കൊതുകുവളർത്തു കേന്ദ്രമായി പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളജിലെ മഴവെള്ള സംഭരണി


പരിയാരം: കൊതുകുവളർത്തു കേന്ദ്രമായി പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളജിലെ മഴവെള്ള സംഭരണി. മെഡിക്കൽ കോളജിലെ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതി അധികൃതരുടെ അനാസ്ഥ കാരണമാണ് ഇന്ന് കൊതുകുവളർത്ത് കേന്ദ്രമായി മാറിയത്.
പകർച്ചവ്യാധികൾ പടരാതിരിക്കാൻ കൊതുകുപോലുള്ളവയുടെ ഉറവിടങ്ങൾ നശിപ്പിക്കണമെന്ന് ജനങ്ങളെ നിരന്തരം ബോധവാന്മാരാക്കുന്ന ആരോഗ്യവിഭാഗം ആളുകൾ തന്നെ അവയെ വളർത്തുന്ന കാഴ്ചയാണ് കണ്ണൂർ ഗവ: മെഡിക്കൽ കോളജിലെത്തിയാൽ കാണാൻ സാധിക്കുക. പട്ടാപകൽ പോലും മെഡിക്കൽ കോളേജ് പരിസരം കൊതുകുകളുടെ വിഹാര കേന്ദ്രമാണ്. അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മാറിയ ഇവിടുത്തെ മഴവെള്ള സംഭരണിയിൽ കൊതുകുകൾ പെരുകുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
എം.വി. രാഘവൻ പരിയാരം മെഡിക്കൽ കോളജ് ചെയർമാനായിരുന്നപ്പോഴാണ് സഹകരണ ശതാബ്ദി വർഷത്തിന്റെ സ്മാരകമായി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചിലവഴിച്ച് മഴവെള്ള സംഭരണി നിർമിച്ചത്. മെഡിക്കൽ കോളജിന്റേയും ആശുപത്രിയുടേയും ആവശ്യങ്ങൾക്കുവേണ്ട ശുദ്ധജലം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. മെഡിക്കൽ കോളജ് പരിസരത്ത് ദേശീയപാതയ്ക്ക് അഭിമുഖമായ ഒന്നേകാൽ ഏക്കർ സ്ഥലത്താണ് മഴവെള്ള സംഭരണി നിർമിച്ചത്.
ഒരുകോടി ലിറ്റർ മഴവെള്ളം സംഭരിക്കാവുന്ന ജില്ലയിലെ ഏറ്റവും വലിയ സംഭരണിയാണ് ഇത്. മെഡിക്കൽ കോളജിന്റെ എല്ലാ കെട്ടിടങ്ങളിൽനിന്നും പൈപ്പ് വഴി വെള്ളം സംഭരണിയിലേക്ക് ഒഴുകിയെത്തും. കൂടാതെ പ്രദേശത്ത് മഴക്കാലത്ത് ഉണ്ടാകുന്ന ഉറവകളിൽ നിന്നുള്ള വെള്ളവും സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന സംവിധാനവും ഒരുക്കിയിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ സംഭരണിയുടെ കോൺക്രീറ്റ് ചെയ്ത ഭാഗം പൊട്ടിപ്പിളർന്ന് വെള്ളം മുഴുവൻ ഭൂമിയിലേക്ക് താഴ്ന്നു.

തുടർനടപടി എന്ന നിലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് മഴവെള്ള സംഭരണി മുഴുവനായി പോളിത്തീൻ കവർ ഉപയോഗിച്ച് പൊതിഞ്ഞ് ഉപയോഗം തുടങ്ങി. എന്നാൽ കുറേക്കാലം വെള്ളം സംഭരിക്കാൻ കഴിഞ്ഞെങ്കിലും വീണ്ടും ചോർച്ച തുടങ്ങി. നിരന്തരം പ്രശ്നങ്ങൾ വന്നതോടെ കോളേജിന്റെ എൻജിനിയറിംഗ് വിഭാഗം സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ജലസംഭരണി നന്നാക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറി. അതോടെ ജലസംഭരണിയും കാടുകയറി.
അറ്റകുറ്റപ്പണി നടത്തി സംഭരണി ഉപയോഗപ്പെടുത്താനുള്ള ശ്രമം നടത്തുക അല്ലെങ്കിൽ ആശുപതിയുടെ മറ്റ് എന്തെങ്കിലും വികസനാവശ്യങ്ങൾക്ക് ഈ സ്ഥലം ഉപയോഗപ്പെടുത്തുക എന്നിവയാണ് നാട്ടുകാർ മുന്നോട്ട് വയ്ക്കുന്ന പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ. എൻജിനീയറിംഗ് വിഭാഗം പൂർണമായും കൈയൊഴിഞ്ഞ ജലസംഭരണി പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നുണ്ട്.