രണ്ടു നേതാക്കള്‍ ചേര്‍ന്ന് ശോഭാ സുരേന്ദ്രനെ ഒതുക്കി, സംസ്ഥാനത്ത് ജയസാധ്യതയുള്ള ഏക ബിജെപി നേതാവ്, സിപിഎം കോട്ട ഉഴുതുമറിച്ചു

shobha surendran
shobha surendran

 

തിരുവനന്തപുരം: സംസ്ഥാനത്ത് ജയസാധ്യതയുള്ള ഏക ബിജെപി നേതാവ് എന്ന വിശേഷണമുള്ള ശോഭ സുരേന്ദ്രനെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഒതുക്കി. കഴിഞ്ഞതവണ സിപിഎം കോട്ടയായ ആറ്റിങ്ങലില്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച ശോഭയെ ഇത്തവണ ഒട്ടും ജയസാധ്യയില്ലാത്ത ആലപ്പുഴയിലാണ് നിര്‍ത്തിയത്. ആറ്റിങ്ങലിലോ തിരുവനന്തപുരത്തോ ആയിരുന്നെങ്കില്‍ ജയിക്കാന്‍ കഴിയുമായിരുന്നിട്ടും സംസ്ഥാന നേതൃത്വത്തിലെ വിഭാഗീയതയാണ് ശോഭയെ ഒതുക്കുന്നതിലെത്തിച്ചത്.

tRootC1469263">

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് ശോഭയെ അപ്രധാനമായ സീറ്റിലേക്ക് മാറ്റിയതെന്നത് പരസ്യമാണ്. ശോഭ 2019ല്‍ വമ്പന്‍ മുന്നേറ്റമുണ്ടാക്കിയ ആറ്റിങ്ങല്‍ മുരളീധരന് കൈക്കലാക്കാനാണ് അവരെ ആലപ്പുഴയിലേക്ക് ഒഴിവാക്കിയത്. സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിക്കകത്ത് പൊട്ടിത്തെറിയുണ്ടാകുമെന്ന് ഭയന്ന് ആലപ്പുഴ നല്‍കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

പത്തനംതിട്ട ഉള്‍പ്പെടെ ബിജെപി സ്വാധീനമേഖലകളില്‍ ഇടിച്ചുകയറാന്‍ കഴിവുള്ള നേതാവാണ് ശോഭ. എന്നാല്‍, സംസ്ഥാന നേതൃത്വവുമായി ഉടക്കിലായത് അവര്‍ക്ക് തിരിച്ചടിയായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും ബിജെപി അഖിലേന്ത്യ സെക്രട്ടറിയുമായ അനില്‍ ആന്റണിയെയാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. തിരുവനന്തപുരം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും നല്‍കി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായത് എസ് ഗിരിജ കുമാരിയാണ്. ഗിരിജ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളാണ് നേടിയത്. എന്നാല്‍, 2019ല്‍ ശോഭാ സുരേന്ദ്രന്‍ രണ്ടരലക്ഷത്തോളം വോട്ടുകള്‍ നേടി എതിര്‍ സ്ഥാനാര്‍ത്ഥികളെ ഞെട്ടിച്ചു. 14 ശതമാനത്തില്‍ അധികം വോട്ടുവിഹിതമാണ് ശോഭയിലൂടെ ബിജെപി ഈ മണ്ഡലത്തില്‍ നേടിയത്. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാവുകയും എ സമ്പത്തിന്റെ തോല്‍വിക്കിടയാക്കുകയും ചെയ്തു. അടൂര്‍ പ്രകാശാണ് അട്ടിമറി ജയം നേടിയത്.

ആലപ്പുഴയില്‍ 2014ല്‍ എ വി താമരാക്ഷന്‍ 43,051 വോട്ടുകളാണ് ബിജെപിക്കായി നേടിയത്. 19,000ത്തിലധികം വോട്ടുകള്‍ക്ക് കെസി വേണുഗോപാല്‍ സിപിഎമ്മിലെ ചന്ദ്രബാബുവിനെ തോല്‍പ്പിച്ചു. 2019ല്‍ സിപിഎം സംസ്ഥാനത്ത് ജയിച്ച ഏക മണ്ഡലമാണിത്. എഎം ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,474 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ബിജെപിയുടെ കെഎസ് രാധാകൃഷ്ണന്‍ 17 ശതമാനത്തിലധികം വോട്ടുവിഹിതം വര്‍ധിപ്പിച്ചു. 1,87,729 വോട്ടുകളാണ് ഇവിടെ രാധാകൃഷ്ണന്‍ നേടിയത്. ഇത്തവണ ശോഭ സുരേന്ദ്രന്‍ മത്സരത്തിനിറങ്ങിയാല്‍ വോട്ടു വര്‍ധിപ്പിക്കാനാകുമെന്ന് ബിജെപി കരുതുന്നു. ഇടതുവലതു മുന്നണികളുടെ ഫലത്തെ ബിജെപിയുടെ വോട്ടുവിഹിതം ബാധിക്കുമെന്നുറപ്പാണ്.

 

Tags