ഇനി ക്ഷേമ പെന്‍ഷനുകള്‍ക്ക് മുഖ്യ പരിഗണന, അതിനുശേഷം മതി മറ്റുള്ളവ, തോമസ് ഐസക്

Thomas Isaac

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തേണ്ടവ ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കിയശേഷം മാത്രം മറ്റുള്ളവ ഏറ്റെടുത്താല്‍ മതിയെന്നാണ് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
 
ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ച 33.5 ശതമാനം വോട്ട് കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍ ഏറ്റവും താഴ്ന്നതാണ്. എല്‍ഡിഎഫിനു കിട്ടുന്ന വോട്ടില്‍ ഒരുഭാഗം ഫ്‌ലോട്ടിംഗ് വോട്ടാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ അത്തരം വോട്ടുകള്‍ യുഡിഎഫിലേക്ക് മാറുന്നു. എന്നാല്‍ ഇത്തവണ വോട്ടില്‍ ഉണ്ടായിരിക്കുന്ന കുറവ് ഇതുകൊണ്ട് മാത്രം വിശദീകരിക്കാനാവില്ല. സിപിഐ(എം)ന്റെ അടിസ്ഥാന വോട്ടില്‍നിന്നും ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇതാണ് ഗൗരവമായ പ്രശ്‌നം.

സിപിഐ(എം)ന്റെ അടിത്തറ എന്താണ്? കര്‍ഷകത്തൊഴിലാളികള്‍, മറ്റു കൂലിവേലക്കാര്‍, ചെറുകിട ഉല്പാദകര്‍, പാവപ്പെട്ട കൃഷിക്കാര്‍, സംഘടിത മേഖലയിലെ തൊഴിലാളികളിലും ജീവനക്കാരിലും ഗണ്യമായ ഒരു വിഭാഗം. എല്‍ഡിഎഫിന് ലഭിക്കുന്ന വോട്ടിന്റെ 70 ശതമാനത്തിലേറെ ഏറ്റവും പാവപ്പെട്ട 50 ശതമാനത്തില്‍ നിന്ന് ലഭിക്കുന്നതാണ്. ഇവരുടെ വോട്ടില്‍ ചോര്‍ച്ചയുണ്ടായി. എന്താണ് ഇവരുടെ അതൃപ്തിക്കു കാരണം?

Thomas Isaac facebook post

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്യാദൃശ്യമായ രീതിയിലാണ് മേല്‍പ്പറഞ്ഞവരുടെ ക്ഷേമാനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് വരുത്തിയത്. ക്ഷേമ പെന്‍ഷനുകള്‍ 500 രൂപയില്‍ നിന്ന് 1600 രൂപയായും ഗുണഭോക്താക്കളുടെ എണ്ണം 32 ലക്ഷത്തില്‍ നിന്ന് 62 ലക്ഷമായും ഉയര്‍ത്തി. കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം 75 ലക്ഷമാണ്. ഇവരില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന് അവകാശമുണ്ട്. എന്നുവച്ചാല്‍ ഇവരില്‍ പകുതിയോളം കുടുംബങ്ങളിലെ രണ്ട് പേര്‍ക്ക് വീതം ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നുണ്ട്.

സര്‍ക്കാരില്‍ നിന്ന് നല്‍കുന്ന പണം ഈ കുടുംബങ്ങളുടെ വരുമാനത്തിന്റെ 40-50 ശതമാനം വരും. ഇത് ഇത്രയും ക്ഷേമ പെന്‍ഷനുകളുടെ കാര്യം. ഇതുപോലെ സ്‌കീം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുടങ്ങി ഗണ്യമായ വര്‍ദ്ധനവ് വരുത്തിയ ആനുകൂല്യങ്ങളുംകൂടി പരിഗണിക്കുമ്പോള്‍ പാവപ്പെട്ടവരുടെ കുടുംബവരുമാനത്തില്‍ ഗണനീയമായൊരു ഭാഗം സര്‍ക്കാര്‍ ട്രാന്‍സ്ഫറുകളാണ്.

ഇവ തങ്ങളുടെ അവകാശമാണെന്നും കൃത്യമായി ലഭിക്കേണ്ടതാണെന്നുമുള്ള ബോധം പാവപ്പെട്ടവരില്‍ സൃഷ്ടിച്ചത് ഇടതുപക്ഷത്തിന്റെ അഭിമാനകരമായ നേട്ടമാണ്. യുഡിഎഫിന് ഇക്കാര്യത്തില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല. 1600 രൂപ പെന്‍ഷനില്‍ അവരുടെ സംഭാവന കേവലം 100 രൂപ മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിമൂലം ക്ഷേമപെന്‍ഷന്‍, മറ്റു പലവിധ ആനുകൂല്യങ്ങളും ജീവനക്കാരുടെ ഡിഎയും കുടിശികയായപ്പോള്‍ അത് വലിയ അസംതൃപ്തി സൃഷ്ടിച്ചു. കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യം തുടങ്ങിയ പരമ്പരാഗത മേഖലകളിലെ രൂക്ഷമായ പ്രതിസന്ധിയും ഇതിനു കാരണമായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രചാരണ കഥാപാത്രം ചട്ടിയുമായി പ്രതിഷേധിച്ച മറിയച്ചേടത്തി ആയിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണ സൃഷ്ടിയായിരുന്നു അവര്‍. പക്ഷേ, ബിജെപി അവരെ ഏറ്റെടുത്തു. മോദിയോടൊപ്പം തൃശ്ശൂര്‍ പ്രചാരണ റാലിയില്‍ വേദിയില്‍ സ്ഥാനം പിടിച്ചു. ഇതൊന്നു മാത്രം ഓര്‍ത്താല്‍ മതി സാമ്പത്തിക പ്രതിസന്ധിമൂലം പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ കുടിശിക ആയത് എത്ര പ്രാധാന്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ ഉപയോഗിക്കപ്പെട്ടതെന്നു മനസിലാക്കാന്‍.

Thomas Isaac

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധംമൂലം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനില കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസ്ഥയുടെ നേര്‍വിപരീതമാണ്. ഈയൊരു സാഹചര്യത്തില്‍ കഴിഞ്ഞ കാലത്തേതു പോലെ തന്നെ വിവിധ വികസന മേഖലകളില്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ കുടിശികയാകും. എല്ലാറ്റിനുമുള്ള പണം ഇല്ല. അപ്പോള്‍ പാവപ്പെട്ടവര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളും മറ്റും നല്‍കുന്നതിനാണ് പ്രഥമ മുന്‍ഗണന നല്‍കേണ്ടത്. അതുകഴിഞ്ഞുള്ള തുക കൊണ്ടുവേണം മറ്റു വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍. ഇത്തരമൊരു തിരുത്തല്‍ സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ കൊണ്ടുവരേണ്ടിവരും.