തീവ്രഹിന്ദു കൃഷ്ണരാജിനൊരു കൂട്ട്, ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പിന്തുണച്ച് പ്രൊഫസര്‍ ഷൈജ

Shaija Andavan
Shaija Andavan

കോഴിക്കോട്: രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ കാവിവത്കരണം നടക്കുകയാണെന്ന ആരോപണം ശരിവെച്ചുകൊണ്ട് കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് കമന്റ്. തീവ്രഹിന്ദുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന അഡ്വ. കൃഷ്ണ രാജിന്റെ ഗോഡ്‌സെ വാഴ്ത്തുപോസ്റ്റില്‍ ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നാണ് പ്രൊഫസറുടെ കമന്റ്.

തീവ്രഹിന്ദുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഇതേ പ്രൊഫസര്‍ തന്നെയാണ് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ത്ഥിയെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച കമ്മറ്റി അംഗം എന്നതാണ് രസകരം. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍.

ഇരുപത് വര്‍ഷത്തിലധികമായി എന്‍ഐടിയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഷൈജ 2008ല്‍ ഇന്ത്യയിലെ പ്രസിദ്ധ സയന്‍സ് സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിച്ച ഷൈജ ആണ്ടവന്‍ ഗോഡ്‌സെയെ പുകഴ്ത്തിയതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

'ഹിന്ദു മഹാസഭ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാടെടുപേരുടെ ഹീറോ' എന്ന കുറിപ്പോടെയാണ് കൃഷ്ണരാജ് പോസ്റ്റിട്ടത്. വര്‍ഗീയ ഹിന്ദുത്വ നിലപാടുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കൃഷ്ണ രാജ്. ഇത്തരമൊരു വ്യക്തിക്കൊപ്പം നിലപാടെടുക്കുന്ന പ്രൊഫസറാണ് രാജ്യത്തെ വാര്‍ത്തെടുക്കേണ്ട ഒരു തലമുറയെ പഠിപ്പിക്കുന്നത്. രാഷ്ട്രപിതാവിനെ തള്ളിപ്പറയുകയും കൊലപാതകിയെ പുകഴ്ത്തുകയും ചെയ്ത ഷൈജക്കെതിരെ പ്രതിഷേധ പരിപാടികള്‍ ആലോചിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

 

Tags