കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന് ഇനി സര്‍ക്കാര്‍ ശമ്പളവും ക്യാബിനറ്റ് റാങ്കും, ഗവണ്‍മെന്റ് ബംഗ്ലാവ്, വാഹനം, എല്ലാം ജനങ്ങളുടെ നികുതിപ്പണം

sunil kanugolu DK

പുതിയ ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് അഡൈ്വസറായതിനാല്‍, സുനില്‍ കനുഗോലുവിന് മന്ത്രിമാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ണാടകയില്‍ ഇത്തരം ക്യാബിനറ്റ് റാങ്ക് നിയമനങ്ങള്‍ ഒട്ടേറെയുണ്ട്.

ബെംഗളുരു: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന് ഉപകാരസ്മരണയായി ക്യാബനറ്റ് റാങ്കും സര്‍ക്കാര്‍ ശമ്പളവും. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ചീഫ് അഡൈ്വസറായാണ് സുനില്‍ കനുഗോലുവിനെ നിയമിച്ചിരിക്കുന്നത്.

കര്‍ണാടകത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തിയായി കണക്കാക്കപ്പെടുന്ന കനുഗോലു, ഇപ്പോള്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന ഔദ്യോഗിക സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.

കര്‍ണാടക സ്വദേശിയായ കനുഗോലു ഒരു കാലത്ത് ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 2014-ലെ മോദിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പെയിനിലും ഉത്തര്‍പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്. 2018-ല്‍ കര്‍ണാടകയിലും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസിന്റെ 2023ലെ കര്‍ണാടക തിരഞ്ഞെടുപ്പ് വിജയം, തെലങ്കാന വിജയം, കേരളത്തിലെ യുഡിഎഫിന്റെ വിജയം എന്നിവയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ നിര്‍ണായകമായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനായി കനുഗോലുവിന് പ്രതിഫലമായി നല്‍കിയത്.

പുതിയ ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് അഡൈ്വസറായതിനാല്‍, സുനില്‍ കനുഗോലുവിന് മന്ത്രിമാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ണാടകയില്‍ ഇത്തരം ക്യാബിനറ്റ് റാങ്ക് നിയമനങ്ങള്‍ ഒട്ടേറെയുണ്ട്.

ശമ്പളം കൂടാതെ, വാഹനം, ഡ്രൈവര്‍, സഹായി, സര്‍ക്കാര്‍ ബംഗ്ലാവ് തുടങ്ങി മന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കര്‍ണാടകയില്‍ മന്ത്രിമാര്‍ക്ക് പുറമെ നൂറുകണക്കിന് ഉപദേശകരും ചെയര്‍മാന്മാരും ക്യാബിനറ്റ് റാങ്കോടെ നിയമിതരായിട്ടുണ്ട്. ഇത് സര്‍ക്കാര്‍ ഖജനാവിന് വലിയ ഭാരമാണ്.

കനുഗോലു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്ത്രജ്ഞനാണ്. അതിന്റെ പ്രതിഫലമായി ജനങ്ങളുടെ പണം ഉപയോഗിച്ച് ഔദ്യോഗിക സ്ഥാനവും ആനുകൂല്യങ്ങളും ലഭിക്കുന്നത് തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന വിമര്‍ശനം ഉയരുന്നു. ഒരു സ്വകാര്യ തന്ത്രജ്ഞനെ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാര്‍ പണം നല്‍കി നിലനിര്‍ത്തുന്നത് ജനാധിപത്യത്തിന്റെ മൗലിക തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു. കര്‍ണാടക ഹൈക്കോടതി ഇത്തരം നിയമനങ്ങളെക്കുറിച്ച് നേരത്തെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Tags