പാലക്കാട് വ്യാപകമായ കള്ളപ്പണം ഒഴുക്കുന്നു, പോലീസ് പരിശോധന അനുവദിച്ച് ബിന്ദു കൃഷ്ണ, തടഞ്ഞ് ഷാനിമോള്‍, വനിതാ പോലീസിനെ തല്ലി, പണമെത്തിച്ചത് വ്യാജ ഐഡി കാര്‍ഡ് കേസിലെ പ്രതിയെന്ന് സംശയം


ഷാനിമോള്‍ ഉസ്മാന്‍ വനിതാ പോലീസിനെ തല്ലിയെന്നും ആരോപണമുണ്ട്. മനപൂര്‍വം സംഘര്‍ഷമുണ്ടാക്കിയെന്നും ഇത് പണം ഒളിപ്പിക്കാനുള്ള സമയത്തിനുവേണ്ടിയാണെന്നുമാണ് നേതാക്കളുടെ ആരോപണം.
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വ്യാപകമായ കള്ളപ്പണം ഒഴുക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളുടെ മുറിയില്‍ പോലീസ് നടത്തിയ പരിശോധന സംഘര്‍ഷത്തില്‍ കലാശിച്ചു. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധന നടത്താന്‍ എത്തിയപ്പോള്‍ വനിതാ പോലീസ് ഇല്ലെന്ന കാരണത്താല്‍ തടയുകയായിരുന്നു. അതേസമയം, ബിന്ദു കൃഷ്ണ പരിശോധനയ്ക്ക് അനുമതി നല്‍കി. സിപിഎം ബിജെപി നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെടുക്കാനായില്ല.
പണം കണ്ടെടുക്കാനായില്ലെങ്കിലും ഹോട്ടലില്‍ കള്ളപ്പണം എത്തി എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎമ്മും ബിജെപിയും. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് വലിയ തോതില്‍ പണം കൊണ്ടുവന്നുവെന്നും അത് തിരിച്ചുകടത്താന്‍ ശ്രമം നടന്നെന്നുമാണ് എ.എ. റഹീം എം.പി പറയുന്നത്. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ സ്ഥലത്തെത്തി സംഘര്‍ഷമുണ്ടാക്കുകയും ഈ സംഘര്‍ഷത്തിനിടയില്‍ പണം കടത്തിയെന്നും റഹീം ആരോപിക്കുന്നു.
ദുരൂഹമായ രീതിയില്‍ ഹോട്ടലിലേക്ക് കാര്‍ എത്തിയെന്നും സ്യൂട്ട്‌കേസില്‍ പണമെത്തിച്ചെന്നും രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. ബിന്ദു കൃഷ്ണയും ടി.വി. രാജേഷും പരിശോധനയുമായി സഹകരിച്ചപ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഇത് സംശയത്തിന് ഇടയാക്കി.

വനിതാ പോലീസ് ഇല്ലാതെ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് ഷാനിമോള്‍ തറപ്പിച്ച് പറഞ്ഞതോടെ ഹോട്ടല്‍ മുറിക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായി. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞശേഷമാണ് വനിതാ പോലീസ് എത്തുന്നതും പരിശോധിക്കുന്നതും. അപ്പോഴേക്കും പണം രഹസ്യമായി കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിക്കുന്നത്. സിസിടിവി പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചേക്കും.
അതിനിടെ ഷാനിമോള്‍ ഉസ്മാന്‍ വനിതാ പോലീസിനെ തല്ലിയെന്നും ആരോപണമുണ്ട്. മനപൂര്‍വം സംഘര്‍ഷമുണ്ടാക്കിയെന്നും ഇത് പണം ഒളിപ്പിക്കാനുള്ള സമയത്തിനുവേണ്ടിയാണെന്നുമാണ് നേതാക്കളുടെ ആരോപണം. യുഡിഎഫ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും കൈയ്യേറ്റത്തിന് മുതിര്‍ന്നു. പോലീസിനോട് തട്ടിക്കയറുകയും ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്കേസുമായി എത്തിയതെന്നാണ് ബിജെപി നേതാവ് പ്രഫുല്‍ കൃഷ്ണന്‍ ആരോപിക്കുന്നത്. വെല്‍ഫയര്‍ വണ്ടിയിലാണ് സ്യൂട്കേസ് വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് നഗരമധ്യത്തിലെ കെപിഎം റീജന്‍സിയിലാണ് പ്രമുഖ നേതാക്കള്‍ താമസിക്കുന്നത്.