ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഞെട്ടിക്കാന്‍ ഷമി മടങ്ങിയെത്തുന്നു, ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി സൂപ്പര്‍താരത്തിന്റെ പ്രഖ്യാപനം
ന്യൂഡല്‍ഹി: പരിക്കിനെതുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്ന പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ഷമിയുടെ ഫിറ്റ്നസിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉയരുന്നതിനിടെ, താന്‍ പൂര്‍ണ്ണമായും വേദനാമുക്തനാണെന്നും അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പര്യടനത്തില്‍ താന്‍ എത്തുമെന്നും മുഹമ്മദ് ഷമി ഉറപ്പുനല്‍കി.
ഞായറാഴ്ച ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് ശേഷമുള്ള നെറ്റ് സെഷനില്‍ ഷമി പൂര്‍ണ്ണ തീവ്രതയോടെ പന്തെറിഞ്ഞു. കഴിഞ്ഞ വര്‍ഷം കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് കരകയറുന്നതിനിടെ ഷമിയുടെ കാല്‍മുട്ടിന് നീര്‍വീക്കമുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്.
ഇതുവരെ ഹാഫ് റണ്ണപ്പ് ആയിരുന്നെങ്കില്‍ പൂര്‍ണ തീവ്രതയോടെയാണ് ഇപ്പോള്‍ പന്തെറിയുന്നതെന്ന് ഷമി പറഞ്ഞു. നവംബര്‍ 22 മുതലാണ് ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര ആരംഭിക്കുന്നത്. നിലവില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരയിലെ പ്രധാന ബൗളര്‍. മുഹമ്മദ് സിറാജ് ഫോമിലല്ലാത്തതിനാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യ സ്പിന്നര്‍മാരെ കൂടുതല്‍ ആശ്രയിക്കേണ്ടിവരും.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുന്‍പ് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഷമി താത്പര്യം പ്രകടിപ്പിച്ചു. ഫിറ്റ്നസിലാണാണ് ശ്രദ്ധയെല്ലാമെന്ന് ഷമി വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പരമ്പരയില്‍ എത്രത്തോളം കരുത്തുനേടാന്‍ കഴിയുമെന്ന് നോക്കുന്നു. കളിക്കളത്തില്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അതിനാല്‍ രഞ്ജി ട്രോഫിയില്‍ കളിച്ചേക്കുമെന്നും ഷമി പറഞ്ഞു.
2023 നവംബര്‍ 19 ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിട്ട ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇതിനുശേഷം പരിക്ക് മൂലം താരം വിട്ടുനില്‍ക്കുകയായിരുന്നു.