കണക്കും സയന്‍സും അറിയാത്തവരെ നിര്‍ബന്ധിച്ച് എഞ്ചിനീയറിങ്ങിന് ചേര്‍ക്കും, പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് അധ്യാപിക, പല കോളേജുകളും പൂട്ടി

engineering college students

 

കൊച്ചി: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളിലെ ഫൈനല്‍ ബിടെക് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വമ്പന്‍ തോല്‍വിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. 26 എഞ്ചിനീയറിങ് കോളേജില്‍ 75 ശതമാനമാണ് തോല്‍വിയെന്നും ഒരു കോളേജില്‍ എല്ലാവരും തോറ്റെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതോടെ സ്വാശ്രയ കോളേജുകളിലെ പഠന നിലവാരവും ചര്‍ച്ചയില്‍ ഇടംപിടിച്ചു.

പ്ലസ് ടു പാസ് മാര്‍ക്ക് മാത്രം വാങ്ങിയാല്‍ പോലും എഞ്ചിനീയറിങ്ങിന് പഠിക്കാമെന്ന സ്ഥിതി ഇന്ന് നിലവിലുണ്ട്. പണമുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ നിര്‍ബന്ധിച്ച് പ്രൊഫഷണല്‍ പഠനത്തിന് അയക്കാം. എന്നാല്‍, പഠന നിലവാരത്തില്‍ പിന്നില്‍നില്‍ക്കുന്ന ഈ കുട്ടികളെ നിര്‍ബന്ധിപ്പ് പഠിപ്പിച്ചാല്‍ എവിടെയുമെത്തില്ലെന്നാണ് പരീക്ഷാഫലം തെളിയിക്കുന്നത്.

മുന്‍കാലങ്ങളില്‍ ഡിമാന്റേറെയായിരുന്ന മെക്കാനിക്കലില്‍ ഇത്തവണ 39.72 ശതമാനം മാത്രമാണ് വിജയം. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ കമ്പ്യൂട്ടര്‍ സയന്‍സില്‍ 57.25 ആണ് വിജയ ശതമാനം. സിവില്‍ എന്‍ജിനീയറിങ്ങില്‍ കഴിഞ്ഞ വര്‍ഷം 59.33 ശതമാനമുണ്ടായിരുന്ന വിജയം ഇത്തവണ 51.51 ശതമാനമായി .

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ 52.18 ശതമാനമാണ് വിജയം. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സില്‍ ഇത്തവണ 46.49 ശതമാനമാണ് വിജയം. ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ തന്നെയാണ് ഇത്തവണയും ഉയര്‍ന്ന വിജയം. 84.51 ശതമാനം. സാങ്കേതിക സര്‍വകലാശാലയുടെ മൊത്തം വിജയശതമാനവും കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 55.6 ശതമാനമായിരുന്ന ബി.ടെക് വിജയം ഇത്തവണ 53.03 ശതമാനമായി.

എഞ്ചിനീയറിങ് കോഴ്‌സുകളില്‍ വിജയശതമാനം കുറയുമ്പോള്‍ 8 വര്‍ഷം മുന്‍പ് എഴുതിയ ഒരു കുറിപ്പ് പങ്കുവെക്കുയാണ് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. കുറിപ്പില്‍ പറയുന്ന പല കോളേജുകളും ഇതിനകംതന്നെ പൂട്ടിയെന്ന് അവര്‍ പറയുന്നു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

താഴെ 2016 ലെഴുതിയ കുറിപ്പാണ്. 8 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നലെ എഞ്ചിനീയറിങ് കോളേജുകളിലെ റിസള്‍ട്ട് കണ്ടപ്പോള്‍ അവസ്ഥകള്‍ ഇങ്ങനെ തന്നെ തുടരുന്നതിലെ ആ 'അഭിമാനം' വീണ്ടും വീണ്ടും പങ്കുവെക്കാതെ വയ്യ?????? ഇതില്‍ ഞാന്‍ പരാമര്‍ശിക്കുന്ന കോളേജും മറ്റു പല കോളേജുകളും 2 കൊല്ലം മുന്‍പേ പൂട്ടിക്കെട്ടി. ബാക്കിയുള്ളവക്ക് ഭാവുകം നേരുന്നു.
'എന്ജിനീയറിംഗ് റിസള്‍ട്ട് പ്രഖ്യാപിച്ച ദിവസമായിരുന്നു. യൂനിവേഴ്‌സിറ്റിയില്‍ ഒരാവശ്യത്തിന് പോയതാണ്.കാഷ് കൌണ്ടറിന്റെ അടുത്തെക്കൊന്നും ചെല്ലാന്‍ പറ്റാത്ത തിരക്ക്. വിശ്വസിക്കാന്‍ പറ്റാത്ത ആള്‍ക്കൂട്ടം.
 തോറ്റ കുട്ടികള്‍ പുനര്‍മൂല്യ നിര്‍ണ്ണയത്തിനും പുനപ്പരീക്ഷ എഴുതാനും ആയി ഫീസ് കെട്ടാന്‍ വന്നിരിക്കുകയാണ്.
രണ്ടു കൊല്ലം മുന്‍പ് ഒരു സ്വാശ്രയ എന്ജിനീയറിംഗ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് ചെന്നപ്പോള്‍, ഒരു മികച്ച കലാലായത്തില്‍ നിന്നും വിരമിച്ച് സാമാന്യം നല്ല തുക പെന്‍ഷന്‍ വാങ്ങുന്ന അവിടുത്തെ ഗണിതശാസ്ത്രാധ്യാപിക പറഞ്ഞു, 'കണക്കും സയന്‍സും ഒന്നും അറിയാത്ത കുട്ടികളെ നിര്‍ബന്ധിച്ചു പിടിച്ചു കൊണ്ട് വന്നു ചേര്‍ക്കേണ്ട അവസ്ഥയാണ്. ഇതുങ്ങളെയൊന്നും പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. രക്ഷപെടാന്‍ പോകുന്നില്ല'. എന്നിട്ടവര്‍ പറഞ്ഞു, 'എനിക്കെന്ത്, ഞാന്‍ എന്റെ പണി ചെയ്ത് കാശും വാങ്ങിപ്പോകും' എന്ന്.
എന്തിനാണ് ഇങ്ങനെയുള്ള അധ്യാപകരും ഇങ്ങനെ ഉണ്ടാക്കുന്ന സ്ഥാപനങ്ങളും? ഡോക്ടര്‍മാരുടെ കയ്യബദ്ധങ്ങള്‍ മണ്ണിനടിയിലേക്കാണ് പോകുന്നതെങ്കില്‍ എന്‍ജിനീയര്‍മാരുടെ കയ്യബദ്ധങ്ങള്‍ മണ്ണിനു മുകളിലെഴുന്നു നില്‍ക്കും. മനുഷ്യകുലത്തിനും ഭൂമിക്കു തന്നെയും ഭീഷണിയായിട്ട്. അധ്യാപകരുടെ കയ്യബദ്ധങ്ങളാകട്ടെ  എത്രയോ തലമുറകളുടെ തലയിലേക്ക് ഇടിഞ്ഞുവീഴുകയാണ് ചെയ്യുന്നത്..
 വീടും കുടിയും വിറ്റ് കുട്ടികളെ പഠിപ്പിക്കാന്‍ ജീവിതം ഹോമിക്കുകയാണ് രക്ഷിതാക്കള്‍. നേട്ടങ്ങള്‍ ആര്‍ക്കാണ്?'

 

Tags