'സ്ഥിരബുദ്ധി നിര്‍ബന്ധമില്ലാത്ത ജോലിയാണ്, അങ്ങനെയൊക്കെ പറഞ്ഞെന്നുവരും', ഗവര്‍ണറുടെ അടുത്തനീക്കം എന്ത്, സര്‍ക്കാരിനെ പിരിച്ചുവിടുമോ?


തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്ത് മറ്റു ജില്ലകളിലേതിനേക്കാള്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുമുണ്ടെന്ന് പറഞ്ഞതായുള്ള വിവാദം ഏറ്റെടുത്താണ് ഗവര്‍ണറുടെ യുദ്ധപ്രഖ്യാപനം.
ഒരു ജില്ലയെ മോശക്കാരാക്കിയെന്നും രാജ്യദ്രോഹ പരാമര്‍ശമാണെന്നും ഗവര്‍ണര്‍ പറയുന്നു. കള്ളക്കടത്ത് നടന്നെങ്കില്‍ എന്തു നടപടിയെടുത്തെന്നും കസ്റ്റംസിന് വീഴ്ച വരുത്തിയാല്‍ തന്നെ അറിയിക്കേണ്ടതല്ലേയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിക്കുന്നുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റി. അതിനാല്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നിലപാട്.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനേക്കാള്‍ അധികാരം തനിക്കാണെന്നാണ് ഗവര്‍ണറുടെ നാട്യമെന്ന് സിപിഎം വിമര്‍ശിക്കുന്നു. സര്‍ക്കാരിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി വെല്ലുവിളിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെങ്കിലും അതിന് തക്കതായ കാരണം ബോധിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കണം. ഗവര്‍ണറുടെ സ്ഥാനം തന്നെ അനാവശ്യമാണെന്ന ചര്‍ച്ച നടക്കുന്ന കാലത്ത് അമിതാധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാനെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ് രൂക്ഷമായി വിമര്‍ശിച്ചു. സ്ഥിരബുദ്ധി നിര്‍ബന്ധമില്ലാത്ത ജോലിയാണ് ഗവര്‍ണറുടേയെന്നാണ് ജേക്കബിന്റെ വിമര്‍ശനം.

കെജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
രാജ്ഭവന്‍ ഗവര്‍ണര്‍ക്കു എഴുതിക്കൊടുത്തു എന്നും ഇനി അദ്ധ്യത്തിനു ഇഷ്ടമില്ലാത്ത ആരേം അങ്ങോട്ട് കയറ്റില്ലെന്നു പറഞ്ഞു എന്നുമൊക്കെ വാര്‍ത്ത കണ്ടു.
ഒള്ളതായിരിക്കും. സ്ഥിരബുദ്ധി വേണമെന്ന് നിര്‍ബന്ധമില്ലാത്ത ഒരു ജോലിയിലിരിക്കുന്ന ആളാണ്. അങ്ങിനെയൊക്കെ പറഞ്ഞെന്നും വരും.
അപ്പോള്‍പിന്നെ സ്വര്‍ണ്ണ-ഹവാല കടത്തുകളുമായി പറഞ്ഞത് മുഖ്യമന്ത്രി വിശദീകരിച്ചത് അദ്ദേഹത്തിന് ഉറപ്പായും പിടികിട്ടിയില്ല.
മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് വിമാനത്താവളം വഴി നാട്ടിലേക്കു സ്വര്‍ണ്ണവറും ഹവാലപ്പണവും കടത്തുന്നു എന്നാണ്. അത് നാടിനെതിരായ കുറ്റകൃത്യമാണ്. അത് നടക്കുന്നുണ്ട് എന്ന് പറഞ്ഞതുതന്നെയാണ്. അത് ശരിയുമാണ്.
ഇന്റര്‍വ്യൂവില്‍ പറയാത്തതും എന്നാല്‍ പറഞ്ഞു എന്ന മട്ടില്‍ അച്ചടിച്ചുവന്നതുമായ കാര്യം ഹവാലയുടെയും സ്വര്‍ണ്ണത്തിന്റെയും രൂപത്തില്‍ സംസ്ഥാന വിരുദ്ധ-രാജ്യ വിരുദ്ധ കാര്യങ്ങള്‍ക്കായി നാട്ടില്‍ പണം വരുന്നുണ്ട് എന്നാണ്. എന്നുവച്ചാല്‍ ഹവാലയും സ്വര്‍ണ്ണവും വച്ച് നാട്ടില്‍ സംസ്ഥാന വിരുദ്ധ-രാജ്യവിരുദ്ധ കാര്യങ്ങള്‍ നടക്കുന്നുണ്ട് എന്ന്.
നാടിനെതിരായ കുറ്റം വിമാനത്താവളം വഴി ഇതൊക്കെ കടത്തുന്നതാണ്. ആ പണം വച്ച് വേറെ കുറ്റം ചെയ്യുന്നുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞില്ല; അങ്ങിനെ മുഖ്യമന്ത്രിയുടെ വായില്‍നിന്നു വീഴണം എന്നാഗ്രഹമുള്ളവര്‍ പലരുണ്ടെങ്കിലും.
പറഞ്ഞതിലെ വ്യത്യാസം മനസിലാക്കാന്‍ സ്ഥിരബുദ്ധി മതി. എന്തുകൊണ്ടാണ് അങ്ങിനെ പറയാത്ത കാര്യം അച്ചടിച്ച് വന്നതില്‍ മുഖ്യമന്ത്രിയ്ക്ക് ആശങ്കയില്ലാത്തതു എന്ന് ചോദിക്കാനും അത് മതി.
അതിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ.