പാടി തീരാത്ത മധുരതരമായ ഗാനം പോലെ സംഗീത പ്രേമികളിൽ നോവുണർത്തി വിശ്വൻ മാഷ് വിട പറഞ്ഞു..

spl

കണ്ണൂർ: പാടി തീരാത്ത മധുരതരമായ ഗാനം പോലെ മലയാളികളെ കോൾമയിർ കൊള്ളിച്ച ഗായകൻ വിടവാങ്ങി. ചലച്ചിത്രപിന്നണി ഗായകൻ കീഴാറ്റൂരിലെ പി.വി വിശ്വനാഥൻ്റെ (55)അകാലവിയോഗവാർത്ത സംഗീതപ്രേമികൾ ദുഃഖത്തോടെയാണ് ശ്രമിച്ചത്. തളിപ്പറമ്പ് മിൽട്ടൺസ് കോളേജെന്ന സമാന്തര സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥൻ തളിപ്പറമ്പുകാരനായ മുരളി കുന്നും പുറത്ത് നിർമ്മിച്ച വെള്ളം എന്ന സിനിമയിലുടെയാണ് ശ്രദ്ധേയനാവുന്നത്. 

ബി.കെ. ഹരിനാരായണൻ എഴുതി ബിജിബാൽ ഈണം പകർന്ന ഒരു കുറി കാണാനെന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും സംഗീതപ്രേമികൾ ഹൃദയത്തിലേറ്റുന്നതാണ്. സംഗീതത്തിലേക്ക് വഴി തെറ്റി വന്നതല്ല അടുപ്പമുള്ള വിശ്വൻ മാഷെന്നു വിളിക്കുന്ന വിശ്വനാഥൻ.പതിറ്റാണ്ടുകൾക്കു മുമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തെ വരിക്കേട്ട മഠം നാരായണ വാര്യർ ഭാഗവതരുടെ അടുത്തേക്ക് സംഗീതം പഠിക്കാൻ വിശ്വനാഥൻ എന്ന പത്താംതരം കഴിഞ്ഞ വിദ്യാർത്ഥി എത്തിച്ചേർന്നത് മലയാളക്കരയറിയുന്ന സംഗീതജ്ഞനായി വളരണമെന്ന മോഹവുമായിട്ടായിരുന്നു.

ഏറെ വർഷങ്ങൾക്ക് ശേഷം ആ മോഹം പൂവണിഞ്ഞുവെങ്കിലും ഇനിയൊരു പാട്ടിൻ്റെ പല്ലവി പാടാതെ മധുര ശബ്ദത്തിനുടമയെ മരണം തട്ടിയെടുത്തു.ജയസൂര്യ നായകനായ “വെള്ളം ” എന്ന ചലച്ചിത്രത്തിലൂടെയാണ് വിശ്വനാഥൻ എന്ന ഗായകൻ മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തിയത്.
പ്രിയ സ്നേഹിതനും ശിഷ്യനുമായ മുരളി കുന്നുമ്പുറത്താണ് വിശ്വനാഥന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. വിശ്വനാഥന്റെ ഒരു പാട്ട്

” വെള്ളം ” സിനിമയുടെ സംവിധായകനായ പ്രജേഷ് സെന്നിനെ പാടി കേൾപ്പിക്കുകയായിരുന്നു. പ്രജേഷിലൂടെ ” വെളള ” ത്തിന്റെ സംഗീത സംവിധായകനായ ബിജിപാൽ കേൾക്കുകയും അദ്ദേഹം തന്റെ തൃപ്തി അറിയിക്കുകയും ചെയ്തു. അങ്ങിനെയാണ്” വെള്ളം” സിനിമയിൽ പാടാനുള്ള ഭാഗ്യം വിശ്വനാഥന് കൈവന്നത്.
നവ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു വിശ്വനാഥൻ പാടിയ ” ഒരു കുറി കണ്ടു നാം പിരിക്കുന്ന നേരം നിൻ മിഴികളിലെൻ മനം മറന്നു വെച്ചു. “എന്ന ഗാനം.

 നാരായണവാര്യർ ഭാഗവതർ എന്ന സംഗീത ഗുരുവിന്റെ അടുക്കലേക്ക് വിശ്വനാഥനെ കൊണ്ടുവിടുന്നത് അമ്മാവനും സർ സയ്യിദ് കോളേജിലെ പ്രൊഫസറുയിരുന്ന എം.വി.കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. അന്ന് തുടങ്ങിയ സംഗീത പാഠങ്ങളാണ് വിശ്വനാഥനെ ചലച്ചിത്ര പിന്നണി ഗായകനാക്കി മാറ്റിയത്.
നാരായണവാര്യർ ഭാഗവതരുടെ കീഴിലുള്ള പഠന കാലത്ത് തന്നെ കണ്ണൂർ “മെലഡീസ് ഓർക്കസ്ട്ര “യുടെ ഗാനമേള സ്റ്റേജ് പരിപാടികളിൽ പാടിത്തുടങ്ങി. മറ്റ് ട്രൂപ്പുകൾക്കു വേണ്ടിയും പാടി.കോഴിക്കോട് “മ്യൂസിക് സിറ്റി ” സ്റ്റുഡിയോയിൽ സഹോദരൻ രത്നപാലിനൊപ്പം പിന്നണി പാടാൻ പോയ അനുഭവവും വിശ്വനാഥനുണ്ട്.
പിൽക്കാലത്ത് ഭക്തിഗാനങ്ങളും, ഓണപ്പാട്ടുകളും വിശ്വനാഥന്റെ സ്വരമാധുരിയിൽ പുറത്തുവന്നു.സംഗീത സംവിധായകനായും, ഗായകനായും രംഗത്തേക്ക് വരുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ചന്ദ്രൻ നരിക്കോടിന്റെ “ബിംബങ്ങൾ ” എന്ന ടെലിഫിലിമിലൂടെയാണ്.

spl

സംഗീത സംവിധായകൻ കൂടിയാണ് വിശ്വനാഥനെന്ന കാര്യം അപ്പോഴാണ് ആസ്വാദക ലോകം അറിയുന്നത്.2011 – ൽ വിജേഷ് വിശ്വം എഴുതി ഹരി വേണുഗോപാൽ പശ്ചാത്തല സംഗീതം നിർവഹിച്ച “പറയാതെ വയ്യെന്റ തോഴി” എന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് വിശ്വനാഥൻ ആയിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീനിവാസൻ ആയിരുന്നു ഈഗാനം ആലപിച്ചത്.തളിപ്പറമ്പിലെ പ്രശസ്തമായ” മിൽട്ടൺസ് ” ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായും, കെ.എസ്.ആർ.ടി.സി.കണ്ണൂർ ഡിപ്പോയിൽ ജൂനിയർ അസിസ്റ്റന്റായും, ബാംഗ്ലൂരിൽ റസ്റ്റോറന്റ് മാനേജരായും, മാർക്കറ്റിങ്ങ് എക്സിക്യുട്ടീവായും ജോലി നോക്കിയെങ്കിലും എവിടെയും ഉറച്ചു നിൽക്കാൻ കഴിയാതിരുന്നത് സംഗീതത്തോടുള്ള ആത്മസമർപ്പണം കൊണ്ടായിരുന്നു.

തളിപ്പറമ്പ കീഴാറ്റൂർ പുതിയ വീട്ടിൽ കണ്ണന്റെയും മീത്തലെ വീട്ടിൽ കാർത്യായനിയുടെയും മകനാണ് വിശ്വനാഥൻ.
രാജം, രത്നപാൽ, സുഹജകുമാരി, ധനഞ്ജയൻ എന്നിവർ സഹോദരങ്ങളാണ്.

Tags