കളിയാട്ടങ്ങളിലെയും പെരുങ്കളിയാട്ടങ്ങളിലെയും ശബ്ദസാന്നിധ്യം ; കരിവെള്ളൂർ രാജനെ കേൾക്കാത്തവർ അപൂർവ്വം..


കളിയാട്ടക്കാലങ്ങളിൽ ഉത്തരകേരളത്തിലെ ക്ഷേത്രപരിസരത്ത് അലയടിക്കുന്ന ശബ്ദമാണ് കരിവെള്ളൂർ രാജനെന്ന അനൗണ്‍സ്‌മെന്റ് രംഗത്തെ കുലപതിയുടേത്. മൂന്നരപ്പതിറ്റാണ്ട് പഴക്കമുണ്ട് രാജന്റെ തെയ്യകഥകളുടെ അനൗൺസ്‌മെന്റ് ജീവിതത്തിന്..
കളിയാട്ടങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും നിറ സാന്നിധ്യമാണ് കരിവെള്ളൂർ രാജനെന്ന ശബ്ദലേഖന രംഗത്തെ പകരം വെക്കാനില്ലാത്ത അനൗൺസർ .കളിയാട്ടങ്ങൾക്കിടെ രാജന്റെ ശബ്ദത്തിൽ പുറത്തുവരുന്ന തെയ്യക്കഥകൾ ഭക്തിയുടെ മുർദ്ധന്യാവസ്ഥയിലേക്കാണ് ഓരോരുത്തരെയും കൊണ്ടുചെന്നെത്തിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ രാജനെ കേൾക്കാത്തവർ അപൂർവമാണ്. ഇന്ന് മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ടത്തിലും ശബ്ദ സാന്നിധ്യമായി രാജനുണ്ട്.
നിരവധി മുച്ചിലോട്ടു കാവുകളിലും ക്ഷേത്രങ്ങളിലും കളിയാട്ടങ്ങൾക്കും പെരുങ്കളിയാട്ടങ്ങൾക്കും ശബ്ദസാന്നിധ്യമായ രാജന്റെ തെയ്യകഥകളുടെ അനൗൺസ്‌മെന്റ് ജീവിതത്തിന് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ട്.
19 വർഷങ്ങൾക്ക് ശേഷം നടക്കുന്ന മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുംകളിയാട്ടത്തിലും പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാജൻ.
കളിയാട്ടങ്ങളിലും പെരുങ്കളിയാട്ടങ്ങളിലും മാത്രമല്ല, രാഷട്രീയത്തിലും കായിക രംഗത്തും എന്നു വേണ്ട ജനങ്ങൾ കൂടുന്നിടത്തൊക്കെയും രാജന്റെ മുഴക്കമേറിയ ശബ്ദം ഏറെ പരിചിതമാണ്. അനൗൺസറാകുന്നതിനു മുൻപ് കരിവെള്ളൂർ ദിനേശ് ബീഡി കമ്പനിയിലെ ബീഡി തൊഴിലാളിയായിരുന്നു രാജൻ.

ബീഡിക്കമ്പനിയിലെ പത്രവായനയിൽ നിന്നാണ് രാജനിലെ ശബ്ദ കലാകാരൻ ഉണർന്നത്. 80 കളിൽ കരിവെള്ളൂരിലെ ഇടനാഴികളിൽ മുഴങ്ങിക്കേട്ട ശബ്ദം ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അലയടിക്കുകയാണ്.