വൈഭവ് പ്രായം കള്ളം പറയുന്നു, ഒരു പതിമൂന്നുകാരന് ഇങ്ങനെ സിക്‌സറടിക്കാന്‍ കഴിയോ? ചോദ്യവുമായി പാക് താരം


ന്യൂഡല്‍ഹി: അടുത്തിടെ നടന്ന ഐപിഎല്‍ ലേലത്തില്‍ ഒരു കോടിയിലധികം രൂപ സ്വന്തമാക്കി പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശി ശ്രദ്ധനേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ ടീമിലെടുത്തത്. ഇതോടെ ലേലത്തിലെ പ്രായംകുറഞ്ഞ കളിക്കാരനായും വൈഭവ് മാറി.
ഇക്കഴിഞ്ഞ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍, മികച്ച പ്രകടനമാണ് കൗമാരതാരം കാഴ്ചവെച്ചത്. യുഎഇയ്ക്കെതിരെ, 46 പന്തില്‍ മൂന്ന് ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 76 റണ്‍സ് നേടി. ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലില്‍, 36 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതം 67 റണ്‍സുമായി തിളങ്ങി.
ഷാര്‍ജയില്‍ ശ്രീലങ്കയ്ക്കെതിരെ സൂര്യവംശി നടത്തിയ പ്രകടനം പ്രായം സംശയത്തിലാക്കുന്നതാണെന്നാണ് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാന്‍ പറയുന്നത്. ഒരു 13 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും വമ്പന്‍ സിക്സ് അടിക്കാനാകുമോയെന്നും പ്രായത്തില്‍ സംശയമുണ്ടെന്നും ജുനൈദ് ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.

നേരത്തേയും പ്രായവിവാദം ഉയര്‍ന്നിരുന്നു. സൂര്യവംശിയുടെ പിതാവ് സഞ്ജീവ് പ്രായ വിവാദം മാറ്റിവച്ച്, ആവശ്യമെങ്കില്‍ മകന് അസ്ഥി പരിശോധനയ്ക്ക് തയ്യാറാണെന്നാണ് മറുപടി നല്‍കിയത്. ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല. പ്രായ പരിശോധനയ്ക്ക് വിധേയനാക്കാമെന്നും സഞ്ജീവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിനെ പ്രതിനിധീകരിക്കുന്ന സൂര്യവംശി ഒരു ടി20 കൂടാതെ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍, ഓസ്ട്രേലിയയ്ക്കെതിരെ 13 വര്‍ഷവും 187 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറി നേടി. യൂത്ത് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറുകയും ചെയ്തു.