കേരളത്തില്‍ മര്യാദകെട്ട ഡ്രൈവിങ്, കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കണം, കേട്ടാല്‍ പേടിക്കുന്ന പിഴ ഈടാക്കണം, തലയില്‍ തണ്ണിമത്തന്‍ തോടുവെച്ചവരും ക്യാമറ കുട്ടകൊണ്ട് മറച്ചവരുമെല്ലാം കണ്ടു പഠിക്കുമോ?


സ്‌കൂള്‍കാലം മുതല്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്തണമെന്നും കനത്ത പിഴ ഈടാക്കണമെന്നുമെല്ലാം സുരക്ഷാവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
കൊച്ചി: അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങള്‍ കേരളത്തിലെ മോശം ഡ്രൈവിങ് ശൈലി ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നു. കഴിഞ്ഞദിവസം പാലക്കാടുണ്ടായ അപകടത്തില്‍ 4 സ്‌കൂള്‍ കുട്ടികള്‍ മരിച്ചത് ഞെട്ടലുണ്ടാക്കുന്നതാണ്. ആലപ്പുഴയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു അപകടംകൂടി സംഭവിച്ചത് റോഡിലെ ലക്കുംലഗാനുമില്ലാത്ത വാഹനയോട്ടത്തിലൂടെയാണെന്നതില്‍ സംശയമില്ല.
സ്‌കൂള്‍കാലം മുതല്‍ കുട്ടികള്‍ക്ക് ബോധവത്കരണം നടത്തണമെന്നും കനത്ത പിഴ ഈടാക്കണമെന്നുമെല്ലാം സുരക്ഷാവിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കേരളത്തിലെ ഡ്രൈവിങ് സംസ്‌കാരം ഇന്ത്യയിലെ തന്നെ മോശമാണെന്ന് തെളിയിക്കുകയാണ് പതിവാകുന്ന അപകടങ്ങള്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് പറയുന്നത് റോഡപകടങ്ങളില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ്. പിഴകൂട്ടിയാലും ക്യാമറവെച്ചാലും സമരം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കണമെന്നും അദ്ദേഹം പറയുന്നു.
കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നാലു കുഞ്ഞുങ്ങള്‍ കൂടി.
ആലപ്പുഴയിലെ നടുക്കം തീര്‍ന്നിട്ടില്ല.
*
ഇന്നലെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ ഒരു കാര്യം പറഞ്ഞു: പത്തുകൊല്ലം മുന്‍പ് അധികാരമേറ്റെടുക്കുമ്പോള്‍ അപകട മരണ നിരക്ക് പകുതിയായി കുറയ്ക്കണം എന്നൊരു ലക്ഷ്യം താന്‍ വച്ചിരുന്നു. അത് അമ്പേ പാളിപ്പോയി. കുറഞ്ഞില്ല, പകരം കൂടി. അത് സമ്മതിക്കാന്‍ താന്‍ തയ്യാറാണ്.
അന്താരാഷ്ട്രവേദികളില്‍ റോഡ് സുരക്ഷ ചര്‍ച്ച ചെയ്യുമ്പോള്‍ താനിപ്പോള്‍ തലകുനിച്ചിരിക്കാറാണ് പതിവ്.
ഒന്നേമുക്കാല്‍ ലക്ഷം പേരാണ് ഒരു കൊല്ലം രാജ്യത്ത് വഴിയില്‍ കൊല്ലപ്പെടുന്നത്.
അതുകൊണ്ടു റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം മെമ്പര്മാരടക്കം എല്ലാവരും ഏറ്റെടുക്കണം. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കണം, നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണം.
സ്പീക്കര്‍ ഓം ബിര്‍ളയും ചര്‍ച്ചയില്‍ ഇടപെട്ടു എല്ലാവരുടെയും സഹകരണം ഇക്കാര്യത്തിലുണ്ടാകണം എന്നഭ്യര്‍ത്ഥിച്ചു.
***
കേരളത്തില്‍ ഇതൊക്കെ നടക്കുന്നത് ബോധവല്‍ക്കരണത്തിന്റെ കുറവുകൊണ്ടുമാത്രമല്ല, മര്യാദകേടുകൊണ്ടുകൂടിയാണ്.
ബോധവല്‍ക്കരണം നടക്കട്ടെ.
പക്ഷെ സര്‍ക്കാര്‍ റോഡ് നിയമങ്ങള്‍ കര്‍ശനമാക്കണം. കുറ്റക്കാരെ നിര്‍ദ്ദാക്ഷിണ്യം ശിക്ഷിക്കണം. ഇപ്പോഴുള്ള ക്യാമറകള്‍ കൊണ്ട് ഒന്നുമാകുന്നില്ലെങ്കില്‍ കൂടുതല്‍ ക്യാമറകള്‍ വയ്ക്കണം; കേട്ടാല്‍ പേടിക്കുന്ന പിഴ ഈടാക്കണം.
വഴിയിലിറങ്ങി തോന്ന്യാസം കാണിച്ചാല്‍ പിടിക്കപ്പെടും എന്നുറപ്പുവരുത്തണം.
അപ്പോള്‍ ഇറങ്ങും കുറെക്കൂട്ടര്‍. പണ്ട് ഹെല്‍മെറ്റ് നിര്ബന്ധമാക്കിയപ്പോള്‍ തലയില്‍ തണ്ണിമത്തന്റെ തോട് വച്ച് പ്രകടനം നടത്തിയവര്‍ തുടങ്ങി ക്യാമറയില്‍ കുട്ടവെച്ചവര്‍ വരെയുള്ള കുത്തിക്കഴപ്പുകാര്‍.
സര്‍ക്കാരിനും മന്ത്രിമാര്‍ക്കും പണം ധൂര്‍ത്തടിക്കാനാണ് പിഴയീടാക്കുന്നത് എന്ന് പറഞ്ഞു വന്‍ പ്രചാരണം നടക്കും. ആദ്യം റോഡ് നന്നാക്കൂ അതുകഴിഞ്ഞു മതി റോഡ് നിയമങ്ങള്‍ നടപ്പാക്കുന്നത് എന്നും പറഞ്ഞുകളയും. ഒരു വിഭാഗം മാധ്യമങ്ങള്‍ എരികേറ്റാനുണ്ടാകും.
സാരമില്ല എന്ന് വെച്ചേക്കണം.
ഇങ്ങിനെ വഴിയില്‍ കൊന്നുകളയാനല്ല അമ്മമാര്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്നുമാത്രം പറയുക.
അമ്മമാര്‍ക്ക് മനസിലാകും
