തളിപ്പറമ്പിൽ പോരാട്ടം ശക്തമാക്കി അബ്ദുൽ റഷീദ് : വിജയമുറപ്പിച്ച് എം.വി ഗോവിന്ദൻ

കണ്ണൂർ: തളിപറമ്പ് മണ്ഡലത്തിൽ യു.ഡി.എഫിനായി യുവ സ്ഥാനാർത്ഥി അബ്ദുൾ റഷീദ് നടത്തുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. ആന്തൂർ നഗരസഭയുൾപ്പെടെ സി.പി.എമ്മിന് സമഗ്രാധിപത്യമുള്ള സ്ഥലങ്ങൾ ഒട്ടേറെയുണ്ടെങ്കിലും സ്ഥാനാർത്ഥിയുടെ മികവാണ് യു.ഡി.എഫിന് പ്രതീക്ഷയേകുന്നത്.
തളിപറമ്പിൽ അട്ടിമറി വിജയം യു ഡി.എഫ് അവകാശപ്പെടുന്നില്ലെങ്കിലും മികച്ച പോരാട്ടത്തിലൂടെ വോട്ടിങ് ഷെയർ വർധിപ്പിക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. എന്നാൽ സി.പി.എം തങ്ങളുടെ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എം.വി ഗോവിന്ദനെ കളത്തിലിറക്കിയത് കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വർധിപ്പിക്കാനാണെന്നാണ് പറയുന്നത്.
മണ്ഡലത്തിലെ പുതുതലമുറയ്‌ക്കും സുപരിചിതനാണ് എൽഡിഎഫ് സ്ഥാനാർഥി എം വി ഗോവിന്ദൻ. രണ്ടുതവണ എംഎൽഎയായതിന്റെ അനുഭവസമ്പത്തുമുണ്ട്. പേരെടുത്ത് വിളിക്കാൻ മാത്രം നേരിട്ട് പരിചയമുള്ളവരാണ് വോട്ടർമാരിലേറെയും. മാഷ് പ്രസംഗിക്കാത്ത ഒരിടവും മണ്ഡലത്തിലുണ്ടാവില്ല. സ്വദേശമായ മോറാഴ പോലെ ഓരോ പ്രദേശവും മാഷിന് സ്വന്തം നാടാണ്. പൊതുപര്യടനത്തിനുമുന്നേ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെയും സ്ഥാപനങ്ങളിലെയും വോട്ടർമാരെ നേരിൽ കാണാനായി എം.വി ഗോവിന്ദന് കഴിഞ്ഞിട്ടുണ്ടെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു.

എന്നാൽ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി പബ്ലിസിറ്റി കമ്മിറ്റി അംഗവുമായ വി പി അബ്ദുൾറഷീദ് പുതു തലമുറയിലെ വോട്ടുകൾ സമാഹരിക്കുമോയെന്ന ആശങ്ക എൽ.ഡി.എഫ് ക്യാംപിൽ ശക്തമാണ്. യുഡിഎഫ് സ്ഥാനാർഥി ചെറുപുഴ സ്വദേശിയായ അബ്ദുൾ റഷീദിന്റെ കന്നി അങ്കമാണിത്.

കഴിഞ്ഞ തവണ ഇരിക്കൂറിൽ മത്സരിച്ച് തോറ്റ എ പി ഗംഗാധരനാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി സംസ്ഥാന സമിതി അംഗമാണ്. തളിപ്പറമ്പ് തൃച്ചംബരമാണ് സ്വദേശം.

വികസനത്തുടർച്ചയ്‌ക്ക് എൽഡിഎഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും കഴിഞ്ഞ അഞ്ചു വർഷം 1600 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ നടന്നതും എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ഗോവിന്ദൻ ജനങ്ങളോട് പറയുന്നു. റോഡുകൾക്കുമാത്രം 800 കോടി രൂപ ചെലവഴിച്ചു. ഒട്ടേറെ മാതൃകാ പദ്ധതികളിലൂടെ കേരളത്തിന്റെ പ്രശംസ നേടിയ മണ്ഡലം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തട്ടകമാണ്. 1952 മുതൽ ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ടു. ഒരിക്കൽമാത്രമാണ് കോൺഗ്രസ് ജയിച്ചത്.
മണ്ഡലം പരിധിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ആന്തൂർ നഗരസഭയും കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പരിയാരം പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ് യുഡിഎഫിന്റെ നിയന്ത്രണത്തിലുള്ളത്.
The post തളിപ്പറമ്പിൽ പോരാട്ടം ശക്തമാക്കി അബ്ദുൽ റഷീദ് : വിജയമുറപ്പിച്ച് എം.വി ഗോവിന്ദൻ first appeared on Keralaonlinenews.