ഞാന്‍ ദിവസം 14 മണിക്കൂറും ആഴ്ചയില്‍ ആറര ദിവസവും ജോലി ചെയ്തു, ഇപ്പോഴുള്ളവര്‍ക്ക് വെറും അഞ്ചുദിവസത്തെ ജോലി, ഇങ്ങനെയായാല്‍ ഇന്ത്യ വികസിക്കില്ലെന്ന് നാരായണ മൂര്‍ത്തി

infosys employee
infosys employee

ഈ രാജ്യത്ത് കഠിനാധ്വാനം ആവശ്യമാണ്. കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല. നിങ്ങള്‍ ഏറ്റവും ബുദ്ധിമാനായ വ്യക്തിയാണെങ്കിലും, കഠിനാധ്വാനം ചെയ്‌തേ തീരൂ.

ബെംഗളുരു: രാജ്യത്തെ ഐടി മേഖലകളില്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയെന്നത് നിരാശപ്പെടുത്തുന്നതാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. സിഎന്‍ബിസി ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യാതെ നമുക്ക് ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്ന് നാരായണ മൂര്‍ത്തി ചൂണ്ടിക്കാട്ടി.

വെല്ലുവിളികള്‍ നേരിടുന്ന ഒരു വികസ്വര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ പുരോഗതിക്കായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികളെ ആവശ്യമാണ്. ശക്തമായ ഒരു തൊഴില്‍ നൈതികതയുടെ ആവശ്യമാണ് രാജ്യത്തുള്ളത്. ഇതിനായി ആഴ്ചയില്‍ പരമാവധി ജോലി ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് മുന്നേറാനാകൂയെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയേയും കഠിനാധ്വാനത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനേയും നാരായണ മൂര്‍ത്തി അഭിനന്ദിച്ചു. ഗണ്യമായ സാമൂഹിക സാമ്പത്തിക വെല്ലുവിളികളുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍, പരമ്പരാഗത തൊഴില്‍-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുപകരം വികസനത്തിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും തൊഴിലാളികളില്‍ നിന്ന് അര്‍പ്പണബോധം ആവശ്യപ്പെടുന്നുവെന്ന് നാരായണ മൂര്‍ത്തി പറഞ്ഞു

പ്രധാനമന്ത്രി മോദി ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അഭിനന്ദിക്കാനുള്ള ഏക മാര്‍ഗം നമ്മുടെ ജോലിയിലൂടെയാണ്. വിവിധ മേഖലകളില്‍ ഇത്തരം സമര്‍പ്പണം അനുകരിക്കുന്നത് കാര്യമായ പുരോഗതി സൃഷ്ടിക്കുമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ അഭിപ്രായപ്പെട്ടു.

1986-ല്‍ ആഴ്ചയില്‍ ആറ് ദിവസത്തെ ജോലിയില്‍ നിന്ന് അഞ്ച് ദിവസത്തേക്ക് ഇന്ത്യ മാറിയതില്‍ മൂര്‍ത്തി അതൃപ്തി പ്രകടിപ്പിച്ചു. കുറഞ്ഞ ജോലി ഷെഡ്യൂള്‍ ഒരു വികസ്വര രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തും. നമുക്ക് ഈ രാജ്യത്ത് കഠിനാധ്വാനം ആവശ്യമാണ്. കഠിനാധ്വാനത്തിന് പകരം വയ്ക്കാന്‍ ഒന്നുമില്ല. നിങ്ങള്‍ ഏറ്റവും ബുദ്ധിമാനായ വ്യക്തിയാണെങ്കിലും, കഠിനാധ്വാനം ചെയ്‌തേ തീരൂ.

പ്രതിബദ്ധതയുടെ ഉദാഹരണമായി, അദ്ദേഹം തന്റെ ദിനചര്യ പങ്കുവെച്ചു. ദിവസവും 14 മണിക്കൂറിലധികം ജോലി ചെയ്ത വ്യക്തിയാണ് ഞാന്‍. എന്റെ ദിവസം രാവിലെ 6:30 ന് ആരംഭിച്ച് രാത്രി 8:40 വരെ നീളും. എല്ലാ ആഴ്ചയും ആറര ദിവസം വരെ ജോലി ചെയ്തിരുന്നു. അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

Tags