'പലസ്തീനികള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്', വൈറലായി എം സ്വരാജിന്റെ കുറിപ്പ്

M Swaraj
M Swaraj

തിരുവനന്തപുരം: പലസ്തീനിലെ ഹമാസും ഇസ്രായേലും തമ്മില്‍ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. പലസ്തീനികളേയും ഇസ്രായേലിനേയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുമ്പോള്‍ തന്നെ അനീതി നടന്നുകഴിഞ്ഞെന്ന് സ്വരാജിന്റെ കുറിപ്പില്‍ പറയുന്നു.

tRootC1469263">

എന്നും എപ്പോഴും അനീതിക്കിരയായവരാണ് പലസ്തീനികള്‍. 75 വര്‍ഷമായി അവര്‍ കൊടുക്രൂരത അനുഭവിക്കുന്നു. സയണിസ്റ്റ് ഭീകരത വാ പിളര്‍ന്നു നില്‍ക്കുമ്പോള്‍ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവര്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികള്‍ തന്നെയാണെന്ന് സ്വരാജ് വ്യക്തമാക്കി.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയ  തിരുവിതാംകൂറിലെ ഗോത്രവര്‍ഗ്ഗത്തിലെ നായാടി സമുദായത്തില്‍പെട്ട ധര്‍മപാലനോട്  ഓഫീസര്‍മാരിലൊരാള്‍ ചോദിക്കുന്നു :
' .... നിങ്ങള്‍ ഓഫീസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്ത് തീരുമാനമാണ് എടുക്കുക ?. '
ഇന്റര്‍വ്യൂ ബോര്‍ഡിലെ ഓഫീസറുടെ ചോദ്യത്തിന് ഉറച്ച ശബ്ദത്തില്‍ ധര്‍മപാലന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു :
' സര്‍ ,
ന്യായം എന്നു വെച്ചാല്‍ എന്താണ് ?.
വെറും നിയമങ്ങളും സമ്പ്രദായങ്ങളും ആണോ ന്യായത്തെ തീരുമാനിക്കേണ്ടത്? .  ന്യായം എന്നു പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മ്മം ഉണ്ടായിരിക്കണം. ധര്‍മ്മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്തും നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണംതന്നെ  നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു.  അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്. '
ധര്‍മപാലന്റെ മറുപടി കേട്ടുകഴിഞ്ഞപ്പോള്‍ ഒരു തുടര്‍ ചോദ്യം കൂടി ഓഫീസര്‍ ധര്‍മപാലനു നേരെ ഉയര്‍ത്തുന്നു.
' അത് കൊലപാതകമാണെങ്കിലോ ?
മിസ്റ്റര്‍ ധര്‍മപാലന്‍, കൊലപാതകമാണെങ്കില്‍ നിങ്ങള്‍ എന്തു പറയും ?'
യാതൊരു സംശയവും ആശയക്കുഴപ്പവുമില്ലാതെ ധര്‍മപാലന്റെ മറുപടിയിങ്ങനെ:
' സാര്‍ , കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണ് നിരപരാധി ...
അവനോടു തന്നെയാണ് അനീതി കാട്ടിയിട്ടുള്ളത് ' .
പ്രശസ്തനായ എഴുത്തുകാരന്‍ ജയമോഹന്റെ 'നൂറു സിംഹാസനങ്ങള്‍'
എന്ന നോവലിലെ ഒരു ഭാഗമാണ് മുകളില്‍ പരാമര്‍ശിച്ചത്.
എന്തുതന്നെ ചെയ്താലും, അത് കൊലപാതകമായാല്‍ പോലും  ഒരു നായാടി നിരപരാധിയാകുന്നത് എങ്ങനെയാണന്ന് എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലായിക്കൊള്ളണമെന്നില്ല. സാമ്പ്രദായികവും പരമ്പരാഗതവുമായ നീതിബോധത്തിന്റെ ഗോപുരങ്ങള്‍ക്കകത്ത് പാര്‍ക്കുന്ന 'നീതിമാന്മാര്‍ക്ക് ' ഇതൊട്ടും മനസിലാവുകയുമില്ല.
അതു മനസിലാകണമെങ്കില്‍ ആരാണ് നായാടി എന്നറിയണം. അവരോട് കാലവും ലോകവും ചെയ്തതെന്താണെന്ന് അറിയണം.
ജയമോഹന്റെ നോവലില്‍ , സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനിടയില്‍  നായാടികളെപ്പറ്റിയുള്ള ചോദ്യത്തിന് ധര്‍മപാലന്‍ വിശദമായി മറുപടി പറയുന്നുണ്ട്. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവലിലെ പ്രസ്തുത ഭാഗം ധര്‍മപാലന്  മന:പാഠമായിരുന്നു
അത് ഇങ്ങനെയാണ് :
'നായാടികള്‍ അലഞ്ഞുതിരിയുന്ന കുറവരാണ്. ഇവരെ കണ്ടാല്‍ത്തന്നെ അയിത്തമാണ് എന്നായിരുന്നു വിശ്വാസം. അതുകൊണ്ട് പകല്‍ വെട്ടത്തില്‍ സഞ്ചരിക്കാനുള്ള അവകാശം ഇവര്‍ക്കില്ലായിരുന്നു. ഇവരെ നേര്‍ക്കുനേര്‍ കണ്ടാല്‍ ഉടന്‍ തന്നെ ഉയര്‍ന്ന ജാതിക്കാര്‍ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലുകയാണ് പതിവ്. അതുകൊണ്ട് ഇവര്‍ പകല്‍ മുഴുവന്‍ കാടിന്റെയുള്ളില്‍ ചെടികളുടെ ഇടയ്ക്ക് കുഴിതോണ്ടി അതില്‍ കുഞ്ഞുകുട്ടികളോടെ പന്നി കളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഇവര്‍ മൂധേവിയുടെ അംശമുള്ളവരാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇവര്‍ക്ക് തവിട്, എച്ചില്‍, ചീഞ്ഞ വസ്തുക്കള്‍ തുടങ്ങിയവ ചിലര്‍ വീട്ടീന്ന് വളരെ അകലെ കൊണ്ടുവെക്കുന്ന പതിവുണ്ട്. ഇവര്‍ കൈയില്‍ കിട്ടുന്ന എന്തും തിന്നും, പുഴുക്കള്‍, എലികള്‍, ചത്തുപോയ ജീവികള്‍ - എല്ലാം ചുട്ടു തിന്നും . മിക്കവാറും പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും പച്ചയായിത്തന്നെ കഴിക്കും. പൊതുവേ ഇവര്‍ കുറിയ കറുത്ത മനുഷ്യരാണ്. നീളമുള്ള വെളുത്ത പല്ലുകളും വലിയ വെളുത്ത കണ്ണുകളും ഉള്ളവര്‍. ഇവരുടെ ഭാഷ പഴന്തമിഴാണ്. ഇവര്‍ക്ക് ഒരു കൈത്തൊഴിലും അറിയില്ല. ഇവരുടെ കൈയില്‍ സ്വന്തമായി യാതൊരു വസ്തുക്കളും ഉണ്ടായിരിക്കില്ല. ഇവര്‍ക്ക് സ്ഥിരമായ പാര്‍പ്പിടം ഇല്ല എന്നതുകൊണ്ടുതന്നെ ഇവരെ ഒരിടത്തും സ്ഥിരമായി കാണാന്‍ കഴിയുകയുമില്ല. തിരുവിതാംകൂറില്‍ ഇവര്‍ എത്ര പേരാണ് ഉള്ളത് എന്നു കൃത്യമായി പറയാന്‍ കഴിയില്ല. ഇവരെക്കൊണ്ട് സര്‍ക്കാരിന് യാതൊരു വരുമാനവും ഇല്ല. '
ഇങ്ങനെയാണ് നോവലില്‍ നായാടികളെപ്പറ്റി വിശദീകരിക്കുന്നത്.
ഇങ്ങനെ ഒരു വിഭാഗത്തെ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ ?
നീതിയെന്ന വാക്കിന്റെ പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ നിര്‍ത്തിയിരിക്കുന്ന ഈ മനുഷ്യരോട് ഏത് നീതിയെക്കുറിച്ചാണ് നാം സംസാരിക്കുന്നത് ?
ഇത്രയും പറഞ്ഞത് ഇസ്രായേല്‍ - പലസ്തീന്‍ യുദ്ധത്തെക്കുറിച്ചാണ്.
വിശദീകരിക്കാനും നിലപാടു പറയാനും കഷ്ടപ്പെടുന്നവരുണ്ട്. ഇതിനിടയില്‍ ചില സമദൂരക്കാരുമുണ്ട് !
ഹമാസ് 5000 റോക്കറ്റ് അയച്ചത് തെറ്റായിപ്പോയന്ന് ആവര്‍ത്തിക്കുന്ന 'സമാധാനവാദികള്‍ '...
ഇപ്പോള്‍ സംഘര്‍ഷം തുടങ്ങി വെച്ചത് പലസ്തീനാണെന്ന് രോഷം കൊള്ളുന്നവര്‍...
അത് ഇസ്രായേലിന് തിരിച്ചടിക്കാന്‍ അവസരമായെന്ന് വിലപിക്കുന്നവര്‍ ...
തങ്ങള്‍ നിഷ്പക്ഷരാണ്, യുദ്ധത്തിനെതിരാണ് , ഇസ്രായേലും പലസ്തീനും യുദ്ധം അവസാനിപ്പിക്കണം എന്ന് ഉപന്യാസമെഴുതുന്നവര്‍ ...
ഉറപ്പിച്ചു പറയുന്നു,
ഇസ്രായേലിനെയും പലസ്തീനെയും ഇരുവശത്തായി നിര്‍ത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞു.
പലസ്തീനികള്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവര്‍ നിരപരാധികളാണ്.
അതെ, അതെന്തു തന്നെയായാലും ...
ഏതു യുദ്ധവും എതിര്‍ക്കപ്പെടേണ്ടതാണ്. മനുഷ്യര്‍ തമ്മില്‍ ആയുധമെടുത്തും ചോരവീഴ്ത്തിയും ബലം പരീക്ഷിക്കുന്ന മനുഷ്യവിരുദ്ധതയെ എന്നും എതിര്‍ക്കുകയും ചെയ്യും.
എന്നാല്‍ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി കാണിച്ചിട്ടുള്ളത്.
പഴകി തുരുമ്പിച്ച നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവര്‍ മുക്കാല്‍ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണ്.
കാണക്കാണെ ഒരു രാഷ്ട്രം ഇല്ലാതായപ്പോള്‍ നിശബ്ദരായിരുന്നവരാണ്.
അവശേഷിച്ച ഒരു പിടി മണ്ണിലും കുഞ്ഞുങ്ങളുടെ ശവക്കുഴിയെടുത്തു തളര്‍ന്ന പലസ്തീനികളോട് ഒരു വാക്കു കൊണ്ടു പോലും ഐക്യപ്പെടാന്‍ അറച്ചുനിന്ന മനുഷ്യ സ്‌നേഹികളില്‍ നിന്നും ആരും നീതി പ്രതീക്ഷിക്കുന്നില്ല.
ഒരിക്കല്‍ കൂടി ഉറപ്പിച്ചു പറയുന്നു ഇനിയങ്ങോട്ടും പലസ്തീനികള്‍ എന്തു തന്നെ ചെയ്താലും അവര്‍ നിരപരാധികളാണ്...
മുക്കാല്‍ നൂറ്റാണ്ടായി
കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവര്‍.
സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവര്‍.
സഹോദരങ്ങളായ പതിനായിരങ്ങള്‍ കണ്മുന്നില്‍ കൊല്ലപ്പെടുന്നത് ശ്വാസമടക്കി കണ്ടു നില്‍ക്കേണ്ടി വന്നവര്‍...
സ്വന്തം രാജ്യവും തെരുവുകളും വീടും സഹോദരങ്ങളും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരാണവര്‍.
ലോക ഭൂപടത്തില്‍ ഒരു പിടി മണ്ണു വാരിവിതറിയതുപോലെ ചില ചെറിയ കുത്തുകള്‍ മാത്രമാണിന്നു പലസ്തീന്‍ .
ആ ചെറുതരികള്‍ കൂടി കവര്‍ന്നെടുക്കാനും  ഒടുവിലത്തെ പലസ്തീനിയെയും  കൊന്നൊടുക്കാനും സയണിസ്റ്റ് ഭീകരത വാ പിളര്‍ന്നു നില്‍ക്കുമ്പോള്‍ സ്വന്തം രാജ്യവും ജനതയും എന്നേക്കുമായി മാഞ്ഞു പോകുന്നതിനു മുമ്പ് ഒടുവിലായവര്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും  അവര്‍ നിരപരാധികള്‍ തന്നെ..

 

Tags