കര്‍ണാടകത്തില്‍ വേറെ, കേരളത്തില്‍ വേറെ, ഇതെന്ത് സിഎജി കണക്ക്? കര്‍ണാടകം പിപിഇ കിറ്റുകള്‍ വാങ്ങിയത് 2,000 രൂപയ്ക്ക് മുകളില്‍, കേരളത്തില്‍ ശരാശരി 900 രൂപയ്ക്ക്


കേരളത്തില്‍ ശരാശരി 900 രൂപയ്ക്കാണ് കിറ്റുകള്‍ വാങ്ങിയതെന്നുകാണാം. എന്നാല്‍, സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളം സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും കര്‍ണാടകയ്ക്ക് അതില്ലാതാകുന്നതും എങ്ങനെയാണെന്നാണ് ചോദ്യം.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ 10 കോടിയിലേറെ രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന സിഎജി കണക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. കേരളത്തിന്റെ അയല്‍ക്കാരായ കര്‍ണാടകം പിപിഇ കിറ്റുകള്‍ വാങ്ങിയത് 2,000 രൂപയ്ക്ക് മുകളിലാണെന്ന് രേഖകള്‍ സഹിതം ഗോപകുമാര്‍ മുകുന്ദന്‍ തുറന്നുകാട്ടുന്നു. കേരളത്തില്‍ ശരാശരി 900 രൂപയ്ക്കാണ് കിറ്റുകള്‍ വാങ്ങിയതെന്നുകാണാം. എന്നാല്‍, സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളം സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും കര്‍ണാടകയ്ക്ക് അതില്ലാതാകുന്നതും എങ്ങനെയാണെന്നാണ് ചോദ്യം.
ഗോപകുമാര്‍ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്,
1. കര്‍ണ്ണാടക സര്‍ക്കാര്‍ PPE കിറ്റുകള്‍ വാങ്ങിയത് എത്ര കാശിനാണ്? 2020 ഏപ്രില്‍ 20 നു രണ്ടു വിദേശ സപ്‌ളയര്‍മാരില്‍ നിന്നും ഒരു ലക്ഷം PPE കിറ്റുകള്‍ വാങ്ങി. ഒരു കൂട്ടര്‍ക്ക് കൊടുത്ത വില ഒന്നിന് 27.72 US ഡോളര്‍ . മറ്റൊരു കൂട്ടരില്‍ നിന്നും 27 ഡോളറിനും. ഇതാരാണ് പറഞ്ഞത്? സംശയം വേണ്ട C&AG തന്നെ. ഏതു റിപ്പോര്‍ട്ടില്‍? 2016-2022 കാലത്തെ കര്‍ണ്ണാടക 'Public Health Infrastructure and Management of Health Services'. സംബന്ധിച്ച പെര്‍ഫോമന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ. C&AG ഈ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്ന കണ്‍വര്‍ഷന്‍ നിരക്ക് 75.92 രൂപയാണ്. അപ്പോള്‍ യൂണിറ്റ് ഒന്നിന്റെ വില എത്രയായി? ഒരു കൂട്ടരുടേത് 2104.5 രൂപ .മറ്റൊരു കൂട്ടരുടേതിന് 2049.8 രൂപ.
2. എന്നിട്ട് കര്‍ണ്ണാടക റിപ്പോര്‍ട്ടില്‍ കണക്ക് കൂട്ടിയ excess payment 1.31 കോടി രൂപയാണ്? അതെന്താണ് അങ്ങനെ? കേരളത്തില്‍ ചെയ്തതു പോലെ പ്രീ കോവിഡ് കാലത്ത് നിര്‍ണ്ണയിച്ച വിലയുമായല്ല C&AG അവിടെ താരതമ്യം ചെയ്തത്. പിന്നെയോ? കോവിഡ് കാലത്ത് രണ്ടു സപ്‌ളയര്‍മാരില്‍ ഒരു കൂട്ടര്‍ ഒരു ഡോളര്‍ ഡിസ്‌ക്കൌണ്ട് വാഗ്ദാനം ചെയ്തിരുന്നു. അതുമായാണ് താരതമ്യം ചെയ്തത്. കേരളത്തില്‍ പ്രീ കോവിഡ് കാലത്തെ മാര്‍ക്കറ്റ് നിരക്കുമായിട്ട് താരതമ്യം ചെയ്താണ് നഷ്ടം കണ്ട് പിടിച്ചത് എന്നു മാത്രം.അപ്പോള്‍ പരമാവധി 1550 രൂപയ്ക്ക് വാങ്ങിയ കേരളം 10.23 കോടി രൂപ അധികം കൊടുത്തു എന്ന കണക്ക് ഇതേ ഭരണ ഘടനാ സ്ഥാപനത്തിന് കിട്ടി എന്നു മാത്രം. അതായത് C&AG എന്ന ഭരണ ഘടനാ സ്ഥാപനത്തിന് കേരളം വേറെ കര്‍ണ്ണാടകം വേറെ എന്നര്‍ത്ഥം.

3. കഥ ഇവിടെ തീര്‍ന്നില്ല. രണ്ടു വിമാനങ്ങള്‍ പിടിച്ച് ചരക്ക് ചൈനയില്‍ നിന്നും കൊണ്ടു വന്നതിന് 2.62 കോടി രൂപ വിമാനക്കൂലിയും ചെലവാക്കി. അതുമല്ല കഥ. ഒരു വിമാനം ഫുള്‍ ലോഡ് കയറ്റി പറക്കാന്‍ പുറപ്പെടുമ്പോള്‍ കസ്റ്റംസ് പിടിച്ചു. പാതി ഇറക്കി വെച്ചു . അതു കൊണ്ടു വരാന്‍ വേറൊരു വിമാനം പിടിക്കേണ്ടി വന്നു. അതിനു ചെലവ് 1.54 കോടി രൂപ. രസം അതുമല്ല. ഇവിടെ വന്നു വെയര്‍ ഹൌസില്‍ ഇറക്കി വെച്ച ചരക്ക് സമയത്തിനു ക്ലിയറന്‍സ് എടുക്കാത്തതു മൂലം വെയര്‍ ഹൌസ് ചാര്‍ജ്ജായി 30.25 ലക്ഷം രൂപ കൊടുക്കേണ്ടി വന്നു. എന്താ ഒരു കാര്യ ക്ഷമത അല്ലേ?
4. സപ്‌ളയര്‍മാരില്‍ ഒരു കൂട്ടര്‍ Shenzhen ല്‍ ചരക്കു കൊടുക്കാം എന്നാണ് പറഞ്ഞിരുന്നത്. കൊടുത്തത് Shanghaiലും.നമ്മുടെ വിമാനം Shenzhen ലും. അങ്ങോട്ടു ചരക്കു കൊണ്ടു പോകാന്‍ Shanghai Sky wings Aviation Service Co. Ltd. എന്ന സ്ഥാപനത്തിന് കൊടുത്തത് 21.99 ലക്ഷം രൂപ.പോരേ സംഗതി?
5. IGST അടച്ചത് 4.09 കോടി രൂപ. വിമാനക്കമ്പനിയുടെ സേവനത്തിനു മേല്‍ കൊടുത്ത GST 70.74 ലക്ഷം രൂപ . ഇവ വേറെ.
സപ്‌ളയര്‍ ഫേമുകളുടെ പേരു പോലും ആ റിപ്പോര്‍ട്ടിലില്ല. X, Y എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്. വ്യാപാരം, വ്യാപാര കരാര്‍ എന്നതൊക്കെ കേരളത്തിനു ബാധകമല്ല. സംഭവം പൊളിയല്ലേ .
കര്‍ണ്ണാടകത്തിലെ C&AG വേറെ കേരളത്തിലേതു വേറെ.