തിരുവമ്പാടി കെഎസ്ഇബി ആക്രമണം, ആക്രമിച്ചയാളുടെ പിതാവിന് 11 കണക്ഷനുകള്‍, പണം അടയ്ക്കാതിരിക്കല്‍ പതിവ്, ജീവനക്കാരുടെ ദേഹത്ത് കറിയൊഴിച്ചു

KSEB Thiruvambadi

 

കോഴിക്കോട്: തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചയാളുടെ പിതാവിന് 11 വൈദ്യുത കണക്ഷന്‍. ഇയാള്‍ വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുക പതിവാണെന്നും ജീവനക്കാരോട് വാക്കുതര്‍ക്കമുണ്ടാകാറുണ്ടെന്നും കെഎസ്ഇബി പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമിച്ചയാളുടെ പിതാവിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണ്.

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരില്‍ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ കെ എസ് ഇ ബി തയ്യാറാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഉറപ്പ് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാന്‍ കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് കെഎസ്ഇബി ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത്. ഇയാളുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ കെ എസ് ഇ ബി ലൈന്‍മാന്‍ പ്രശാന്ത് പി. സഹായി അനന്തു എം. കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിലുള്ള പ്രതികാരമായാണ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.

അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിച്ചതായും കെഎസ്ഇബി ആരോപിക്കുന്നു. ഓഫീസില്‍ മൂന്നുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തച്ചുതകര്‍ത്തു.

അതേസമയം, കെഎസ്ഇബി ജീവനക്കാരേയോ ഓഫീസോ അക്രമിച്ചിട്ടില്ലെന്നാണ് അജ്മലിന്റെ വീട്ടുകാര്‍ പറയുന്നത്. അക്രമത്തിന് പോലീസ് നടപടി എടുക്കുന്നതിന് പകരം വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

 

Tags