ഹൈറിച്ചിനേക്കാള്‍ വലിയ തട്ടിപ്പോ? ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 1100 കോടി രൂപ കടലാസു കമ്പനികള്‍, അടിമുടി ദുരൂഹത, നിക്ഷേപകര്‍ ആശങ്കയില്‍

Sojan V Avirachan
Sojan V Avirachan

കൊച്ചി: ഒന്നിലേറെ സംസ്ഥാനങ്ങളിലെ നിക്ഷേപകരില്‍ നിന്നും സഹസ്രകോടികള്‍ സമാഹരിച്ച ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങളില്‍ അടിമുടി ദുരൂഹത. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 120 ഓളം ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങളാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

tRootC1469263">

സൊസൈറ്റി 4 വര്‍ഷത്തിനിടെ 3800 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായും ഇതില്‍ 1100 കോടി രൂപ കൊല്‍ക്കത്തയിലെ ചില കടലാസ് കമ്പനികള്‍ക്ക് നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. സൊസൈറ്റിയുടെ പ്രമോട്ടര്‍മാരുടെ സ്വന്തം കമ്പനികള്‍ക്കുവേണ്ടിയും തുക നല്‍കിയെന്നും ഈ വായ്പകളിലൊന്നും തിരിച്ചടവുണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

തൃശൂര്‍ സ്വദേശിയായ പ്രമോട്ടര്‍ സോജന്‍ അവിറാച്ചനാണ് കമ്പനിയുടെ നടത്തിപ്പുകാരന്‍. ഇയാളുടെ കമ്പനിക്ക് മാത്രമായി 250 കോടി രൂപയും ഗുജറാത്ത് വഡോദര സ്വദേശിയായ രതിന്‍ ഗുപ്തയുടെ കമ്പനിക്ക് 800 കോടി രൂപയും വായ്പ നല്‍കി. ഈ പണമുപയോഗിച്ച് രതിന്‍ ഗുപ്ത 2 സ്വകാര്യ ജെറ്റുകള്‍ സ്വന്തമാക്കുകയാണ് ചെയ്തത്.

അജിത് വിനായക് എന്നയാള്‍ക്ക് 250 കോടി രൂപയും സൊസൈറ്റിയില്‍നിന്നും നല്‍കി. ഇയാള്‍ 70 കോടി രൂപ സിനിമ നിര്‍മാണത്തിനും 80 കോടി രൂപ ആഫ്രിക്കയിലേക്കു വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനും 40 കോടി രൂപ സ്വത്തുക്കള്‍ വാങ്ങാനും ചെലവിട്ടതിന്റെ രേഖകള്‍ ആദായനികുതി വകുപ്പ് കണ്ടെത്തി. 50 കോടിയോളം രൂപ ഇയാള്‍ ഉയര്‍ന്ന പലിശയ്ക്കു വായ്പ നല്‍കി.

സൊസൈറ്റിക്കെതിരെ പരാതി ഉയരാന്‍ തുടങ്ങിയതോടെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കേരളത്തിലെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് വന്‍ തുകകളുടെ കൈമാറ്റം നടന്നതായി കണ്ടെത്തി. സാധാരണക്കാരായ ആളുകളില്‍ നിന്നും ശതകോടികള്‍ ഈ സൊസൈറ്റി പിരിച്ചെടുത്തിട്ടുണ്ട്. ഗ്രാമങ്ങളിലെല്ലാം ഉയര്‍ന്ന കമ്മീഷന്‍ നല്‍കി ഏജന്റുമായി നിയോഗിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. നിക്ഷേപകര്‍ക്ക് 12.5% വരെ പലിശയും വാഗ്ദാനം ചെയ്തു.

സൊസൈറ്റിയുടെ വാഗ്ദാനത്തില്‍ വീണ് കോടികള്‍ നിക്ഷേപിച്ചവരുണ്ട്. ഇവരില്‍ കള്ളപ്പണക്കാരുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സൊസൈറ്റി സംസ്ഥാനത്ത് പലസ്ഥലത്തും കാര്യമായ ഈടില്ലാതെ വന്‍തുക വായ്പ നല്‍കിയതായും പറയപ്പെടുന്നു. അടുത്തിടെ സമാനരീതിയിലുള്ള പല നിക്ഷേപ കമ്പനികളും തകര്‍ന്നതിനാല്‍ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച സാധാരണക്കാര്‍ ആശങ്കയിലാണ്.

എന്നാല്‍, ഇപ്പോഴത്തേത് സാധാരണ പരിശോധനയാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഐസിസിഎസ്എല്‍ അറിയിക്കുന്നത്. ആദായനികുതി വകുപ്പുമായി പൂര്‍ണമായും സഹകരിച്ചു. പൊതുജനങ്ങളുടെ താല്‍പ്പര്യത്തിനോ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യത്തിനോ വേണ്ടി പ്രവര്‍ത്തിക്കാത്ത എതിരാളികളില്‍ പലരും ഈ സാഹചര്യം തങ്ങളുടെ നേട്ടത്തിനായി മുതലെടുക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചെന്നും സൊസൈറ്റി ആരോപിച്ചു. ചെയര്‍മാന്‍ സോജന്‍ വി അവിറാച്ചനും മറ്റ് ബോര്‍ഡ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒളിവിലാണെന്ന വാര്‍ത്തകളും തള്ളിക്കളഞ്ഞിട്ടുണ്ട്.

Tags