സ്‌കൂള്‍ ബസ്സിറങ്ങുന്ന കുട്ടിയെ അതേ ബസ്സിടിക്കുന്നത് പതിവാകുന്നു, എന്തൊരു അശ്രദ്ധയാണിത്, ഡ്രൈവര്‍ക്കും സഹായിക്കും എതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കണം, കുട്ടികള്‍ സുരക്ഷിതരല്ല
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ചടങ്ങിനെന്നോണം നടത്തുന്ന ഫിറ്റ്‌നസ് പരിശോധന മാറ്റിനിര്‍ത്തിയാല്‍ മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല
തിരുവനന്തപുരം: മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു സ്‌കൂള്‍ ബസ്സിറങ്ങി വീട്ടിലേക്ക് പോകവെ അതേ ബസ്സിടിച്ച് മരിച്ച ദാരുണമായ സംഭവം ഏവരേയും സങ്കടപ്പെടുത്തുന്നതാണ്. കുട്ടി ബസ്സില്‍ നിന്നും ഇറങ്ങിയശേഷം നടക്കുമ്പോള്‍ കേബിളില്‍ കാല്‍കുരുങ്ങി ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ്സെടുത്തത് അപകടത്തിന് കാരണമായി.
സ്‌കൂള്‍ തുറന്നശേഷം സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സംഭവം പതിവാകുകയാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഭൂരിഭാഗം സ്‌കൂളുകളും ബസ്സുകള്‍ ഇറക്കുന്നത്. ശരിയായ സമയങ്ങളിലുള്ള വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിലും ഉത്തരവാദത്തമുള്ള ഡ്രൈവര്‍മാരേയും സഹായിയേയും നിയമിക്കുന്നതിലുമെല്ലാം സ്‌കൂളുകള്‍ വരുത്തുന്ന വീഴ്ച കുട്ടികളുടെ അപകടത്തിന് കാരണമാകുന്നു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ചടങ്ങിനെന്നോണം നടത്തുന്ന ഫിറ്റ്‌നസ് പരിശോധന മാറ്റിനിര്‍ത്തിയാല്‍ മോട്ടോര്‍വാഹന വകുപ്പ് ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂള്‍ വാഹനങ്ങള്‍ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞും നിരത്തിലിറക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നത് വലിയ വീഴ്ചയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലുണ്ടായ സ്‌കൂള്‍ ബസ്സ് അപകടത്തില്‍ കുട്ടി മരിക്കാനിടയായത് ഡ്രൈവറുടെ അനാസ്ഥ മൂലമാണ്. ബസ്സിന് ഫിറ്റ്‌നസ് ഇല്ലെന്നതും പിന്നീട് കണ്ടെത്തി.
സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം ശരിയായ രീതിയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്. സ്‌കൂള്‍ ബസ്സില്‍ നിന്നും കുട്ടിയെ ഇറക്കിവിട്ടാലുടന്‍ ബസ്സെടുക്കുന്നത് പതിവാണ്. എന്നാല്‍, കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താതെ ഡ്രൈവറും സഹായിയും ധൃതിപിടിക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ബസ്സിറങ്ങിയാലുടന്‍ വീട്ടിലെത്താനുള്ള ധൃതിയില്‍ കുട്ടികള്‍ ശ്രദ്ധക്കുറവ് കാണിച്ചേക്കാം. അതുകൊണ്ടുതന്നെ കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കാതെ ഡ്രൈവര്‍ ബസ്സെടുക്കരുത്.
യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി വര്‍ഷങ്ങളായി സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരോ സ്‌കൂള്‍ അധികൃതരോ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സംഭവിക്കാവുന്ന ദുരന്തങ്ങളും അവ സംഭവിക്കാതിരിക്കാനും പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പുസ്തകം തന്നെയെഴുതി.
ദുരന്തമുണ്ടാവുന്നതിനേക്കാള്‍ അതുണ്ടാകാതെ നോക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പുസ്‌കത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. സ്‌കൂളിലേക്കുള്ള യാത്രയില്‍, സ്‌കൂളില്‍, സ്പോര്‍ട്ട്സ് സമയത്ത്, ആര്‍ട്സ് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒക്കെ അപകടങ്ങള്‍ ഉണ്ടാകുന്നു. സുരക്ഷ എന്നത് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗം ആക്കണമെന്നും വിദേശ രാജ്യങ്ങളില്‍ ഇത് പ്രധാന വിഷയമാണെന്നും അദ്ദേഹം ആവര്‍ത്തിക്കാറുണ്ട്.
കുട്ടികളെ സുരക്ഷിതാക്കേണ്ട ചുമതല സര്‍ക്കാരിനാണ്. സമഗ്രമായ ഒരു സുരക്ഷാ നിയമവും വിദ്യാഭ്യാസ ബോധവത്കരണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദ്യാഭ്യാസമന്ത്രി കുട്ടികളുടെ സുരക്ഷ സംബന്ധിച്ച വിഷയം ഗൗരവത്തിലെടുത്ത് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ മുന്നിട്ടിറങ്ങണം. ഒരപകടമുണ്ടായാലുടന്‍ ചില നടപടികളെടുക്കുകയും പിന്നീട് അതേക്കുറിച്ച് മറക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍, വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ ഒരു സുരക്ഷാ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ.