സെലിബ്രിറ്റികള്‍ക്ക് പ്രത്യേക നിയമമോ? സെയ്ഫ് അലി ഖാന് മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം, സാധാരണക്കാരന് നൂലാമാലകള്‍, ചോദ്യം ചെയ്ത് എഎംസി


സാധാരണ പോളിസി ഉടമകള്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഇന്‍ഷൂറന്‍സ് തുക വൈകിപ്പിക്കുകയും അതേസമയം സെലിബ്രിറ്റികള്‍ക്ക് അതിവേഗം ലഭ്യമാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് എഎംസി കത്തില്‍ പറയുന്നു.
മുംബൈ: മോഷ്ടാവിന്റെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന് മണിക്കൂറുകള്‍ക്കുള്ളില്‍ 25 ലക്ഷം രൂപയുടെ ക്ലെയിം അനുവദിച്ചത് വിവാദമാകുന്നു. ലീലാവതി ഹോസ്പിറ്റലിനാണ് പണം അനുവദിച്ചത്. വിഷയത്തില്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എഎംസി), ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)ക്ക് കത്തയച്ചു.
സാധാരണ പോളിസി ഉടമകള്‍ക്ക് നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ഇന്‍ഷൂറന്‍സ് തുക വൈകിപ്പിക്കുകയും അതേസമയം സെലിബ്രിറ്റികള്‍ക്ക് അതിവേഗം ലഭ്യമാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് എഎംസി കത്തില്‍ പറയുന്നു.
സെയ്ഫിന്റെ ക്യാഷ്ലെസ് ക്ലെയിമിനായി 25 ലക്ഷം രൂപ അപേക്ഷിച്ച് നാല് മണിക്കൂറിനുള്ളില്‍ ലഭിച്ചതായി ഒരു മുതിര്‍ന്ന സര്‍ജന്‍ അവകാശപ്പെട്ടു. ഇത്രയും വലിയ അനുമതിയും വേഗതയും ഈ രംഗത്ത് വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂയെന്ന് ഡോക്ടര്‍ പറഞ്ഞു.
മിക്ക വ്യക്തിഗത പോളിസി ഉടമകള്‍ക്കും 50,000 രൂപ പ്രാരംഭ അനുമതി ലഭിക്കും. മെഡിക്കോ-ലീഗല്‍ കേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലിയറന്‍സുകള്‍ക്ക് ഏറെ സമയമെടുക്കുമെന്ന് മറ്റൊരു ഡോക്ടര്‍ പറഞ്ഞു.
സെലിബ്രിറ്റികള്‍ക്കും ഉന്നത വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് പോളിസികളുള്ള രോഗികള്‍ക്കും ഉയര്‍ന്ന പണരഹിത ചികിത്സ അതിവേഗം ലഭിക്കുന്നു. അതേസമയം, സാധാരണ പൗരന്മാര്‍ മതിയായ കവറേജും കുറഞ്ഞ റീഇംബേഴ്സ്മെന്റ് നിരക്കും കൊണ്ട് ബുദ്ധിമുട്ടുന്നു. ഇത്തരം സമ്പ്രദായങ്ങള്‍ അന്യായമായ അസമത്വം സൃഷ്ടിക്കുകയും തുല്യമായ ആരോഗ്യ സംരക്ഷണ തത്വത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നെന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

എഎംസിയുടെ മെഡിക്കോ ലീഗല്‍ സെല്ലിന്റെ തലവനായ ഡോ സുധീര്‍ നായിക് പറയുന്നതനുസരിച്ച്, ഞങ്ങള്‍ കോര്‍പ്പറേറ്റ് ആശുപത്രികള്‍ക്കോ സെലിബ്രിറ്റികള്‍ക്കോ എതിരല്ല, സാധാരണ രോഗികള്‍ക്ക് അതേ ചികിത്സയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ സംഭവം ഐആര്‍ഡിഎ അന്വേഷിക്കണമെന്നും എല്ലാ പോളിസി ഉടമകള്‍ക്കും അവരുടെ സാമൂഹിക നില പരിഗണിക്കാതെ തന്നെ തുല്യ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എഎംസിക്കുവേണ്ടി അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കോളിഗല്‍ കേസുകളില്‍ എഫ്‌ഐആര്‍ പകര്‍പ്പ് ആവശ്യപ്പെടുന്നതാണ് സാധാരണ നടപടിക്രമം. എന്നാല്‍, സെയ്ഫ് അലി ഖാന്റെ കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ ആവശ്യകത ഒഴിവാക്കുകയും 25 ലക്ഷത്തിനുള്ള ചികിത്സ ഉടന്‍ ലഭ്യമാക്കുകയും ചെയ്തു.
സെയ്ഫ് അലി ഖാന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. താരം 35.95 ലക്ഷം രൂപയുടെ ക്ലെയിമിനാണ് അപേക്ഷിച്ചത്. ഇതില്‍ 25 ലക്ഷം രൂപ ഉടനടി അനുവദിച്ചു.
ജനുവരി 16 നാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.