കോണ്‍ഗ്രസിനെ നയിക്കുന്നത് കോട്ടയം കുഞ്ഞച്ചന്മാര്‍, ശൈലജ ടീച്ചര്‍ക്കെതിരായ അശ്ലീല അധിക്ഷേപത്തില്‍ ബല്‍റാമിനേയും കൊട്ടി സ്വരാജ്


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന അശ്ലീല അധിക്ഷേപത്തിന് മറുപടിയുമായി സിപിഎം നേതാവ് എം സ്വരാജ്. കേരളം സ്‌നേഹാദരങ്ങളോടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ശൈലജ ടീച്ചറെയാണ് ഹീനമായ വ്യക്തിഹത്യക്കിരയാക്കുന്നതെന്നും കോണ്‍ഗ്രസിനെ നയിക്കുന്നത് കോട്ടയം കുഞ്ഞച്ചന്മാരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് സൈബര്‍ ആക്രമണം നടത്തിയ സംഭവങ്ങളും സൈബര്‍ അധിക്ഷേപം നടത്തിയ വ്യക്തിയെ കോണ്‍ഗ്രസ് നേതൃത്വം ജയിലില്‍ നിന്നും പുറത്തിറക്കി കെ എസ് യു ജില്ലാ സെക്രട്ടറിയാക്കിയ കാര്യവും സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'കോട്ടയം കുഞ്ഞച്ചന്‍'മാര്‍ കോണ്‍ഗ്രസിനെ നയിക്കുമ്പോള്‍ ...
തിരഞ്ഞെടുപ്പ് അടുക്കുന്തോറും കോണ്‍ഗ്രസിന്റെ മാനസികനില അപകടകരമാംവിധം മലിനമായിക്കൊണ്ടിരിക്കുകയാണ്.
കേരളം സ്‌നേഹാദരങ്ങളോടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച
കെ കെ ശൈലജ ടീച്ചറെയാണ് ഹീനമായ വ്യക്തിഹത്യക്കിരയാക്കാന്‍ ഇക്കൂട്ടര്‍ ഇപ്പോഴിറങ്ങിത്തിരിച്ചിരിക്കുന്നത്.
തങ്ങളെ എതിര്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയാണ് എന്ന ഒറ്റക്കാരണത്താല്‍ 68 വയസുള്ള ശൈലജ ടീച്ചര്‍ക്കെതിരെ അശ്ലീല പ്രചരണം നടത്താന്‍ കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് ഒരു മടിയുമില്ല .
മനുഷ്യരായി പിറന്നവരാരും ചെയ്യാത്ത നെറികേട് പിടിക്കപ്പെടുകയും നാട് തിരിച്ചറിയുകയും ചെയ്തപ്പോള്‍
അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന മട്ടിലാണ് പ്രതിപക്ഷ നേതാവു മുതല്‍ വടകര MLA വരെ പച്ചക്കള്ളം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് അംഗം മുതല്‍ അഖിലേന്ത്യ കോ- ഓര്‍ഡിനേറ്ററായ യൂത്ത് നേതാവു വരെ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുമ്പോഴാണ് ഞങ്ങളിതൊന്നുമറിഞ്ഞില്ലെന്ന് , എല്ലാം വെറും പ്രചരണം മാത്രമെന്ന് ഇക്കൂട്ടര്‍ ലജ്ജയില്ലാതെ ആവര്‍ത്തിക്കുന്നത്.
സൈബറിടങ്ങളിലെ വ്യക്തിഹത്യകള്‍ക്കും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കുമെതിരെ നിരന്തരം ആഞ്ഞടിക്കുന്ന പലരും ഇപ്പോള്‍ പാലിക്കുന്ന മൗനവും ശ്രദ്ധേയമാണ്.
ചിലര്‍ ബാലന്‍സിങ് സിദ്ധാന്തങ്ങളുമായി രംഗത്തിറങ്ങാനുള്ള അസാമാന്യ തൊലിക്കട്ടിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എല്ലാ പാര്‍ട്ടിക്കാരും ഇത്തരത്തിലൊക്കെ ചെയ്യാറുണ്ടെന്ന് സമര്‍ത്ഥിച്ച് കോണ്‍ഗ്രസിനെ അത്തര്‍ പൂശാന്‍ ശ്രമിക്കുന്നവരുടെ പിന്തുണയാണ് ക്രിമിനല്‍ ആഭാസന്‍മാര്‍ക്ക് ശക്തി നല്‍കുന്നത്.
സൈബര്‍ അധിക്ഷേപങ്ങളുടെയും വ്യക്തിഹത്യകളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യത്തിലെ മാധ്യമങ്ങളുടെയും മറ്റു ചിലരുടെയും ഇരട്ടത്താപ്പ് വ്യക്തമാവും.
തങ്ങള്‍ക്കിഷ്ടമില്ലാത്തവര തെറിവിളിക്കുന്ന, ലൈംഗികാധിക്ഷേപം നടത്തുന്ന സൈബര്‍ ഭീരുക്കള്‍ എല്ലാ പാര്‍ട്ടിയിലുമില്ലേ?
എന്ന നിഷ്‌കളങ്ക ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.
എന്താണ് വസ്തുത?
സൈബര്‍ ഇടങ്ങളില്‍ മുഖമുള്ളവരും ഇല്ലാത്തവരുമായ ഇത്തരക്കാര്‍ എല്ലാ പാര്‍ട്ടികളെയും പിന്തുണക്കുന്നവരില്‍ ഉണ്ട് എന്നത് സത്യമാണ്.
എന്നാല്‍ ഇത്തരക്കാരോട് ഓരോ പാര്‍ട്ടിയും പുലര്‍ത്തുന്ന സമീപനമെന്താണ്?
ഇത്തരം സംഭവങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ് ? എന്നതൊക്കെയാണ് പ്രസക്തം.
ഇടതുപക്ഷത്തെ പിന്തുണക്കുന്ന ആരെങ്കിലും ഒരാള്‍ സൈബര്‍ ഇടത്തില്‍ അനുചിതമായി പെരുമാറിയാല്‍ അയാളെ പിന്തുണക്കാനോ ഏറ്റെടുക്കാനോ ഇടതു നേതൃത്വത്തില്‍ ആരും തയാറാവുന്നില്ല എന്ന വസ്തുത പലരും കണ്ടില്ലെന്ന് നടിക്കുന്നു .
മാത്രവുമല്ല ഇത്തരം തെറ്റായ പ്രവണതകള്‍ക്കതിരെ നിരന്തരം ശബ്ദിക്കാനും ഇടതുപക്ഷം തയ്യാറാവുന്നു .
ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയും ചെറുതല്ല.
മറിച്ച് വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനമെന്താണ് ? സൈബര്‍ ക്രിമിനല്‍ സംഘത്തെ പിന്തുണയ്ക്കുന്നു എന്ന് മാത്രമല്ല ഇത്തരം വ്യക്തിഹത്യാ പരിപാടികള്‍ക്കായി പണം കൊടുത്ത് വികൃതമനസ്‌കരെ നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസും ലീഗും ബി ജെ പിയും.
ഈയടുത്താണ് ഇടതുപക്ഷ യുവജന നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന അശ്ലീല അക്രമണവുമായി 'കോട്ടയം കുഞ്ഞച്ചന്‍' എന്ന പ്രൊഫൈല്‍ രംഗത്തു വന്നത്. യുവജന നേതാക്കളോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ അവരുടെ ഭാര്യമാരെ വ്യക്തിഹത്യ ചെയ്യാനാണ് ഈ മലിനമനസ്‌കന്‍ പുറപ്പെട്ടത്. അന്തരിച്ച പി ബിജുവിന്റെ ഭാര്യയെ പോലും ഈ നരാധമന്‍ അധിക്ഷേപിച്ചു. ഈ വ്യാജ പ്രൊഫൈലിനെതിരെ നിയമനടപടി സ്വീകരിക്കുകയുണ്ടായി . കോട്ടയം കുഞ്ഞച്ചന്‍ എന്ന അശ്ലീല അക്കൗണ്ടിന്റെ യഥാര്‍ത്ഥ മുഖം സൈബര്‍ പോലീസ് കണ്ടെത്തി. തിരുവനന്തപുരത്തെ കെ എസ് യു നേതാവായിരുന്നു പ്രതി. ഇയാളെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ കെ പി സി സി നേരിട്ടാണ് രംഗത്തിറങ്ങിയത്.
സൈബര്‍ രംഗത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും നേതൃത്വം കൊടുക്കുന്ന നെറികേടിന്റെ ആള്‍രൂപമായ നേതാവു തന്നെ ജാമ്യമെടുത്തതില്‍ മേനിനടിച്ചുകൊണ്ട് ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം ക്രിമിനലുകളെ തുടര്‍ന്നും സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.
ഈ കുറ്റവാളി അടുത്ത ദിവസം സമാനമായ കേസില്‍ പാലക്കാട്ട് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു . ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ ഈ ക്രിമിനലിനെ കോണ്‍ഗ്രസ് നേതൃത്വം
കെ എസ് യു ജില്ലാ സെക്രട്ടറിയായി നിയമിച്ചു !
എന്തു സന്ദേശമാണ് സൈബര്‍ ക്രിമിനലുകള്‍ക്ക് കോണ്‍ഗ്രസ് പകര്‍ന്നു നല്‍കുന്നത് ?
എന്തു ഹീനകൃത്യം നടത്തിയാലും സംരക്ഷിക്കാനും ജാമ്യത്തിലെടുക്കാനും നേതൃസ്ഥാനങ്ങള്‍ നല്‍കാനും തങ്ങളുണ്ടെന്ന് പരസ്യമായി വിളിച്ചു പറയുന്ന വലതുപക്ഷ ജീര്‍ണത കണ്ടില്ലെന്നു നടിക്കുന്നവരോട് ഒന്നും പറയാനില്ല .
ഇതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ക്രിമിനല്‍ സംഘത്തെ തീറ്റ കൊടുത്ത് പോറ്റുന്ന കോണ്‍ഗ്രസ് എതിരാളെ വേട്ടയാടാന്‍ മനോവൈകൃതമുള്ള ഇക്കൂട്ടരെയാണ് ഉപയോഗിക്കുന്നത്.
ഇനി മറ്റൊരു കാര്യം:
ക്രിമിനല്‍ സംഘത്തെ സൈബര്‍ ഇടങ്ങളില്‍ കൂലിക്ക് ഉപയോഗിക്കുക മാത്രമല്ല
കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തന്നെ സെബര്‍ കുറ്റകൃത്യങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും നേരിട്ട് നേതൃത്വം നല്‍കുന്നതും പതിവുകാര്യം മാത്രം.
വിയോജിപ്പിന്റെ പേരില്‍ പ്രശസ്ത എഴുത്തുകാരി ശ്രീമതി കെ ആര്‍ മീരയെ അധിക്ഷേപിക്കുകയും കടിച്ചു കീറാനായി തങ്ങളുടെ സൈബര്‍ അടിമകള്‍ക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തത് വിവരമില്ലാത്ത ഏതെങ്കിലുമൊരു കോണ്‍ഗ്രസ് അണിയായിരുന്നില്ല നേതാവ് തന്നെയായിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹഫോട്ടോയില്‍ നിന്നും LDF കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യയുടെ തലവെട്ടിമാറ്റി സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ തല മോര്‍ഫു ചെയ്തുചേര്‍ത്ത വ്യാജ ചിത്രവുമായി നടത്തിയ നുണപ്രചരണത്തിന്റെ നേതൃത്വം കൊല്ലം ഡിസിസി പ്രസിഡന്റിനും എറണാകുളത്തെ കെ പി സി സി ജനറല്‍ സെക്രട്ടറിയ്ക്കുമായിരുന്നു എന്നതും മറക്കാറായിട്ടില്ല. ഇത്തരമൊരു നികൃഷ്ടമായ ചെയ്തി ഏതെങ്കിലും സി പി ഐ (എം) ജില്ലാ സെക്രട്ടറിയാണ് ചെയ്തതെങ്കില്‍ എന്തായിരിക്കും സ്ഥിതിയെന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും.
ഇവിടെയും നേതാക്കള്‍ നേരിട്ടാണ് മോര്‍ഫിങ്ങ് പരിപാടിയ്ക്ക് നേതൃത്വം കൊടുത്തത് . മുഖമില്ലാത്ത അണികളായ അടിമകളെയല്ല നേതാക്കളെയാണ് ആദ്യം എതിര്‍ക്കേണ്ടതും തുറന്നു കാട്ടേണ്ടതും.
കുറച്ചു നാള്‍മുമ്പ് ,
മന്ത്രിയായിരുന്ന
മേഴ്സി കുട്ടിയമ്മയ്‌ക്കെതിരെ അശ്ലീല ആക്ഷേപങ്ങള്‍ ചൊരിഞ്ഞ് വ്യക്തിഹത്യ നടത്തിയതിന് കേസില്‍ പ്രതിയായത് പ്രതിപക്ഷനേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു എന്നത് എത്ര ഭംഗിയായാണ് ഇപ്പോള്‍ ചിലര്‍ മറന്നു കളയുന്നത് .
എന്തിനധികം
സ്വന്തം വെരിഫൈഡ് ഐഡിയിലൂടെ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തിക്കൊണ്ട് കോണ്‍ഗ്രസ് സംസ്‌കാരം പ്രദര്‍ശിപ്പിച്ചത് സാക്ഷാല്‍ പ്രതിപക്ഷ നേതാവായിരുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ വ്യാജ അശ്ലീല വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച ക്രിമിനലുകളെ ന്യായീകരിച്ചതും, ' ഇത്തരം വീഡിയോ കിട്ടിയാല്‍ ആരാണ് പ്രചരിപ്പിക്കാത്തത് ' എന്ന വഷളത്തരം പറഞ്ഞതും അദ്ദേഹം തന്നെയായിരുന്നല്ലോ.
ആ പ്രതിപക്ഷ നേതാവിനെ പത്ര സമ്മേളന വേദിയില്‍ വെച്ച് കണ്ണുപൊട്ടുന്ന തെറി വിളിച്ച കെ പി സി സി പ്രസിഡന്റിനെയും അടുത്ത കാലത്ത് കേരളം കണ്ടു.
ഇവരില്‍ നിന്നൊക്കെ എന്തു മാന്യതയാണ് പ്രതീക്ഷിക്കാനാവുക?
ഏതെങ്കിലും വിവരം കെട്ട സൈബര്‍ ക്രിമിനലിനെക്കുറിച്ചല്ല പരാതി. എന്തു ഹീനകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ മനസുമായി നടക്കുന്ന കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വമാണ് പ്രതിക്കൂട്ടില്‍.
നിങ്ങളുടെ സ്ത്രീവിരുദ്ധ - തൊഴിലാളി വിരുദ്ധ - കീഴാളവിരുദ്ധ മനസാണ് പ്രശ്‌നം. നിങ്ങളെ നയിക്കുന്ന മലിന ചിന്തകളാണ് പ്രശ്‌നം.
ശൈലജ ടീച്ചറെ 'വെറും തുന്നല്‍ ടീച്ചര്‍ ' എന്ന് പരിഹസിക്കുകയും നവകേരള നിര്‍മിതിക്ക് നേതൃത്വം നല്‍കിയ
ടി എം തോമസ് ഐസക്കിനെ കയറു പിരിശാസ്ത്രജ്ഞന്‍ എന്നാക്ഷേപിക്കുകയും ചെയ്തത് വലതു പക്ഷ നേതൃത്വത്തിന്റെ മലിന മനസാണ്. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം വടകരയില്‍ മുഴങ്ങിയ 'തൊഴിലുറപ്പിന്‍ പെണ്ണുങ്ങളല്ലാ' എന്ന നാറുന്ന മുദ്രാവാക്യം
സ്ത്രീയും, തൊഴിലാളിയും, ദളിതരും എല്ലാം നിങ്ങള്‍ക്ക് ആക്ഷേപമായി തോന്നുന്നതില്‍ അദ്ഭുതമില്ല. കാരണം മനുഷ്യ രൂപമുണ്ടെങ്കിലും മനുഷ്യത്വത്തില്‍ നിന്നും പ്രകാശവര്‍ഷങ്ങള്‍ക്കകലെ കഴിയുന്നവരാണ് നിങ്ങള്‍.
തുന്നല്‍ ടീച്ചര്‍ എന്നു പരിഹസിച്ച് പ്രചരണം നടത്തിയവര്‍ക്ക് ശൈലജടീച്ചര്‍ അന്നു നല്‍കിയ മറുപടി ഞാന്‍ തുന്നല്‍ ടീച്ചറല്ല, ഫിസിക്‌സ് ടീച്ചറാണ് എന്നായിരുന്നില്ല , മറിച്ച്
'തുന്നല്‍ ടീച്ചര്‍ക്കെന്താ കുഴപ്പം?' എന്നായിരുന്നു.
മനുഷ്യവിരുദ്ധതയുടെ മാലിന്യം ഭക്ഷിച്ചു ജീവിക്കുന്ന ഭീരുക്കളേ നിങ്ങള്‍ക്ക് ആ മറുപടിയുടെ ഔന്നത്യം മനസിലാവില്ല .
അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ മുതല്‍ ഗ്രാമ പഞ്ചായത്തംഗം വരെ കെ കെ ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ നവമാധ്യമങ്ങളില്‍ പറന്നു നടക്കുമ്പോഴും തങ്ങള്‍ ഇതൊന്നും കണ്ടിട്ടില്ലെന്നും ശൈലജ ടീച്ചര്‍ക്കെതിരെ ആരും സൈബര്‍ അക്രമണം നടത്തിയിട്ടില്ലെന്നും നിരന്തരം നുണ പറയുന്ന നീചരെ, നിങ്ങളെ കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു.
നിങ്ങളെ രക്ഷിക്കാന്‍ നെറികെട്ട കൂലിയടിമകളുടെ ആഭാസ പ്രകടനങ്ങള്‍ക്കാവില്ല.
ഇത് ശൈലജ ടീച്ചറാണ്..
ഇടതു പക്ഷമാണ്....
മഹാവ്യാധികളെ പൊരുതിത്തോല്‍പിക്കാന്‍ കേരളത്തെ നയിച്ച ടീച്ചറെ വടകര ഹൃദയത്തില്‍ സ്വീകരിക്കുക തന്നെ ചെയ്യും.
നിപയും , കോവിഡും , കോണ്‍ഗ്രസും നാടിനാപത്താണെന്ന് ജനങ്ങള്‍ക്കറിയാം.