മയക്കുമരുന്ന് ആവിയാക്കിയതോ? ഷീല സണ്ണിയെ കുടുക്കിയതോ? സിനിമയെ വെല്ലുന്ന ദുരൂഹത


തൃശൂര്‍: മയക്കുമരുന്ന് കേസില്‍ എക്‌സൈസിന്റെ പിടിയിലായി 72 ദിവസം ജയിലില്‍ കിടന്നശേഷം ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരായ കേസ് അവസാനിപ്പിക്കുകയാണ്. ഇവരുടെ വാഹനത്തില്‍ നിന്നും കണ്ടെത്തിയ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു ലഹരിമരുന്ന് അല്ലെന്ന് കണ്ടെത്തിയതോടെയാണിത്. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് മന്ത്രി എംബി രാജേഷ് നിര്‍ദ്ദേശിക്കുകയും ചെയ്തു.
എക്‌സൈസ് ഷീലയുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയതും ഇവരുടെ സ്‌കൂട്ടറില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതുമായ സംഭവം അടിമുടി ദൂരഹമാവുകയാണ്. ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്റെ നേതൃത്വത്തിലാണ് ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലറില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡിനിടെ ഇവരുടെ സ്‌കൂട്ടറിലെ ബാഗില്‍ നിന്നാണ് പന്ത്രണ്ടോളം സ്റ്റാമ്പുകള്‍ കണ്ടെത്തിയതെന്ന് പറയുന്നു. 60,000 രൂപയോളം ഇതിന് വിലവരുമെന്നും എക്‌സൈസ് അന്ന് പറഞ്ഞിരുന്നു. ബ്യൂട്ടി പാര്‍ലറിലെത്തുന്ന സ്ത്രീകള്‍ക്ക് നല്‍കാനാണ് ഇതെന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവ മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞത്.

പരിശോധനയില്‍ മയക്കുമരുന്ന് അല്ലെന്ന് തെളിഞ്ഞ വസ്തു മറ്റെന്താണെന്ന് വ്യക്തമാക്കേണ്ടത് എക്‌സൈസാണ്. പിടിച്ചെടുത്തത് മയക്കുമരുന്ന് ആണോയെന്ന് പരിശോധിച്ച് ഉടന്‍ ഫലം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ലേയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മയക്കുമരുന്ന് അല്ലെങ്കില്‍ ഇവരുടെ ബാഗില്‍ സ്റ്റാമ്പുകള്‍ ഒളിപ്പിച്ചത് ആരാണെന്നതും വ്യക്തമല്ല.
സിനിമാക്കഥയെ വെല്ലുന്ന ദുരൂഹതയാണ് കേസിലുടനീളം കാണുന്നത്. പിടിച്ചെടുത്ത വസ്തു തന്നെ ഒരു തവണ മാത്രമാണ് കാണിച്ചതെന്ന് ഷീല പറയുന്നു. എക്‌സൈസ് അറസ്റ്റിന് പിന്നില്‍ ബന്ധുവാണോയെന്ന സംശയവും അവര്‍ ഉന്നയിക്കുന്നുണ്ട്. എന്തുതന്നെയായാലും വിശദമായ ഒരു അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേസില്‍ എക്‌സൈസിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. കുറ്റക്കാരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല കോടതിയില്‍ പോകാനൊരുങ്ങവെ ഏതുവിധേനയും കേസില്‍ നിന്നും തലൂരാനുള്ള ആലോചനയിലാണ് എക്‌സൈസ്.