കാമുകനെ കാണാന്‍ കുട്ടികളുമായെത്തിയ സീമ ഹൈദര്‍ പാകിസ്ഥാന്‍ ചാര വനിതയെന്ന് സംശയം

Seema Haider
Seema Haider

ന്യൂഡല്‍ഹി: കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ യുവതി ചാര വനിതയാണോയെന്ന് സംശയം. പബ്ജി എന്ന ഓണ്‍ലൈന്‍ ഗെയിം വഴിയാണ് യുവതി സച്ചിനുമായി പരിചയത്തിലാകുന്നത്. എന്നാല്‍, പബ്ജി വഴി ഇന്ത്യയിലെ പല ഭാഗത്തുള്ള ആളുകളുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വൃത്തങ്ങള്‍ അറിയിച്ചു.

tRootC1469263">

പാകിസ്ഥാന്‍ സൈന്യവുമായും രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സുമായും (ഐഎസ്‌ഐ) അവര്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ച് എടിഎസ്, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവ അന്വേഷിക്കുകയാണ്. പല രീതിയില്‍ സീമയ്‌ക്കെതിരെ സംശയമുന നീളുന്നതായി രഹസ്യാന്വേഷണ സംഘം വിലയിരുത്തി.

തിങ്കളാഴ്ച എടിഎസ് നടത്തിയ ചോദ്യം ചെയ്യലില്‍, സീമ ഹൈദര്‍ കൂടുതലും ഡല്‍ഹിയില്‍ നിന്നുള്ള ആളുകളുമായി പബ്ജി വഴിയാണ് ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇംഗ്ലീഷിലുള്ള ഏതാനും വരികള്‍ വായിക്കാന്‍ സീമ ഹൈദറിനോട് ആവശ്യപ്പെട്ടതായി എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ നന്നായി വായിക്കുക മാത്രമല്ല, അവ വായിക്കുന്ന രീതിയും കുറ്റമറ്റതായിരുന്നു. നന്നായി ഇംഗ്ലീഷ് സംസാരിക്കാനും പബ്ജി പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാനും പാകിസ്ഥാനിലെ സാധാരണക്കാരിയായ വീട്ടമ്മയ്ക്ക് കഴിയുമെന്നത് സംശയത്തിനിടയാക്കുന്നു.

അവരുടെ പാകിസ്ഥാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആധികാരികതയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജനനസമയത്ത് സാധാരണയായി ലഭിക്കുന്ന ഐഡി കാര്‍ഡ് 2022 സെപ്റ്റംബര്‍ 20-നാണ് ഇഷ്യൂ ചെയ്തത്. പാകിസ്ഥാന്‍ പൗരത്വ ഐഡി കാര്‍ഡ് ലഭിക്കുന്നതിന് എങ്ങിനെ കാലതാമസം വന്നു എന്നത് ഉത്തര്‍പ്രദേശ് എടിഎസ് അന്വേഷിക്കുന്നു. ഇവരുടെ പാസ്പോര്‍ട്ട്, മക്കളുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ എന്നിവയും പരിശോധിക്കും.

ഗ്രേറ്റര്‍ നോയിഡയിലെ റബുപുര പ്രദേശത്ത് താമസിക്കുന്ന 22 കാരനായ പങ്കാളി സച്ചിന്‍ മീണയ്ക്കൊപ്പം താമസിക്കുന്നതിനായി മേയില്‍ നേപ്പാളില്‍ നിന്നുള്ള ബസ്സിലാണ് സീമ ഹൈദര്‍ തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലെത്തിയത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് സീമ ഹൈദറിനെ ജൂലൈ 4 ന് ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു, അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയതിന് സച്ചിന്‍ മീണയേയും കസ്റ്റഡിയിലെടുത്തു. ജൂലൈ 7 ന് പ്രാദേശിക കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. ഇപ്പോള്‍ റബുപുര പ്രദേശത്തെ ഒരു വീട്ടില്‍ നാല് കുട്ടികളോടൊപ്പം ഒരുമിച്ച് താമസിക്കുന്നു.

Tags