കേരള പോലീസ് ഡാ, പുതുവര്‍ഷത്തലേന്ന് എല്ലാം 8 മണിക്കുള്ളില്‍ പൂട്ടിക്കെട്ടണമെന്ന് താക്കീത്, എന്നിട്ടുവേണം ഏമാന്മാര്‍ക്ക് ആഘോഷിക്കാന്‍

Kerala police
Kerala police

കൊച്ചി: ലോകമെങ്ങും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തിലും പതിവുപോലെ സംസ്ഥാനമെങ്ങും പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിലും ടൂറിസം സ്‌പോട്ടുകളിലുമെല്ലാം മാസങ്ങള്‍ക്കുമുന്‍പേ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെല്ലാം ബുക്കിങ് പൂര്‍ത്തിയായിരുന്നു. ലോകത്തെ ഏറ്റവും ആകര്‍ഷകമായ ടൂറിസം സ്ഥലങ്ങളിലൊന്നായതുകൊണ്ടുതന്നെ വിദേശികളും സജീവമാണ്.

tRootC1469263">

പുതുവര്‍ഷാഘോഷം പൊടിപൊടിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കെ പല നഗരങ്ങളിലും വിചിത്രമായ നിര്‍ദ്ദേശവുമായെത്തുകയാണ് പോലീസ്. ആഘോഷങ്ങള്‍ക്ക് തടയിരുന്ന രീതിയിലാണ് പോലീസ് നിര്‍ദ്ദേശങ്ങള്‍. ഇതില്‍ത്തന്നെ വ്യത്യസ്തമായ മുന്നറിയിപ്പുമായെത്തിയത് അരീക്കോട് പോലീസാണ്. നഗത്തിലെ കടയുടമകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെല്ലാം നല്‍കിയ സര്‍ക്കുലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.

പോലീസ് നല്‍കിയിരിക്കുന്ന അഞ്ച് നിര്‍ദ്ദേശങ്ങളും ജനങ്ങളെ പരിഹസിക്കുന്നതാണ്. പുതുവര്‍ഷത്തലേന്ന് 8 മണിക്കുള്ളില്‍ എല്ലാം അടച്ചിടണമെന്നാണ് കടയുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അടച്ചിട്ടില്ലെങ്കില്‍ കടയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കും എന്നും സര്‍ക്കുലറിലുണ്ട്.

സര്‍ക്കുലര്‍ പുറത്തുവന്നയുടന്‍ സോഷ്യല്‍ മീഡിയയിലെങ്ങും ട്രോളുകളുമെത്തി. ഒരു ആഘോഷം എങ്ങിനെ നിയന്ത്രിക്കണമെന്ന് അറിയാത്ത ഏമാന്മാര്‍ എല്ലാം നേരത്തെ പൂട്ടി തങ്ങളുടെ ജോലി എളുപ്പമാക്കുകയാണെന്ന് പലരും ചൂണ്ടിക്കാട്ടി. നേരത്തെ വീട്ടിലെത്തി ആഘോഷിക്കാനുള്ള പോലീസിന്റെ തിടുക്കമാണിതെന്നും ക്രമസമാധാനപാലനം ഇങ്ങനെയല്ലെന്നും അവര്‍ പറയുന്നു.

പുതുവര്‍ഷം പോലൊരു ആഘോഷ പരിപാടിയിലേക്ക് പൊതുജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നിരിക്കെ പോലീസ് ഇക്കാര്യത്തില്‍ കാണിക്കുന്ന അമിത നിയന്ത്രണത്തിന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുകയും അവര്‍ക്ക് സുരക്ഷയൊരുക്കുകയും ചെയ്യേണ്ടതിന് പകരം ജോലി എളുപ്പമാക്കാനുള്ള പോലീസിന്റെ വളഞ്ഞവഴി തീര്‍ത്തും പരിഹാസ്യമാണ്.

Tags