ഇടതുമുന്നണിയുമായി ഉടക്കിട്ട് യുഡിഎഫിലേക്ക് ചാടാന്‍ ശ്രേയാംസ് കുമാര്‍, നോട്ടം നിയമസഭാ തെരഞ്ഞെടുപ്പ്

m v shreyams kumar
m v shreyams kumar

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടതോടെ വീണ്ടും യുഡിഎഫിലേക്ക് ചേക്കാറാന്‍ സംസ്ഥാനത്തെ ആര്‍ജെഡി വിഭാഗം. കിട്ടില്ലെന്നറിയാവുന്ന സ്ഥാനം ചോദിച്ച് ഇക്കാര്യത്തില്‍ ഉടക്കി മുന്നണിവിടാനാണ് ആര്‍ജെഡിയുടെ തീരുമാനമെന്നാണ്  സൂചന. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. നേരത്തെ മന്ത്രിസ്ഥാനം ചോദിച്ചിരുന്നെങ്കിലും ഇടതുമുന്നണി നല്‍കിയിരുന്നില്ല.

മന്ത്രിസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തില്‍ രാജ്യസഭയിലെ ഒഴിവിലേക്ക് ആര്‍ജെഡിയെ പരിഗണിക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാര്‍ ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ രാജ്യസഭാ സീറ്റ് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോഴില്ലെന്നും ശ്രേയാംസ് കുമാര്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ആര്‍ജെഡി മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇടതുമുന്നണിയിലാണെങ്കിലും പത്രവും ചാനലും ഉപയോഗിച്ച് ശ്രേയാംസ് കുമാര്‍ സിപിഎമ്മിനേയും സര്‍ക്കാരിനേയും നിരന്തരം ആക്രമിക്കുന്നു എന്ന് അണികള്‍ക്ക് പരാതിയുണ്ട്. വലതുമാധ്യമങ്ങളേക്കാള്‍ സിപിഎമ്മിനെതിരെ ആക്രമിക്കുന്നത് ശ്രേയാംസ് കുമാറിന്റെ ചാനലും പത്രവുമാണെന്നും മുന്നണി വിട്ടാല്‍ അത് നല്ലതാണെന്നും അണികള്‍ ചൂണ്ടിക്കാട്ടുന്നു.

ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തില്ലെന്ന തോന്നലിലാണ് ശ്രേയാംസ് കുമാര്‍ മുന്നണിവിടാന്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇടതുമുന്നണി കക്ഷികളെ ക്ഷണിക്കാന്‍ യുഡിഎഫ് മടികാട്ടുന്നുമില്ല. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉടക്കി ശ്രേയാംസ് മുന്നണി വിട്ടാല്‍ പോകട്ടെയെന്ന നിലപാടിലാണ് സിപിഎം. സിപിഐ, കേരള കോണ്‍ഗ്രസ് എം എന്നിവരും രാജ്യസഭാ സീറ്റിനായി രംഗത്തുള്ളതിനാല്‍ ആര്‍ജെഡിക്ക് സീറ്റ് നല്‍കില്ലെന്നത് ഏറെക്കുറെ ഉറപ്പാണ്.

Tags