സതീശന്‍ അങ്ങിനെ പറയരുതായിരുന്നു, വരേണ്യതയുടെ പത്തായപ്പുറത്ത് കയറി പുച്ഛം വാരിവിതറുന്നു

VD Satheesan
VD Satheesan

തിരുവനന്തപുരം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിലാണ് മുന്നണികളെല്ലാം. പരസ്പരം വാക്‌പോര് നടത്തിയും വെല്ലുവിളിച്ചുമെല്ലാം പ്രചരണം കൊഴുപ്പിക്കാന്‍ അണികളും രംഗത്തുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫിനായി മത്സരിക്കുമ്പോള്‍ എല്‍ഡിഎഫിനായി ജെയ്ക്ക് സി തോമസാണ് സ്ഥാനാര്‍ത്ഥി.

tRootC1469263">

മണ്ഡലത്തിലെ സഹതാപതരംഗം മറികടക്കാന്‍ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം പ്രചരണം നടത്തുന്നത്. മണ്ഡലത്തിലെ വികസനത്തില്‍ സംവാദം നടത്താന്‍ ജെയ്ക്ക് വെല്ലുവിളിച്ചെങ്കിലും ചാണ്ടി ഉമ്മന്‍ ഇതിന് തയ്യാറാകുന്നില്ല. ചാണ്ടി ഉമ്മനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. നേര്‍ക്കുനേര്‍ സംവാദം നടത്താനുള്ള രാഷ്ട്രീയ പരിചയം ചാണ്ടി ഉമ്മനില്ലാത്തതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ എതിര്‍ക്കാന്‍ കാരണം.

സംവാദത്തിന് ക്ഷണിച്ച ജെയ്ക്കിനെ നാലാംകിട നേതാവ് എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു വിഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഇത്തരമൊരു പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ കുറേ നാളുകളായി ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവാദത്തിനും പ്രതിപക്ഷ നേതാവ് തയാറാകുന്നില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് പറഞ്ഞു.

ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് കാണുന്നത്. ഇതിപ്പോള്‍ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവര്‍ക്ക് നേരെ പരമപുച്ഛം വാരിവിതറുന്ന അവസ്ഥയിലെത്തി. സംവാദത്തിന് ഭയമുണ്ടെങ്കില്‍ അത് തുറന്ന് പറയണമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

നീണ്ട അന്‍പത്തിമൂന്ന് വര്‍ഷം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും അതില്‍ പ്രധാനപ്പെട്ട കാലയളവുകളില്‍ സംസ്ഥാന ഭരണത്തിന്റെ നിര്‍ണായകശക്തിയാകുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തെത്തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ സ്വഭാവികമായും ആ നാട്ടില്‍ ചര്‍ച്ചയാകേണ്ടത് ആ നാടിനുണ്ടായ നേട്ടങ്ങളും കുറവുകളുമൊക്കെയാകണം. ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നാകണം. എന്നാല്‍ അത്തരമൊരു തുറന്ന ചര്‍ച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുമ്പോള്‍ ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിലൂടെ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നത്?

പുതുപ്പള്ളിയില്‍ ജനിച്ചു വളര്‍ന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്നയാളാണ് ജെയ്ക്ക്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ശ്രീ. ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുകയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം 2021ലെ തിരഞ്ഞെടുപ്പില്‍ 9044 ലേക്ക് ചുരുക്കുകയും ചെയ്തയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 131797 വോട്ടുകളില്‍ 54328 വോട്ടുകള്‍ നേടിയ ആളാണ് ജയ്ക്ക്. അതായത് പുതുപ്പള്ളിയിലെ വോട്ടര്‍മാരില്‍ 41.22% പേര്‍ പിന്തുണച്ച ഒരു യുവ രാഷ്ട്രീയ നേതാവ്. അങ്ങനെയുള്ള ആള്‍ ജനാധിപത്യസംവാദത്തിന് ക്ഷണിക്കുമ്പോള്‍ അത് പുതുപ്പള്ളിയുടെ ഒരു വലിയ വിഭാഗത്തിന്റെ ക്ഷണമായിട്ടല്ലേ കാണേണ്ടത്?  ആക്ഷേപവാക്കുകള്‍ കൊണ്ട് ആ സംവാദക്ഷണത്തിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിന്റെ  തീരുമാനമാണോ? തെരഞ്ഞെടുപ്പില്‍ ജെയ്ക്കിനോട് മത്സരിക്കാന്‍ തൊട്ടുകൂടായ്മ ഇല്ലാത്ത യു ഡി എഫിന് അദ്ദേഹത്തോട് വികസനത്തെക്കുറിച്ച് സംവദിക്കാനുള്ള വിമുഖത എന്തുകൊണ്ടാണ്?

ശ്രീ. ഉമ്മന്‍ചാണ്ടി തന്നെ ജെയ്ക്കിനെ വിശേഷിപ്പിച്ചത് തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എതിരിടേണ്ടി വന്ന ഏറ്റവും മികച്ച പോരാളി എന്നാണ്. അയാളെ സതീശന് ഇപ്പോള്‍ നാലാം കിട നേതാവായി തോന്നുന്നത് എന്തുകൊണ്ടാണ്?

ജെയ്ക്ക് സംവാദത്തിന് ക്ഷണിച്ചത് വി ഡി സതീശനെയോ കെ സുധാകരനെയോ അല്ലല്ലോ, പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥിയെ അല്ലേ? സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ആരോഗ്യകരമായ അത്തരം സംവാദങ്ങള്‍ അല്ലേ തെരഞ്ഞെടുപ്പില്‍ നടക്കേണ്ടത്? അതിനിടയില്‍ സതീശന്‍ ചാടിവീണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ രക്ഷിച്ചുകൊണ്ട് പോകുന്നതിന്റെ കാരണമെന്താണ്? യു ഡി എഫ് സ്ഥാനാര്‍ഥിയുടെ സംവാദശേഷിയിലും വികസന കാഴ്ചപ്പാടിലും ഉള്ള അദ്ദേഹത്തിന്റെ വിശ്വാസക്കുറവാണോ?

കഴിഞ്ഞ കുറേ നാളുകളായി ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവാദത്തിനും പ്രതിപക്ഷ നേതാവ് തയാറാകുന്നത് കാണാനാകുന്നില്ല. ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് കാണുന്നത്. ഇതിപ്പോള്‍ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവര്‍ക്ക് നേരെ പരമപുച്ഛം വാരിവിതറുന്ന അവസ്ഥയിലെത്തി.

പക്ഷെ, പ്രബുദ്ധരായ കേരള ജനത ചരിത്രപരമായി ആര്‍ജിച്ചെടുത്ത ആധുനിക ജനാധിപത്യമൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകും. സംവാദത്തിന് ഭയമുണ്ടെങ്കില്‍ അത് തുറന്ന് പറയണം. ആക്ഷേപവും പരിഹാസവുംകൊണ്ട് നേരിടാമെന്ന് കരുതരുത്. ജനാധിപത്യത്തില്‍ ജനമാണ് യജമാനര്‍. അവര്‍ എല്ലാം കാണുന്നുണ്ട്.

 

Tags