരുന്നു കുറച്ചുകാലം മുമ്പ് ഉണ്ണിമോളെ പരിചയപ്പെടണമായിരുന്നു).
പതിനായിരകണക്കിന് പഠിതകളുടെ നടക്കാത്ത സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ പോലെയല്ല ഉണ്ണിമോളുടെ ജീവിതം. അക്ഷര പലര്‍ക്കും വഴികാട്ടിയാണ്. ജീവിതലക്ഷ്യം ഉള്ള വിദ്യാര്‍ഥികള്‍ക്ക് അവളുടെ കഥ നല്‍ക്കുന്ന ഊര്‍ജ്ജം ചെറുതാകില്ല.
അകല്‍ച്ചയിലുള്ള കുടുംബം ഒരുമിക്കാനും, ഒട്ടും പ്രതീക്ഷിക്കാത്ത അപരിചിതരുടെ സഹായം / സ്വാന്തനം ലഭിക്കുന്നതുമൊക്കെ ചികിത്സ കാലഘട്ടത്തിലാണ്. ഇത്തരം പ്രതിസന്ധി എവിടെയുണ്ടായാലും മനസ്സുകൊണ്ടെങ്കിലും ഒരുമിച്ച് നില്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.
വേര്‍പാടിന്റെ വലിയ വേദന താങ്ങാന്‍ മാതാപിതാക്കള്‍ക്കും, ബന്ധുജനങ്ങള്‍ക്കും സ്‌നേഹിതര്‍ക്കും സാധിക്കട്ടെ.
നല്ല ഓര്‍മ്മകള്‍ക്കു വിട... ഈ ലോകത്ത് ഒരു സ്വര്‍ഗമുണ്ടെങ്കില്‍ കുഞ്ഞേ നീ അവിടെ ഒരു തിളങ്ങുന്ന വ്യക്തിത്വമാകും.
.jpg)

