രോഹിത് ശര്‍മയുടെ മുന്‍കാല പ്രകടനം വിലയിരുത്തിയാല്‍ ടി20 ലോകകപ്പ് ഫൈനലിലും അത് സംഭവിച്ചേക്കും

Rohit Sharma

ന്യൂഡല്‍ഹി: ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. മറ്റൊരു കളിക്കാരനുമില്ലാത്ത റെക്കോര്‍ഡ് നേട്ടങ്ങള്‍ രോഹിത്തിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും രോഹിത്തിനെ മാറ്റിനിര്‍ത്തുക എളുപ്പമല്ല. ഇന്ത്യന്‍ ക്യാപ്റ്റനായശേഷവും രോഹിത്തിന്റെ പ്രകടനങ്ങള്‍ക്ക് താഴേക്ക് പോയിട്ടില്ല. എന്നാല്‍, ഐസിസി ടൂര്‍ണമെന്റിലെ കിരീടം എന്നത് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തില്‍ നിന്നും അകന്നുനില്‍ക്കുകയാണ്.

ഇത്തവണ ടി20 ലോകകപ്പില്‍ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി ടൂര്‍ണമെന്റിലുടനീളം നിറംമങ്ങിയിട്ടും രോഹിത് മികവുകാട്ടി. സെമി ഫൈനലില്‍ ഉള്‍പ്പെടെ ഒടുവിലത്തെ രണ്ട് കളികളിലും രോഹിത്തിന്റെ ബാറ്റിങ് പ്രകടനം എടുത്തുപറയേണ്ടതാണ്. ഫൈനലിലും ക്യാപ്റ്റന്‍ മികവ് ആവര്‍ത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങവെ രോഹിത്തിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാകില്ല. ഏറ്റവും മികച്ച പേസ് സംഘമുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയെ മെരുക്കുകയാകും ഇന്ത്യ നേരിട്ടേക്കാവുന്ന വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ ഓപ്പണിങ് ബാറ്റര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. കോഹ്ലി ഫോമിലല്ലാത്തതുകൊണ്ടുതന്നെ രോഹിത്തിനാകും സമ്മര്‍ദ്ദമെല്ലാം.

രോഹിത്ത് വമ്പന്‍ ഹിറ്റുകള്‍ക്ക് പ്രാപ്തിയുള്ള, എതിരാളികളെ കടന്നാക്രമിക്കുന്ന താരമാണെങ്കിലും വിശ്വസ്തന്‍ എന്ന പേര് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഒന്നോ രണ്ടോ കളികളില്‍ തിളങ്ങിയാല്‍ തൊട്ടടുത്ത മത്സരത്തില്‍ അല്ലെങ്കില്‍ പിന്നീടുള്ള ചില കളികളില്‍ രണ്ടക്കംപോലും നേടാന്‍ ബുദ്ധിമുട്ടും. പിച്ചിനും എതിരാളികള്‍ക്കും അനുസരിച്ച് ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തുന്ന കളിക്കാരനല്ല രോഹിത് എന്നത് ഫൈനലില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുണ്ട്.

25 റണ്‍സിലധികം സ്ഥിരമായി നേടുകയെന്നത് രോഹിത് ശര്‍മയുടെ ശൈലി അല്ലെങ്കിലും ഫൈനലില്‍ താരത്തിന്റെ അതിരുകടന്ന കടന്നാക്രമണം വിക്കറ്റ് നഷ്ടത്തിനിടയാക്കുകയും അത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമാവുകയും ചെയ്താല്‍ ക്യാപ്റ്റന്‍ വിമര്‍ശിക്കപ്പെടും. പ്രത്യേകിച്ചും വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള ചില കളിക്കാര്‍ ഫോം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ രോഹിത് ഉത്തരവാദിത്വം കാട്ടണമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ കാഗിസോ റബാഡയും ആന്റ്‌റിച്ച് നോര്‍ക്കിയയുമാകും രോഹിത്തിന്റെ പ്രധാന വെല്ലുവിളികള്‍. മുന്‍കാല റെക്കോര്‍ഡുകള്‍ മറന്ന് രോഹിത് നിലയുറപ്പിച്ച് കളിച്ചാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി മാറും. അതേസമയം, ഫൈനലില്‍ കോഹ്ലിയും ഋഷഭ് പന്തും ശിവം ദുബെയുമെല്ലാം ഫോമിലേക്ക് ഉയരുമെന്നും ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

 

Tags