കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനി, പ്രതിഷേധം ഈ ലോബിക്കുവേണ്ടിയോ?

harsha sugars
harsha sugars

മഹിളാ കോണ്‍ഗ്രസിന്റെ കര്‍ണാടക സംസ്ഥാന അധ്യക്ഷയും കര്‍ണാടക വനിതാ ശിശു വികസന മന്ത്രിയുമായ ലക്ഷ്മി ആര്‍.ആര്‍. ഹെബ്ബാള്‍ക്കര്‍ ആണ് ഈ കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍.

പാലക്കാട്: കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നത് പ്രധാനമായും കര്‍ണാടകയിലെ ഹര്‍ഷ ഷുഗേഴ്‌സ് എന്ന കമ്പനിയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

മഹിളാ കോണ്‍ഗ്രസിന്റെ കര്‍ണാടക സംസ്ഥാന അധ്യക്ഷയും കര്‍ണാടക വനിതാ ശിശു വികസന മന്ത്രിയുമായ ലക്ഷ്മി ആര്‍.ആര്‍. ഹെബ്ബാള്‍ക്കര്‍ ആണ് ഈ കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍. മാനേജിംഗ് ഡയറക്ടര്‍ ചന്നരാജ് ഹട്ടിഹോളി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്. കൂടാതെ, കമ്പനി ഡയറക്ടര്‍ മൃണാള്‍ ഹെബ്ബാള്‍ക്കര്‍ കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ കമ്പനിക്കുവേണ്ടിയാണ് കേരളത്തില്‍ ബ്രൂവറിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. ഹര്‍ഷ ഷുഗേഴ്‌സ് ഇപ്പോള്‍ കേരളത്തിലേക്ക് ഗണ്യമായ അളവില്‍ സ്പിരിറ്റ് കടത്തുന്നുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിഷേധത്തിന് പിന്നിലെ പ്രധാന കാരണമാണിതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍ അസ്വസ്ഥരാണെന്ന് തോന്നുന്നു. സ്പിരിറ്റിനൊപ്പം കോണ്‍ഗ്രസിനുള്ള മറ്റ് അവശ്യസാധനങ്ങളും ഇതുവഴി എത്തിക്കുന്നുണ്ട്.

കഞ്ചിക്കോട് ഫാക്ടറി സ്ഥാപിതമായാല്‍ 18 കോടി ലിറ്റര്‍ എഥനോള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കാനാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഒരു തുള്ളി എഥനോള്‍ പോലും ഇറക്കുമതി ചെയ്യേണ്ടതില്ല. അങ്ങനെ സംഭവിച്ചാല്‍ ആര്‍ക്കാണ് ഇതില്‍ നഷ്ടമുണ്ടാകുകയെന്ന് കോണ്‍ഗ്രസിനും ബിജെപിക്കും നന്നായി അറിയാമെന്നും മന്ത്രി പറഞ്ഞു.

എലപ്പുള്ളിയിലെ ഡിസ്റ്റിലറി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ രാജേഷ് തള്ളിക്കളഞ്ഞു. സുസ്ഥിര പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ മന്ത്രി പ്ലാച്ചിമട സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അഭാവത്തെ വിമര്‍ശിച്ചു.

ഭൂഗര്‍ഭജലം ഒരു തുള്ളി പോലും ഊറ്റിയെടുക്കരുതെന്ന വ്യവസ്ഥയിലാണ് നിലവിലെ ഡിസ്റ്റിലറി പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതിക്കാവശ്യമായ വെള്ളം മഴവെള്ളത്തില്‍ നിന്നും മലമ്പുഴ അണക്കെട്ടില്‍ നിന്നും കണ്ടെത്തും. ചില സമരക്കാര്‍ വ്യക്തിപരമായ നേട്ടത്തിനായി സാഹചര്യം മുതലെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Tags