ചൈനയില്‍ 1229 കി.മീ. വെറും നാലുമണിക്കൂര്‍ കൊണ്ട് എത്താം, നമ്മള്‍ സ്പീഡ് ട്രെയിന്‍ വരാതിരിക്കാന്‍ വാഴവെക്കുന്നു


കൊച്ചി: കേരളത്തിലെ ട്രെയിന്‍ യാത്രികരുടെ ദുരിതം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായ കാലമാണിത്. കുത്തിനിറച്ച ട്രെയിനുകളില്‍ സ്ത്രീകള്‍ ബോധരഹിതരാകുന്നതും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതുമെല്ലാം പുതുമയില്ലാത്ത കാര്യമായി. എന്നാല്‍, കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിക്കാനോ അതിവേഗ പാതയ്ക്ക് അനുമതി നല്‍കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിവേഗ പാതയ്ക്ക് അനുമതി നല്‍കിയാല്‍ തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രതിപക്ഷം സ്ഥലമേറ്റെടുക്കലിനെതിരെ വാഴവെച്ച് സമരം ചെയ്യുകയും ചെയ്തു.
tRootC1469263">ലോകത്ത് അതിവേഗ ട്രെയിനുകള്‍ ട്രെയിനുകളുടെ രാജാവാണ് നമ്മുടെ അയല്‍ക്കാരായ ചൈന എന്നുപറയാം. ചൈന രാഷ്ട്രീയ ശത്രുക്കളാണെങ്കിലും അത്യാധുനിക സാങ്കേതിക രംഗത്ത് ചൈന നടത്തുന്ന വികസനക്കുതിപ്പ് നമുക്ക് പാഠമാകേണ്ടതാണ്. എന്നാല്‍, അതിവേഗ പാതയെന്നത് ഇന്ത്യക്കാര്‍ക്ക് ഇനിയും സ്വപ്‌നം മാത്രമാണ്. ചൈനക്കാര്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അതിവേഗ ട്രെയിനില്‍ കുതിച്ചപ്പോള്‍ ഇന്ത്യയുടെ ആദ്യ ഹൈ സ്പീഡ് റെയില്‍ നിര്‍മാണം നടക്കുന്നതേയുള്ളൂ. ജപ്പാന്റെ സഹായത്തോടെ മുംബൈ അഹമ്മദാബാദ് 500 കി.മീ. ദൂരം പൂര്‍ത്തിയായാല്‍ ഈ റൂട്ടില്‍ 350 മണിക്കൂറില്‍ കി.മീ വേഗതയിലെത്താം.

ചൈനയിലിപ്പോള്‍ 1229 കി.മീ. ദൂരം വെറും 4 മണിക്കൂര്‍ കൊണ്ട് ഓടിയെത്താമെന്നുകാട്ടി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് 550 കി.മീ. ദൂരം ഓടിയെത്താന്‍ ശരാശരി 12 മണിക്കൂര്‍ ആണ് നിലവില്‍ ഒരു ട്രെയിന്‍ എടുക്കുന്നത്. ഇത്രയും ദൂരം ഓടിയെത്താന്‍ ചൈനയിലാണെങ്കില്‍ ഏകദേശം രണ്ട് മണിക്കൂര്‍ മതിയാകും.
എറിക് സോള്‍ഹൈമിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു തുമ്മാരുകുടി ഇന്ത്യയിലേയും ചൈനയിലേയും അതിവേഗ ട്രെയിന്‍ സംവിധാനത്തെ താരതമ്യം ചെയ്തത്. നോര്‍വീജിയന്‍ നയതന്ത്രജ്ഞനും മുന്‍ രാഷ്ട്രീയക്കാരനുമാണ് എറിക് സോള്‍ഹൈം. 2005 മുതല്‍ 2012 വരെ നോര്‍വീജിയന്‍ സര്‍ക്കാരില്‍ അന്താരാഷ്ട്ര വികസന മന്ത്രിയായും പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചൈനയില്‍ 1229 കി.മീ. ദൂരം 4 മണിക്കൂര്‍ കൊണ്ട് ഒരു കുലുക്കം പോലുമില്ലാതെ എത്തിയെന്ന് എറിക് തന്റെ പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 40,000 കി.മീ. ദൂരമാണ് ചൈന ഹൈ സ്പീഡ് റെയില്‍ നിര്‍മിച്ചത്. തികച്ചും പരിസ്ഥിതിക്കിണങ്ങുന്ന ഈ റെയില്‍ സംവിധാനം ലോകമെങ്ങും നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും അദ്ദേഹം വിരല്‍ചൂണ്ടി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ചൈന - ആയിരത്തി ഇരുന്നൂറ്റി ഇരുപത്തി ഒമ്പത് കിലോമീറ്റര്‍ - നാലു മണിക്കൂര്‍ - ഉയര്‍ന്ന സ്പീഡ് 350 km/h, നിര്‍മ്മാണം കഴിഞ്ഞു, സര്‍വ്വീസ് തുടങ്ങി
ഇന്ത്യ - ഹൈ സ്പീഡ് റെയില്‍ 500 കിലോമീറ്റര്‍ - രണ്ടു മണിക്കൂര്‍, ഉയര്‍ന്ന സ്പീഡ് 350 km/h, നിര്‍മ്മാണം നടക്കുന്നു
കേരളം- 532 കിലോമീറ്റര്‍ - നാലു മണിക്കൂര്‍ - പ്ലാന്‍ കോള്‍ഡ് സ്റ്റോറേജില്‍
ഇവിടെ ആര്‍ക്കാണിത്ര തിരക്ക്?
പക്ഷെ കാലമിനിയുമുരുളും
കെ റെയില്‍ വരും
വാഴ വച്ചവരൊക്കെ വാഴയാകും