കോ ലീ ബി സഖ്യം യാഥാര്‍ഥ്യമോ? 5 മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചേക്കും, സുരേഷ് ഗോപിയുടെ അഭ്യര്‍ഥന വിരല്‍ ചൂണ്ടുന്നത്…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവെ സംസ്ഥാനത്ത് കോ ലീ ബി സഖ്യമെന്ന ചര്‍ച്ച സജീവമാകുന്നു. കഴിഞ്ഞദിവസം നടനും എംപിയുമായ സുരേഷ് ഗോപിയുടെ യുഡിഎഫിനായുള്ള വോട്ടഭ്യര്‍ഥനയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
സോഷ്യല്‍ മീഡിയയിലെങ്ങും ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗുമായുള്ള കൂട്ടുകെട്ടുകളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. ബിജെപി സ്ഥാനാര്‍ഥിയില്ലാത്ത ഗുരുവായൂരും തലശ്ശേരിയിലും യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് സുരേഷ് ഗോപി ബിജെപി അണികളോട് ആഹ്വാനം ചെയ്തത്.
ഈ മണ്ഡലങ്ങളില്‍ മാത്രമല്ല, ഏതാണ്ട് 30 ഓളം മണ്ഡലങ്ങളില്‍ വോട്ടുമറിക്കാന്‍ കോ ലീ ബി ധാരണയുണ്ടെന്നാണ് ഇപ്പോഴുയര്‍ന്നിരിക്കുന്ന ആരോപണം. ഇടതുപക്ഷം ജയിക്കുമെന്ന് ഉറപ്പിക്കുന്ന അഞ്ചു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയാണെങ്കില്‍ മറ്റു മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് ആരോപണം.
സംസ്ഥാനത്ത് ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്ന സര്‍വേ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വോട്ടുമറിക്കല്‍ ആരോപണ പ്രത്യാരോപണം കൊടുമ്പിരിക്കൊള്ളുകയാണ്. ഇതിനിടയില്‍ ബിജെപി വോട്ടുകള്‍ സ്വീകരിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശവും ഇടതുപക്ഷം ആയുധമാക്കുന്നു.

ഗുരുവായൂരിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ പൗരത്വ നിയമത്തിന് അനുകൂലമായി സംസാരിച്ചത് വിവാദമായിട്ടുണ്ട്. ഇത് ബിജെപി വോട്ടുകള്‍ക്കു വേണ്ടിയുള്ളതാണെന്നും കൂട്ടുകെട്ട് പരസ്യമാക്കുന്നതാണ് ഖാദറിന്റെ പരാമര്‍ശമെന്നും എല്‍ഡിഎഫ് പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടോ മൂന്നോ ശതമാനം വോട്ടുകളാകും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക. ഈ വോട്ടുകള്‍ക്കായുള്ള നെട്ടോട്ടമാണ് മുന്നണികളുടേത്. മിക്ക മണ്ഡലങ്ങളിലും അടിയൊഴുക്കുണ്ടാകും. ഈ അടിയൊഴുക്കുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുകയും ചെയ്യും.
കെ ബാബു ഉള്‍പ്പെടെയുള്ള യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ബാബു മത്സരിക്കുന്ന തൃപ്പൂണിത്തുറയില്‍ മാത്രമല്ല മുസ്ലീം ലീഗിന്റെ കളമശ്ശേരിയിലും ബിജെപി വോട്ടുകള്‍ മറിഞ്ഞേക്കുമെന്നാണ് സൂചന.
അഞ്ചു സീറ്റുകളാണ് ബിജെപി ഇത്തവണ ലക്ഷ്യമാക്കുന്നത്. അതിനായി ആരുമായും കൂട്ടുകൂടാന്‍ ഒരുക്കമാണ്. അത് മുസ്ലീം ലീഗ് ആയാലും വിരോധമില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. അഞ്ചു സീറ്റുകള്‍ക്ക് പകരം മറ്റു സീറ്റുകളില്‍ സഹായിക്കുമെന്നും അവര്‍ ഉറപ്പു നല്‍കുന്നു.
നേമം, മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, മലമ്പുഴ മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നത്. പത്തോളം മറ്റു മണ്ഡലങ്ങളില്‍ വോട്ട് നില വര്‍ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്താമെന്നും പാര്‍ട്ടി കണക്കു കൂട്ടുന്നുണ്ട്.
മുന്നണിക്ക് പുറത്ത് മറ്റൊരു പാര്‍ട്ടിയുടെ സഹായമില്ലാതെ കേരളത്തിലെ ഒരു മണ്ഡലത്തിലും ബിജെപിക്ക് ജയിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യം. ചിലയിടങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയേക്കാള്‍ ഇതര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു തേടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അതിനിടെ, സുരേഷ് ഗോപിയുടെ കഴിഞ്ഞദിവസത്തെ പരാമര്‍ശം യുഡിഎഫിനെ വെട്ടിലാക്കിയിട്ടുണ്ട്. ബിജെപിയുമായുള്ള കൂട്ടുകെട്ടാണിതെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണം പ്രതിരോധിക്കുക ഇനി എളുപ്പമാകില്ല. ഏതൊക്കെ മണ്ഡലങ്ങളില്‍ ആരൊക്കെ വോട്ടുമറിച്ചെന്നും കാലുവാരിയെന്നുമൊക്കെയുള്ളത് മെയ് 2ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വ്യക്തമാകും.
The post കോ ലീ ബി സഖ്യം യാഥാര്‍ഥ്യമോ? 5 മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചേക്കും, സുരേഷ് ഗോപിയുടെ അഭ്യര്‍ഥന വിരല്‍ ചൂണ്ടുന്നത്… first appeared on Keralaonlinenews.