ദുബായില്‍ ബിസിനസ് സാമ്രാജ്യം, ഡ്രൈവറായും ക്ലീനറായും ജോലി ചെയ്ത് 78,000 കോടിയുടെ ആസ്തിയിലേക്കുയര്‍ന്നയാളുടെ മകന്‍


ന്യൂഡല്‍ഹി: വിദേശത്ത് ബിസിനസ് സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത് ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഇടംനേടിയ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. അവരിലൊാളാണ് മിക്കി ജഗ്തിയാനി. ടാക്സി ഡ്രൈവറായും ഹോട്ടല്‍ ക്ലീനറായും ജോലി ചെയ്ത് ഒടുവില്‍ 78,000 കോടി രൂപയിലേറെ ആസ്തിവരുന്ന ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്തയാളാണ് റീട്ടെയിലിംഗ് ഭീമനായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ഉടമയായിരുന്ന മിക്കി ജഗ്തിയാനി.
കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സ് സാമ്രാജ്യം സ്ഥാപിക്കാന്‍ വളരെ കഠിനാധ്വാനം ചെയ്ത, പ്രചോദനാത്മകമായ കഥയുണ്ട് അദ്ദേഹത്തിന്. ഇന്ത്യയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ് പൂര്‍ത്തിയാക്കി പല ജോലികളും ചെയ്ത അദ്ദേഹം 1973ല്‍ ബഹ്റൈനില്‍ ബേബി സപ്ലൈസ് വില്‍ക്കുന്ന ഒരു സ്റ്റോര്‍ സ്വന്തമാക്കുകയും പിന്നീട് തന്റെ കമ്പനിയെ സഹസ്രകോടികളുടെ ആസ്തിയിലേക്ക് നയിക്കുകയുമായിരുന്നു.
2023 മെയ് 23-ന് അന്തരിച്ച മിക്കി ജഗ്തിയാനിയുടെ മകനാണ് രാഹുല്‍ ജഗ്തിയാനി. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഡയറക്ടറാണ് ഇപ്പോള്‍ രാഹുല്‍ ജഗ്തിയാനി. മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലും ഗ്രൂപ്പിന്റെ റീട്ടെയില്‍ ബിസിനസിന്റെ തന്ത്രപരമായ കാര്യങ്ങള്‍ രാഹുലിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

ഇ-കൊമേഴ്സ്, ഐടി, അനലിറ്റിക്സ്, ലോയല്‍റ്റി എന്നിവയുള്‍പ്പെടെ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളും രാഹുല്‍ നിരീക്ഷിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് രാഹുല്‍. രാഹുലിന്റെ സഹോദരങ്ങളായ ആരതിയും നിഷ ജഗ്തിയാനിയും കമ്പനിയുടെ പ്രധാന നേതൃത്വത്തിന്റെ ഭാഗമാണ്.
മിക്കി ജഗ്തിയാനിയുടെ നിര്യാണത്തെത്തുടര്‍ന്ന്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ നേതൃത്വം അദ്ദേഹത്തിന്റെ ഭാര്യ രേണുക ജഗ്തിയാനി ഏറ്റെടുത്തു, അവര്‍ ഇപ്പോള്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു. അടുത്തിടെയാണ് രേണുക ജഗ്തിയാനി ഫോബ്സിന്റെ 100 സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ആദ്യമായി പ്രവേശിച്ചത്. 44-ാം സ്ഥാനത്തുള്ള അവരുടെ ആസ്തി 4.8 ബില്യണ്‍ ഡോളറാണ് (ഏകദേശം 39,900 കോടി രൂപ). ഫോബ്സ് റിപ്പോര്‍ട്ട് പ്രകാരം 1993ലാണ് രേണുക ജഗ്തിയാനി ലാന്‍ഡ്മാര്‍ക്കില്‍ ചേര്‍ന്നത്. ഇപ്പോള്‍ 900-ലധികം ഔട്ട്ലെറ്റുകളുള്ള കമ്പനിയുടെ ഇന്ത്യാ വിഭാഗം 1999-ല്‍ സ്ഥാപിക്കുന്നതില്‍ അവര്‍ പ്രധാന പങ്ക് വഹിച്ചു.