ദിവ്യ ഉണ്ണിയുടേയും സംഘത്തിന്റേയും തട്ടിപ്പ്, 390 രൂപയ്ക്ക് കല്യാണ്‍ സില്‍ക്‌സ് നല്‍കിയ സാരി നര്‍ത്തകിമാര്‍ക്ക് നല്‍കിയത് 1600 രൂപയ്ക്ക്


പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത് കല്യാണ്‍ സില്‍ക്‌സ് ആണ്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 12,500 സാരികള്‍ 390 രൂപയ്ക്ക് നല്‍കി.
കൊച്ചി: ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലെ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഘാടകര്‍ പരിപാടിയിലൂടെ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത് കല്യാണ്‍ സില്‍ക്‌സ് ആണ്. സംഘാടകരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 12,500 സാരികള്‍ 390 രൂപയ്ക്ക് നല്‍കി. എന്നാല്‍, നര്‍ത്തകിമാരില്‍ നിന്നും ഈ സാരിക്കായി ഈടാക്കിയത് 1,600 രൂപയാണ്. നല്ലൊരു കാര്യത്തിനുവേണ്ടി നല്‍കിയ സാരി ഈ രീതിയില്‍ കൊള്ളലാഭത്തിന് വിറ്റതില്‍ കല്യാണ്‍ അതൃപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലാഭേച്ഛ കൂടാതെ കലയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാലാകാലങ്ങളായി കല്യാണ്‍ സില്‍ക്‌സിന്റെ രീതിയാണെന്നും മാനേജ്മെന്റ് പറയുന്നു. പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് യഥാസമയം കൈമാറുകയും ചെയ്തു. ഇതാണ് 1,600 രൂപയ്ക്ക് സംഘാടകര്‍ നല്‍കിയത്. തങ്ങളുടെ ഉത്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് മാനേജ്മെന്റ് ആവശ്യപ്പെട്ടു.

പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ നര്‍ത്തകിമാരില്‍ നിന്നും 5,000 രൂപയിലേറെ കൈപ്പറ്റിയതായി രക്ഷിതാക്കള്‍ പറയുമ്പോള്‍ ഇതുവഴി മാത്രം കോടികള്‍ സംഘാടകര്‍ കീശയിലാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പരിപാടിക്കായി കെട്ടിയുയര്‍ത്തിയ സുരക്ഷിതമല്ലാത്ത വേദിയില്‍ നിന്നും വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് സംഘാടകര്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. മൃദംഗ വിഷന്റെ ഓഫീസ് തട്ടിക്കൂട്ടാണെന്ന വാര്‍ത്തകളും അതിനിടെ പുറത്തുവന്നു. പരിപാടിയില്‍ ഗുരുതര വീഴ്ച വരുത്തിയ മൃദംഗ വിഷന്‍ സിഈഒ ഷമീര്‍ അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. ദിവ്യ ഉണ്ണി, സിജോയ് വര്‍ഗീസ് തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.