കെഎസ്ആര്‍ടിസി വിധിയില്‍ ആരാണ് ജയിച്ചത്? കേരളമോ കര്‍ണാടകയോ? അര്‍മാദിക്കുന്നവര്‍ വായിച്ചിരിക്കേണ്ട കുറിപ്പ്


തിരുവനന്തപുരം: കെഎസ്ആര്‍ടിസി എന്ന ബ്രാന്‍ഡ് നെയിം തങ്ങള്‍ക്കുമാത്രമായി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ച് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത് ആഘോഷമാക്കുകയാണ് സംഘപരിവാറും സര്‍ക്കാര്‍ വിരുദ്ധരും. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു കേസിലാണ് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി വിധി പറഞ്ഞത്.
tRootC1469263">കെഎസ്ആര്‍ടിസി എന്ന ബ്രാന്‍ഡ് ഒരു സംസ്ഥാനത്തിന് മാത്രമായി ഉപയോഗിക്കാനാകില്ലെന്നും അതില്‍ കര്‍ണാടകത്തിനും കേരളത്തിനും തുല്യ അവകാശമുണ്ടെന്നും വിധിയില്‍ വ്യക്തമാക്കുന്നു. ഇതോടെ പേരിന്റെ എക്‌സ്‌ക്ലൂസീവ് ഉപയോഗം ഏതെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രമായി ലഭിക്കില്ല.

ട്രേഡ് മാര്‍ക്ക് രജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്കു കടന്നത്. തുടര്‍ന്ന് കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി വിധി കേരളത്തിനെതിരാണെന്ന് വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയിലെങ്ങും സംഘപരിവാര്‍ അനുകൂലികള്‍ ആഹ്ലാദിക്കുകയാണ്. എന്നാല്‍, അവനവന്‍ ജീവിക്കുന്ന നാടിനെ അവമതിയോടെ കാണുന്നത് എന്തൊരു മാനസികാവസ്ഥയാണെന്ന് മാധ്യമപ്രവര്‍ത്തകനായ സെബിന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കെഎസ്ആര്‍സിടി വിധിയുടെ വിശദാംശങ്ങളും സെബിന്‍ പങ്കുവെച്ചിച്ചുണ്ട്.
സെബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
KSRTC എന്ന പേരിനെ ചൊല്ലിയുള്ള ട്രേഡ്മാര്‍ക്ക് കോപ്പിറൈറ്റ് തര്‍ക്കം ആരംഭിച്ചിട്ട് ഏറെയായി. 2013-ലാണ് കര്‍ണാടകയിലെ ആര്‍ടിസി KSRTC എന്ന പേര് ട്രേഡ് മാര്‍ക്ക് രജിസ്റ്റ്രിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. KSRTC എന്ന പേര് ട്രേഡ് മാര്‍ക്ക് ആയി ഉപയോഗിക്കുന്നതിനും ഇരുതലയുള്ള ഒരു പക്ഷിയുടെ ചിഹ്നം ഉപയോഗിച്ചുള്ള ലോഗോയ്ക്കും അവര്‍ക്കു പകര്‍പ്പവകാശവും ലഭിച്ചു. ഇതിനെ തുടര്‍ന്ന് കേരള ആര്‍ടിസിയും തങ്ങളുടെ പേര് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ സമീപിക്കുകയും 2015ല്‍ അനുവദിച്ചു കിട്ടുകയും ചെയ്തു.
1965 ഏപ്രില്‍ 1നാണ് കേരളത്തില്‍ KSRTC തുടങ്ങുന്നത്. അന്നുമുതല്‍ ആ പേരിലാണ് നമ്മള്‍ വണ്ടിയോട്ടുന്നത്. കര്‍ണാടകയാവട്ടെ 1974 മുതല്‍ ആ പേരുപയോഗിച്ചു വരുന്നു. എന്നാല്‍ കേരളത്തിന് ഇനി ഈ പേരുപയോഗിക്കാനാവില്ലെന്നും കേരള ആര്‍ടിസി എന്നു പേരുമാറ്റണമെന്നുമൊക്കെ ഒരിടയ്ക്കു പത്രത്തില്‍ വാര്‍ത്ത വന്നത് ഓര്‍മ്മയുണ്ടാവും. മനോരമയിലും മറ്റും അന്നത് വലിയ വാര്‍ത്തയായി വായിച്ചത് എന്റെ ഓര്‍മ്മയിലുണ്ട്.
ഇതിനെ തുടര്‍ന്ന് prior act തെളിയിച്ച് ആ പേരുപയോഗിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ കേരളത്തിലെ കോര്‍പ്പറേഷന്‍ ചെന്നൈയിലെ intellectual property appellate board മുമ്പാകെ കേസ് കൊടുത്തു. കേന്ദ്ര സര്‍ക്കാര്‍ ആ ബോര്‍ഡ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് കേസ് മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലായി.
ഡിസംബര്‍ 12, 2023ന് ഈ കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി വിധി പറഞ്ഞു. പേരിന്റെ എക്‌സ്‌ക്ലൂസീവ് ഉപയോഗം തങ്ങള്‍ക്കു വേണം എന്ന കേരള ആര്‍ടിസിയുടെ ആവശ്യം നിരസിച്ചുകൊണ്ടാണ് വിധി.
Trade marks act section 12 പ്രകാരം 'the Registrar is entitled to permit the registration of identical or similar trademark by more than one properties in respect of similar goods or services in case of honest concurrent or other special circumstances.' ഇരു സംസ്ഥാനങ്ങളും ഒരേ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് സമാനമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം കാലങ്ങളായി നല്‍കി വന്നിരുന്നു. കര്‍ണാടകത്തെ അപേക്ഷിച്ച് 9 വര്‍ഷം മുമ്പേ കേരളം ആ പേര് ഉപയോഗിച്ചു തുടങ്ങിയെങ്കില്‍ തന്നെയും 74 മുതല്‍ തന്നെ കര്‍ണ്ണാടകവും ആ പേര് ഉപയോഗിക്കുന്നു. ഇതിനെതിരെ കേരളം പതിറ്റാണ്ടുകളോളം തര്‍ക്കമുന്നയിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല.
കര്‍ണാടകം (ഏകപക്ഷീയമായി) ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് പകര്‍പ്പവകാശം ലഭിച്ചതിന്റെ കൂടി അടിസ്ഥാനത്തില്‍ അത് എന്‍ഫോഴ്‌സ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഘട്ടത്തില്‍ മാത്രമാണ് കേരളം കോടതിയെ സമീപിക്കുന്നത്. കേരളത്തില്‍ നിന്നുള്ള KSRTC അന്തര്‍സംസ്ഥാന ബസുകള്‍ കര്‍ണാടകയില്‍ എത്തുമ്പോള്‍ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുന്നതായി വിവാദം വന്ന ഘട്ടത്തിലാണിത്.
IPABയില്‍ കേരളം ആവശ്യപ്പെട്ടത് തങ്ങള്‍ക്കു മാത്രമായി ആ പേര് ഉപയോഗിക്കാനുള്ള പകര്‍പ്പവകാശം ലഭിക്കണം എന്നാണ്. കേസിലെ ആവശ്യം അതാണെങ്കിലും കേരളത്തെ സംബന്ധിച്ച് മുമ്പത്തെപ്പോലെ തങ്ങളുടെ പേര് ഉപയോഗിച്ചു പോകാന്‍ കഴിയണം എന്നതേയുള്ളൂ. പിന്നെയെന്തിന് എക്‌സ്‌ക്ലൂസീവ് ഉപയോഗം വേണം എന്നു വാദിച്ചു? പകര്‍പ്പവകാശം ഉള്ളതിന്റെ ബലത്തില്‍ കര്‍ണാടകം അത് ഇമ്പോസ് ചെയ്താല്‍ കേരളത്തിന് കാലങ്ങളായി ഉപയോഗിച്ചു വന്നിരുന്ന പേര് നഷ്ടമാകും. അതു സംഭവിക്കാതിരിക്കാനുള്ള ഒരു ഹെഡ്ജ് ആണ് ആ ആവശ്യം. അതല്ലാതെ അത് കേരളത്തിനു നിര്‍ബന്ധമായി ലഭിക്കേണ്ട കാര്യമല്ല.
''Section 12 of the Act does not require neck-to-neck concurrency over a material length of time. Even otherwise, the case would fall within the scope of 'other special circumstances' in Section 12,' എന്നാണ് വിധിന്യായത്തിലെ കോടതിയുടെ നിരീക്ഷണം. prior act തെളിയിക്കാന്‍ കേരളത്തിന് ആയെങ്കിലും ഈ വകുപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തിന് അതിന്റെ ഉപയോഗം നിഷേധിക്കാനാവില്ല; തിരിച്ചും.
കേസ് കൊടുത്തകാലം മുതല്‍ തന്നെ കേരളത്തിനും അത്രയും മാത്രമേ ആവശ്യമായി ഉണ്ടായിരുന്നുള്ളൂ. കര്‍ണാടകം ആ പേര് ഉപയോഗിക്കുന്നതിന് നമുക്കെന്തു നഷ്ടം? അവരുടെ ലോഗോ പാടെ വ്യത്യസ്തമാണ്. നമുക്കും തുടര്‍ന്ന് ആ പേര് ഉപയോഗിക്കാനാവണം. അല്ലാതെ കര്‍ണാടകം കേരളത്തിന്റെ ശത്രുരാജ്യമൊന്നുമല്ലല്ലോ. ധാരാളം മലയാളികള്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന തെന്നിന്ത്യന്‍ സംസ്ഥാനം തന്നെയാണ് കര്‍ണാടകവും.
ഈ വിധി വന്നതിനു ശേഷമുള്ള കര്‍ണാടക ആര്‍ടിസിയുടെ വാര്‍ത്താക്കുറിപ്പു നോക്കൂ. അതില്‍ കര്‍ണാടക ആര്‍ടിസിയുടെ എംഡി അന്‍പുകുമാര്‍ ഉപയോഗിച്ച ഒരു വാചകമുണ്ട്. 'We can continue using the trademark KSRTC without any legal hurdles and our counterpart in Kerala can also continue using the same.'
ചുരുക്കത്തില്‍ ഈ വിധി ഒരു win-win ആണ്. കേരളത്തിന് ഒരു തരത്തിലും ക്ഷതം വരുത്തുന്നതല്ല, പ്രസ്തുത വിധിന്യായം. എന്നാല്‍ കേരള ആര്‍ടിസി നിയമയുദ്ധത്തില്‍ തോറ്റു എന്നു പറഞ്ഞ് വന്‍ അര്‍മ്മാദമാണ് കേരളത്തിലെ സോഷ്യല്‍ മീഡിയ സംഘികള്‍. ലൗ വാരിവിതറിയും കുമ്മോജിയിട്ട് ആര്‍ത്തുചിരിച്ചും അവര്‍ ആഘോഷിക്കുന്നു. കേരളം ഇനി കേരള ആര്‍ടിസി എന്ന് പൂര്‍ണ്ണമായി എഴുതണം, കെ ബസ് എന്നു പേരുമാറ്റാം, പൂട്ടാന്‍ പോകുന്ന സ്ഥാപനത്തിന് എന്തിനാണൊരു പേര്, വെറുതെ പോയി ചോദിച്ചു വാങ്ങി, എന്നൊക്കെ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് കമന്റുകള്‍. ആന്റണി രാജുവിന്റെ വ്യക്തിപരമായ പരാജയമായി പോലും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്, ഇരട്ടപ്പേരു വിളിച്ച് ആക്ഷേപിക്കുന്നുണ്ട്. ആന്റണി രാജു മന്ത്രിയാകുന്നതിനും എത്രയോ മുമ്പ് തുടങ്ങിയ തര്‍ക്കമാണിത് എന്നതുപോലും ആരുടെയും പരിഗണനയിലില്ല. ഏറ്റവും കുറഞ്ഞത് കര്‍ണാടക ആര്‍ടിസി എംഡിയുടെ പത്രക്കുറിപ്പെങ്കിലും വായിച്ചു മനസ്സിലാക്കാന്‍ ഈ കേരളവിരോധികള്‍ക്കായിരുന്നെങ്കില്‍!