ഇങ്ങനേയുമുണ്ടാകുമോ ഒരു മുതലാളി, രണ്ടരമാസത്തോളം ഗംഗാവലി പുഴക്കരയില്‍ കാവല്‍ നിന്ന് കൊടുത്ത വാക്കുപാലിച്ച് മടങ്ങുന്ന മനാഫ് എന്ന മനുഷ്യന്‍


എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടിട്ടും വിട്ടുകൊടുക്കാതെ, തിരച്ചില്‍ തുടരണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ച മനാഫിന്റെ നിശ്ചയദാര്‍ഢ്യമാണ് ലോറി കണ്ടെടുക്കാന്‍ ഇടയായത്
കോഴിക്കോട്: കാണാതായ ഡ്രൈവറെ തിരിച്ചെത്തിക്കാനായി തന്റെ സമ്പാദ്യമെല്ലാം നല്‍കാമെന്ന് പറഞ്ഞ ഒരു വാഹനയുടമ ഉണ്ടാകുമോ. കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായി രണ്ടരമാസത്തിനുശേഷം ഗംഗാവലി പുഴയില്‍ നിന്നും ലോറിയും മൃതദേഹവും പുറത്തെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ചേര്‍ത്തുനിര്‍ത്തുകയാണ് മനാഫ് എന്ന മനുഷ്യനെ.
എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടിട്ടും വിട്ടുകൊടുക്കാതെ, തിരച്ചില്‍ തുടരണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ച മനാഫിന്റെ നിശ്ചയദാര്‍ഢ്യമാണ് ലോറി കണ്ടെടുക്കാന്‍ ഇടയായത്. പലരും ഇട്ടേച്ച് പോയെങ്കിലും തനിക്ക് അതിന് തോന്നിയില്ലെന്ന് മനാഫ് പറയുന്നു. വണ്ടിയില്‍ അവനുണ്ടെന്ന് അറിയാമായിരുന്നു. അതിപ്പോള്‍ എന്തായാലും ശരിയായില്ലേയെന്നും മനാഫ് പറഞ്ഞു. തിരിച്ചുകൊണ്ടുവരുമെന്ന വീട്ടുകാര്‍ക്ക് കൊടുത്ത വാക്കുപാലിക്കാനായ ആശ്വാസത്തിലാണ് മനാഫ്.
ഓഗസ്റ്റ് 17-ന് അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. മനാഫിന്റേയും അര്‍ജുന്റെ കുടുംബത്തിന്റേയും നിരന്തര ഇടപെടലിനൊടുവിലാണ് കര്‍ണാട സര്‍ക്കാര്‍ ഒരുകോടി രൂപ ചെലവ് വരുന്ന ഡ്രഡ്ജര്‍ എത്തിച്ചത്.

എന്ത് സംഭവിച്ചാലും അര്‍ജുനെ വീട്ടിലെത്തിക്കുമെന്ന് അവന് എന്റെ മേല്‍ ഒരു വിശ്വാസമുണ്ട്. അത് ഞാന്‍ പാലിച്ചു. ഈ രീതിയിലെങ്കിലും അവനെ ഞാന്‍ വീട്ടിലെത്തിക്കും. ഇതിന് പിന്നില്‍ ഒരുപാട് പ്രയാസപ്പെട്ടു ഞാന്‍. പലരും പലതും പറഞ്ഞു. വണ്ടി കിട്ടുന്നതിന് വേണ്ടിയാണ് അര്‍ജുനെ കിട്ടാനല്ലെന്നുവരെ പറഞ്ഞു.
എനിക്ക് വണ്ടിയും വേണ്ട മരവും വേണ്ട ഒന്നും വേണ്ട. പല വാതിലുകളിലും മുട്ടിയിരുന്നു. തിരച്ചില്‍ നിര്‍ത്തിയാല്‍ സ്വന്തം നിലക്ക് തിരച്ചില്‍ നടത്താമെന്നും ആലോചിച്ചു. പിന്നോട്ടില്ലായിരുന്നു. ഒന്നിന്റെയും ആവശ്യം വന്നില്ല. പടച്ചോന് നന്ദിയെന്ന് മനാഫ് പറഞ്ഞുനിര്‍ത്തി. അര്‍ജുന്റെ മകനെ ഇനി സ്വന്തം കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്നും മനാഫ് അറിയിച്ചിട്ടുണ്ട്. ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകുമെന്നാണ് മനാഫിന്റെ ഉറപ്പ്.
നാവികസേന പങ്കുവച്ച നിര്‍ണായക വിവരങ്ങളാണ് അര്‍ജുന്റെ ട്രക്ക് പുറത്തെടുത്തതില്‍ സഹായകമായത്. ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ഭാഗത്തിന്റെ രേഖാചിത്രം നാവികസേന തിരച്ചില്‍ സംഘത്തിന് കൈമാറിയിരുന്നു. ഈ ചിത്രം അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്. നാല് പോയന്റുകളില്‍ ദൗത്യസംഘം നടത്തിയ പരിശോധനയില്‍ കോണ്‍ടാക്ട് പോയന്റ് രണ്ടിലാണ് ലോറിയുടെ ഭാഗം കണ്ടെത്തിയത്. ലോറിയുടെ കാബിനിന്റെ ഉള്ളിലായിരുന്നു മൃതദേഹം.
ബെലഗാവിയിലെ രാനഗറിലുള്ള ഡിപ്പോയില്‍നിന്ന് മരത്തടികളുമായി വരുമ്പോഴാണ് അര്‍ജുന്‍ ഷിരൂരിലെ മണ്ണിടിഞ്ഞുള്ള അപകടത്തില്‍പ്പെടുന്നത്. അപകടത്തിന്റെ തലേദിവസമാണ് അര്‍ജുന്‍ കുടുംബത്തെ അവസാനമായി വിളിക്കുന്നത്. പിന്നീട് വിവരം ലഭിക്കാത്തതോടെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ അവസാന ലൊക്കേഷന്‍ ഷിരൂരിലാണെന്ന് മനസിലായി. കുടുംബത്തിന്റേയും കേരള സര്‍ക്കാരിന്റേയും നിരന്തര അഭ്യര്‍ത്ഥനെയെ തുടര്‍ന്നാണ് മന്ദഗതിയിലായിരുന്ന തിരച്ചില്‍ വേഗത്തിലായത്.
അപടകവിവരം പുറത്തറിഞ്ഞതു മുതല്‍ കുടുംബത്തെ പ്രതിനിധീകരിച്ച് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ സ്ഥലത്തുണ്ടായിരുന്നു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫും തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും പ്രതീക്ഷയോടെ, അര്‍ജുനെ തിരിച്ചുകൊണ്ടുവരുമെന്ന കുടുംബത്തിന് നല്‍കിയ വാക്കുമായി ഷിരൂരില്‍ നിലയുറപ്പിച്ചു.