ഇന്ത്യന്‍ ട്രെയിനുകളിലെ പുതപ്പുകള്‍ കഴുകുന്നത് മാസത്തില്‍ ഒരു തവണ മാത്രം, ടിക്കറ്റിനത്തില്‍ ജനങ്ങളെ പിഴിഞ്ഞ് കോടികള്‍ ലാഭിക്കുന്ന റെയില്‍വേക്ക് വൃത്തിയും വെടിപ്പുമില്ല
ന്യൂഡല്‍ഹി: ലോകത്തുതന്നെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വെ ഓരോ വര്‍ഷവും സഹസ്രകോടികളാണ് ലാഭമുണ്ടാക്കുന്നത്. പലരീതിയില്‍ സാധാരണക്കാരെ പിഴിഞ്ഞ് പണമുണ്ടാക്കുന്ന റെയില്‍വെക്ക് വൃത്തിയും വെടിപ്പും അരികത്തുകൂടിയില്ലെന്ന് പറയാം. ലോകനിലവാരമുള്ള ട്രെയിനെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കപ്പെട്ട വന്ദേഭാരതിലെ ഭക്ഷണത്തിന്റെ അവസ്ഥ പലതവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
ട്രെയിനുകള്‍ക്കുള്ളിലെ ഭക്ഷണം മാത്രമല്ല, ടോയ്‌ലറ്റുകളും അവസ്ഥയും കമ്പാര്‍ട്ടുമെന്റുകളിലെ വൃത്തിയുമെല്ലാം ശോചനീയമാണ്. ഇപ്പോഴിതാ എസി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണയോ മാത്രമേ കഴുകാറുള്ളൂ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലയിണ കവറുകള്‍ അഴുക്ക് നിറഞ്ഞതാണെന്നും പുതുപ്പ് വിയര്‍പ്പുനാറ്റമുണ്ടാക്കുന്നതാണെന്നും യാത്രക്കാര്‍ എന്നും പരാതിപ്പെടാറുണ്ട്.
ട്രെയിനുകളിലെ ജീവനക്കാരുമായി ഒരു മാധ്യമം നടത്തിയ അഭിമുഖത്തിലാണ് പുതപ്പുകള്‍ കഴുകാറില്ലെന്ന് വെളിപ്പെടുത്തിയത്. മാസത്തില്‍ ഒരിക്കല്‍ മാത്രമേ ബ്ലാങ്കറ്റുകള്‍ കഴികാറുള്ളൂ എന്നാണ് ചില ജീവനക്കാരുടെ തുറന്നുപറച്ചില്‍. പുതപ്പുകള്‍ കറയോ അസുഖകരമായ ഗന്ധമോ ഉണ്ടായാല്‍ മാത്രമേ ഒന്നില്‍ കൂടുതല്‍ തവണ കഴുകുകയുള്ളൂ.
എസി കോച്ചുകളില്‍ നല്‍കുന്ന ബ്ലാങ്കറ്റുകള്‍, ബെഡ്ഷീറ്റുകള്‍, തലയിണ കവറുകള്‍ എന്നിവയ്ക്ക് യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടോ എന്ന ആര്‍ടിഐ ചോദ്യത്തിന്, ഇവ ട്രെയിന്‍ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ മറുപടി. ഗരീബ് രഥ്, തുരന്തോ തുടങ്ങിയ ചില ട്രെയിനുകളില്‍, യാത്രക്കാര്‍ക്ക് അധിക ഫീസ് നല്‍കി ബെഡ്റോള്‍ കിറ്റ് തെരഞ്ഞെടുക്കാം.
ഓരോ യാത്രയ്ക്ക് ശേഷവും, ബെഡ്ഷീറ്റുകളും തലയിണ കവറുകളും അലക്കാനായി മാറ്റിയിടും. എന്നാല്‍, വൃത്തികെട്ടതല്ലെങ്കല്‍ കഴുകാതെ മടക്കി കോച്ചില്‍ സൂക്ഷിക്കുന്നു. ഇന്ത്യന്‍ റെയില്‍വേ രാജ്യവ്യാപകമായി 46 ഡിപ്പാര്‍ട്ട്മെന്റല്‍ അലക്കുശാലകളും 25 ബൂട്ട് (ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍) അലക്കുശാലകളും നടത്തുന്നുണ്ട്.
ഡിപ്പാര്‍ട്ട്മെന്റല്‍ അലക്കുശാലകളില്‍, സ്ഥലവും വാഷിംഗ് മെഷീനുകളും ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലാണ്. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാം. ബൂട്ട് അലക്കുശാലകളില്‍, ഭൂമി ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതാണ്, അതേസമയം ഉപകരണങ്ങളും ജീവനക്കാരും സ്വകാര്യ കരാറുകാരാണ് കൈകാര്യം ചെയ്യുന്നത്.
2017-ല്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് ഇന്ത്യന്‍ റെയില്‍വേയുടെ ലിനനുകളുടെ വൃത്തിയും പരിപാലനവും സംബന്ധിച്ച് വിമര്‍ശിച്ചിരുന്നു. ലിനനുകളും പുതപ്പുകളും കഴുകുന്നതും ശുചീകരിക്കുന്നതും റെയില്‍വേ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചെയ്തിട്ടില്ലെന്ന് അതില്‍ കുറ്റപ്പെടുത്തി. 2015-2016 കാലയളവില്‍ എട്ട് സോണല്‍ റെയില്‍വേയുടെ 12 കോച്ചിംഗ് ഡിപ്പോകളില്‍ 6-26 മാസത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാങ്കറ്റുകള്‍ കഴുകിയതായി റിപ്പോര്‍ട്ട് പറയുന്നു. ചിലയിടങ്ങളില്‍ റെയില്‍വേ യാത്രക്കാര്‍ക്ക് ഉപയോഗിച്ച തലയിണ കവറുകളും നല്‍കി.