ജയരാജനെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചന, പിന്നില്‍ ഡിസിയും 24 ചാനലുമെന്ന് സംശയം, വ്യാജ ആത്മകഥ കൃത്യം 6.45ന് ചാനലിലെത്തി


വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഇടതുപക്ഷത്തിന് ക്ഷീണമാകുന്ന രീതിയില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ നേരത്തെതന്നെ വ്യാജ ആത്മകഥ 24 ന്യൂസ് ചാനലിലെത്തിയിരുന്നു എന്നാണ് സൂചന.
കണ്ണൂര്‍: സിപിഎം നേതാവ് ഇപി ജയരാജനെ പ്രതിരോധത്തിലാക്കി നിയമസഭാ ഉപതെരഞ്ഞെടുപ്പുദിവസം പുറത്തുവന്ന വ്യാജ ആത്മകഥാ വിവാദം കൃത്യമായി ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഇടതുപക്ഷത്തിന് ക്ഷീണമാകുന്ന രീതിയില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാന്‍ നേരത്തെതന്നെ വ്യാജ ആത്മകഥ 24 ന്യൂസ് ചാനലിലെത്തിയിരുന്നു എന്നാണ് സൂചന. 7 മണിക്കുള്ള വോട്ടെടുപ്പിന് മുന്‍പ് 6.45 നാണ് ചാനല്‍ ആത്മകഥയെന്ന പേരില്‍ ന്യൂസ് ബ്രേക്ക് ചെയ്തത്.
വാര്‍ത്ത മറ്റു ചാനലുകളും ജയരാജന്റെ തെരഞ്ഞെടുപ്പ് ബോംബ് എന്ന രീതിയില്‍ സംപ്രേക്ഷണം ചെയ്തു. ഇതിന് പിന്നാലെ ആത്മകഥ തന്റേതല്ലെന്നും ഡിസി ബുക്‌സിന് പ്രസാധക കരാര്‍ നല്‍കിയിട്ടില്ലെന്നും ജയരാജന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും മാധ്യമങ്ങള്‍ നിര്‍ത്തിയില്ല. ജയരാജന്റെ ആത്മകഥ തന്നെയാണ് ഇതെന്നും അദ്ദേഹത്തിന്റെ വാദങ്ങള്‍ പൊളിയുന്നു, മലക്കംമറിയുന്നു എന്ന തരത്തില്‍ വാര്‍ത്തയില്‍ ഉറച്ചുനിന്നത് 24 ചാനലാണ്.
ഡിസി ബുക്‌സ് ജയരാജന്റെ ആത്മകഥയാണിതെന്ന് സ്ഥിരീകരിച്ചതായും ചാനലില്‍ വാര്‍ത്തയെത്തി. എന്നാല്‍, കരാര്‍ പുറത്തുവിടനോ മറ്റു വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനോ സംഭവത്തിന് രണ്ടു ദിവസം കഴിഞ്ഞിട്ടും ഡിസിക്ക് സാധിച്ചില്ല. ഇതോടെ ഡിസി ബുക്‌സിലൂടെയാണ് ചാനലിന് പിഡിഎഫ് ലഭിച്ചതെന്നാണ് കരുതുന്നത്.

ജയരാജന്റെ ചില കുറിപ്പുകളും അതിനോടൊപ്പം ചില വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തുമെല്ലാണ് വ്യാജ ആത്മകഥ നിര്‍മിച്ചതെന്നാണ് വിവരം. പാലക്കാട് പി സരിനെതിരെ ജയരാജന്റെ പറഞ്ഞെന്ന നിലയില്‍ വാക്കുകളുണ്ടാകണമെന്ന് പുറത്തുവിട്ടവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. ട്രോളിന് സമാനമായ പുസ്തകത്തിന്റെ തലക്കെട്ടും ഒരു ആത്മകഥയ്ക്ക് ചേരാത്തവിധത്തിലുള്ള ആനുകാലിക സംഭവങ്ങളുമാണ് പുറത്തുവന്നവയില്‍ ഏറെയും.
പാലക്കാടും ചേലക്കരയിലുമെല്ലാം എല്‍ഡിഎഫ് ജയിക്കരുതെന്ന് നിര്‍ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസവും ഇതേ രീതിയില്‍ ജയരാജനെതിരെ ആരോപണം കത്തിപ്പടര്‍ന്നു.
ആത്മകഥയുടെ ഭാഗങ്ങളെന്ന രീതിയില്‍ പ്രചരിക്കുന്നതൊന്നും ഞാന്‍ എഴുതിയതല്ലെന്ന് ജയരാജനും പറയുന്നു. ആത്മകഥ പൂര്‍ത്തിയായിട്ടില്ല. വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ എത്രയുംവേഗം പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കും. സ്വയമാണ് എഴുതുന്നത്. കൂലിക്ക് എഴുതിക്കാറില്ല. ആമുഖമോ മുഖവുരയോ ഒന്നുമില്ലാതെയാണോ പുസ്തകം പ്രസിദ്ധീകരിക്കുക. സ്വയം പരിഹസിക്കുന്ന പേര് പുസ്തകത്തിന് ഇടുമോ. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്ക്സിനെ ഏല്‍പ്പിച്ചിട്ടില്ല. അവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഡിജിപിക്ക് പരാതി നല്‍കിയെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.