കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും ആര്‍എസ്എസ് കാര്യാലയത്തിന് ഭൂമി നല്‍കുമെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍, ഇനി വാങ്ങിയാല്‍ നാണക്കേടെന്ന് അണികള്‍


സന്ദീപിന്റെ വാഗ്ദാനം സ്വാകരിക്കുന്നത് മാനക്കേടാണെന്നും മാതൃസംഘടനയെ ചതിച്ചയാളുടെ ഭൂമിയില്‍ ആര്‍എസ്എസ് കാര്യാലയം പണിയരുതെന്നുമാണ് ബിജെപി അണികളുടെ പ്രതികരണം.
പാലക്കാട്: കോണ്‍ഗ്രസ് പ്രവേശനം രാഷ്ട്രീയ വിമര്‍ശനത്തിന് ഇടവെക്കുമ്പോള്‍ ആര്‍എസ്എസ് സ്‌നേഹം വിടാതെ സന്ദീപ് വാര്യര്‍. നേരത്തെ ആര്‍എസ്എസ് കാര്യാലയത്തിന് വാഗ്ദാനം ചെയ്ത ഭൂമി നല്‍കുമെന്നാണ് സന്ദീപിന്റെ വാഗ്ദാനം. ആര്‍എസ്എസ്എസ്സിനെ തള്ളിക്കളയാതെയാണ് യുഡിഎഫിലെത്തിയതെന്ന സിപിഎം ആരോപണം ശരിവെക്കുന്നതാണ് സന്ദീപിന്റെ നിലപാട്.
സന്ദീപിന്റെ അമ്മയാണ് ഭൂമി വാഗ്ദാനം ചെയ്തത്. ഇത് താന്‍ നല്‍കുമെന്നാണ് ഇപ്പോഴത്തെ നിലപാട്. ഒരു വര്‍ഷം ഇതിനായി കാത്തിരിക്കും. ആര്‍എസ്എസ് സമീപിച്ചാല്‍ ഒപ്പിട്ട് നല്‍കും. ഷാപ്പല്ല തുടങ്ങുന്നത് ആര്‍എസ്എസ് കാര്യാലയമാണെന്നുമാണ് ഇതേക്കുറിച്ച് മാധ്യമങ്ങളോട് സന്ദീപ് വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് സമീപിച്ചില്ലെങ്കില്‍ അതിനുശേഷം സമൂഹത്തിന് ഉപകരിക്കുന്ന മറ്റെന്തെങ്കിലും കാര്യത്തിനുവേണ്ടി ഈ ഭൂമി നല്‍കുമെന്ന് സന്ദീപ് പറയുന്നു.
കാര്യാലയത്തിന് വേണ്ടി വാഗ്ദാനം ചെയ്ത ഭൂമി നല്‍കുമെന്ന് അറിയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സന്ദീപ് വാര്യര്‍ക്കെതിരെ പരിഹാസമുയര്‍ന്നു. സന്ദീപിന്റെ വാഗ്ദാനം സ്വാകരിക്കുന്നത് മാനക്കേടാണെന്നും മാതൃസംഘടനയെ ചതിച്ചയാളുടെ ഭൂമിയില്‍ ആര്‍എസ്എസ് കാര്യാലയം പണിയരുതെന്നുമാണ് ബിജെപി അണികളുടെ പ്രതികരണം. അതേസമയം, തന്റെ ആര്‍എസ്എസ് സത്വം സന്ദീപ് വെടിയില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് വ്യക്തമായെന്ന് ഇടത് അനുകൂലികളും പറയുന്നു.
