ഒരു കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ടെക്കി, കാരണമറിഞ്ഞപ്പോള്‍ കൈയ്യടിച്ച് സോഷ്യല്‍മീഡിയ

varun hasija
varun hasija

ബെംഗളൂരുവിലെ പ്രൊഡക്ട് മാനേജ്മെന്റ് റോളില്‍ നിന്ന് രാജിവച്ച് താന്‍ ഒരു സുപ്രധാന തീരുമാനമെടുത്തതായി ഹസിജ എക്‌സിലെ പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.

ബെംഗളുരു: ഒരു കോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുകയെന്നത് അധികമാര്‍ക്കും സങ്കല്‍പ്പിക്കാവുന്ന കാര്യമല്ല. പ്രത്യേകിച്ചും മറ്റൊരു ജോലിയും ശരിയായില്ലെന്നിരിക്കെ വമ്പന്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സോഷ്യല്‍മീഡിയയുടെ കൈയ്യടിവാങ്ങുകയാണ് ബെംഗളുരു സ്വദേശിയായ ടെക്കി വരുണ്‍ ഹസിജ.

ബെംഗളൂരുവിലെ പ്രൊഡക്ട് മാനേജ്മെന്റ് റോളില്‍ നിന്ന് രാജിവച്ച് താന്‍ ഒരു സുപ്രധാന തീരുമാനമെടുത്തതായി ഹസിജ എക്‌സിലെ പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ഈ സ്ഥാനത്ത് പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപയാണ് ശമ്പളം. ഒരു പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍ അര്‍ത്ഥവത്തായ ഒരു ഇടവേളയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് മറ്റൊരു ജോലി വാഗ്ദാനവുമില്ലാതെ യുവാവ് കടുത്ത തീരുമാനമെടുത്തത്.

തന്റെ തീരുമാനം ആവേശഭരിതമായിട്ടല്ലെന്നും സന്തോഷം, സ്വാധീനം, സമ്പാദിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ വിലയിരുത്തലാണ് തീരുമാനത്തിന് അടിസ്ഥാനമെന്നും ഹസിജ പറയുന്നു. ജോലിയിലെ സന്തോഷം ഈ ടെക്കിയെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്തതാണ്. ജോലി സ്ഥലത്തെ സ്വാധീനവും അതുപോലെത്തന്നെ. അതേസമയം സമ്പത്ത് സൃഷ്ടിക്കുന്നത് വ്യക്തിഗത സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നു.

തന്റെ ജോലിയില്‍ സന്തോഷം കൂടുതലായി നഷ്ടമായതായി ഹസിജ കണ്ടെത്തി. എഡ്ടെക് മേഖല, ഇതിനകം തന്നെ വലിയ മത്സരത്തെ പോരാട്ടങ്ങളെ അഭിമുഖീകരിക്കുന്നു. അതിന്റെ സംഘര്‍ഷം സ്വാഭാവികമായും ജോലിക്കാരേയും ബാധിക്കും. ഇതാണ് ജോലി വിടാനുളള പ്രധാന കാരണം. രാജ്യത്തെ കോടിക്കണക്കിന് ഐടി ജീവനക്കാര്‍ ഇതേ പ്രശ്‌നം അഭിമുഖീകരിക്കുന്നതിനാല്‍ ഹസിജയുടെ പോസ്റ്റ് അതിവേഗമാണ് വൈറലായത്.

ഭൂരിഭാഗംപേരും ഹസിജയുടെ ധൈര്യത്തെ അഭിനന്ദിക്കുകയും സന്തോഷത്തിന് പ്രാധാന്യം നല്‍കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു. ചെറിയൊരുവിഭാഗം ആളുകള്‍ വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നതിനെ വിമര്‍ശിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഹസിജയെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്.

Tags