ചെറിയൊരു വഴക്കിനുപോലും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു, രക്ഷിതാക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

Parents

കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചുവരികയാണന്നാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനോ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പരാജയം അംഗീകരിക്കാനോ കഴിയാത്തവരായി കുട്ടികള്‍ മാറുകയാണ്. സോഷ്യല്‍ മീഡിയകളുടെ അമിതമായ ഉപയോഗവും മാറിയ ജീവിത സാഹചര്യങ്ങളും മയക്കുമരുന്ന് ഉപയോഗവുമെല്ലാം കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ചെറുപ്രായം മുതല്‍ രക്ഷിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കുകയും ഉപദേശം നല്‍കി ചേര്‍ത്തുനിര്‍ത്തുകയും മാനസിക കരുത്തുള്ളവരാക്കി വളര്‍ത്തുകയും ചെയ്താല്‍ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാം.

ജീവിതം താങ്ങാന്‍ കഴിയാത്തവിധം ബുദ്ധിമുട്ടുള്ളതായി തോന്നുമ്പോള്‍ അതിനെ നേരിടാന്‍ കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കഴിയും.

നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യം അപകടത്തിലാണെന്ന സൂചനകള്‍ കണ്ടാല്‍

ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന കുട്ടികളില്‍ വലിയൊരു വിഭാഗവും വിഷാദരോഗം പോലുള്ള മാനസിക പ്രശ്‌നങ്ങളുള്ളവരാണ്. ചെറുപ്രായത്തില്‍ തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയാത്തത് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.

അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ചില കൗമാരക്കാര്‍ക്ക് അടിസ്ഥാനപരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍, അവര്‍ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചന നല്‍കിയേക്കാം. ഇതും രക്ഷിതാക്കള്‍ മനസിലാക്കിയെടുക്കേണ്ടതാണ്. കൗമാരക്കാരോട് ശാന്തമായും ജാഗ്രതയോടെയും സംസാരിക്കാന്‍ തയ്യാറാവുക എന്നതായിരിക്കണം രക്ഷിതാക്കളുടെ കര്‍ത്തവ്യം.

കുട്ടിയുടെ ഉറക്ക രീതി, വിശപ്പ്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ പ്രധാന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. സ്വയം ഒറ്റപ്പെടല്‍, പ്രത്യേകിച്ച് സുഹൃത്തുക്കളുമായി അകലുക തുടങ്ങിയ കാര്യങ്ങള്‍ ഗുരുതരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം.

ആത്മഹത്യാശ്രമം നടത്തുന്ന പല കൗമാരക്കാരും തങ്ങളുടെ മാതാപിതാക്കളോട് ഇക്കാര്യത്തില്‍ സൂചന നല്‍കാറുണ്ട്. അത്തരം സൂചനകള്‍ ലഭിച്ചാല്‍ അത് തമാശയായി തള്ളിക്കളയരുത്. ആത്മഹത്യയെക്കുറിച്ചുള്ള കുട്ടിയുടെ ഓരോ വാക്കും ഗൗരവമായി എടുക്കുക.

നിങ്ങളുടെ കുട്ടി ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍, ഞെട്ടലോ വേദനയോ ദേഷ്യമോ തോന്നിയേക്കാം. ഈ വികാരങ്ങള്‍ സ്വാഭാവികവും സാധുതയുള്ളതുമാണ്. എന്നാല്‍ ആദ്യം നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ന്യായവിധിയോ കുറ്റപ്പെടുത്തലോ ഇല്ലാതെ കൗമാരപ്രായക്കാര്‍ക്ക് നിങ്ങളെ വിശ്വസിക്കാന്‍ കഴിയുന്ന രീതിയില്‍ സുരക്ഷിതമായ ഇടം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

വിഷാദം, സ്വയം ഉപദ്രവിക്കല്‍ അല്ലെങ്കില്‍ ആത്മഹത്യാ ചിന്തകളെക്കുറിച്ചുള്ള അവ്യക്തമായ പരാമര്‍ശങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, കഴിയുന്നതും വേഗം ഒരു സ്‌കൂള്‍ തെറാപ്പിസ്റ്റിനെയോ മാനസികാരോഗ്യ വിദഗ്ധനേയോ സമീപിക്കേണ്ടതാണ്.

മാനസികാരോഗ്യ ലക്ഷണങ്ങളും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും കുറയ്ക്കുന്നതിന് ആരോഗ്യ വിദഗ്ധര്‍ ചികിത്സ നിര്‍ദ്ദേശിക്കും. മരുന്നുകള്‍, ടോക്ക് തെറാപ്പി, യോഗ, ധ്യാനം തുടങ്ങിയവയെല്ലാം കുട്ടിയെ തിരികെ കൊണ്ടുവരും.

ഉറക്കത്തിലെ മാറ്റങ്ങള്‍ ആത്മഹത്യാ മുന്നറിയിപ്പ് അടയാളങ്ങളായിരിക്കാം. അടിസ്ഥാന മാനസികാരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക. കുട്ടികളിലെ വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ അവരെ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ അനുവദിക്കുക.

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ ഒരു പ്രധാന കാരണമായി കണക്കാക്കുന്നില്ലെങ്കിലും, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളില്‍ 70% പേരും വാര്‍ഷിക വരുമാനം കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പല വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ആഗ്രഹിച്ച രീതിയില്‍ പഠനം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. ഇത് മാനസിക പ്രശ്‌നങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.

ജാതിയുടെയും വര്‍ഗത്തിന്റെയും മറ്റും അടിസ്ഥാനത്തിലുള്ള വിവേചനവും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. വിദ്യാര്‍ത്ഥി ആത്മഹത്യയുടെ മറ്റൊരു പ്രധാന കാരണം കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദവും സുഹൃത്തുക്കളുമായി നടത്തുന്ന താരതമ്യവുമാണ്. താത്പര്യമില്ലാത്ത വിഷയങ്ങളില്‍ നിര്‍ബന്ധിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും.

കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അവര്‍ക്കൊപ്പമുണ്ടാവുകയും ചെയ്യണം രക്ഷിതാക്കള്‍. കുറ്റപ്പെടുത്തലുകളും അനാവശ്യമായ വഴക്കുകളും താങ്ങാന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നത് അവരെ മാനസികമായി കരുത്തരാക്കും.

Tags