വമ്പന്‍ തോല്‍വിയായി ഗംഭീര്‍, ഇന്ത്യന്‍ ടീമിനെ ഒത്തൊരുമ ഇല്ലാത്ത വെറും ആള്‍ക്കൂട്ടമാക്കിമാറ്റി, ഒരുമിച്ച് ഭക്ഷണം പോലും കഴിക്കാതെ കളിക്കാര്‍, കളിക്കാന്‍ താത്പര്യമില്ലാതെ കോഹ്ലി

Indian Team
Indian Team

ആദ്യ ടെസ്റ്റിലെ വിജയത്തിനുശേഷം ഇന്ത്യന്‍ ടീമില്‍ ആഘോഷമൊന്നും ഉണ്ടായില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ടീം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോലും ഇറങ്ങിയില്ല.

സിഡ്‌നി: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ വെറും ആള്‍ക്കൂട്ടമാക്കി മാറ്റിയിരിക്കുകയാണ് ഗൗതം ഗംഭീറെന്ന പരിശീലകന്‍. ടി20 ലോകകപ്പ് വിജയത്തിനുശേഷം ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഗംഭീര്‍ ടീമിന്റെ ഒത്തൊരുമപോലും ഇല്ലാതാക്കിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസമാണുണ്ടായത്. നവംബറില്‍ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ചെറിയ രീതിയില്‍ അസ്വാരസ്യമുണ്ടായിരുന്നു. പെര്‍ത്തില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഉദ്ഘാടന മത്സരത്തിലെ വിജയത്തിന് പോലും അവരെ ഒന്നിപ്പിക്കാനായില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും തമ്മിലുള്ള ഭിന്നത മറ്റു കളിക്കാരിലും തമ്മിലടിയുണ്ടാക്കി. സിഡ്നിയില്‍ നടക്കുന്ന നിര്‍ണായക മത്സരത്തിന് മുന്‍പ് രോഹിത്തിനോട് പുറത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചത് ഗംഭീറാണ്.

ആദ്യ ടെസ്റ്റിലെ വിജയത്തിനുശേഷം ഇന്ത്യന്‍ ടീമില്‍ ആഘോഷമൊന്നും ഉണ്ടായില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ടീം ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പോലും ഇറങ്ങിയില്ല. ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞ് അവരവരുടെ വഴികളിലേക്ക് പോവുകയാണുണ്ടായത്. ഏകദേശം ഏഴോ എട്ടോ പേര്‍ അസിസ്റ്റന്റ് കോച്ചുകള്‍ ഉള്‍പ്പെടെ, ഉയര്‍ന്ന നിലവാരമുള്ള ജാപ്പനീസ് റെസ്റ്റോറന്റ് ശൃംഖലയായ നോബുവിലേക്ക് അത്താഴത്തിന് പോയതാണ് കാര്യമാ ആഘോഷം.

പരിശീലകന്‍ ഗംഭീര്‍ തന്റെ ഹോട്ടലില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്നില്ല. കളിക്കാര്‍ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞതോടെയാണ് ഗംഭീര്‍ തന്റെ ഹോട്ടല്‍ മുറിയില്‍ ഒതുങ്ങിനില്‍ക്കാന്‍ തീരുമാനമെടുത്തത്.

പെര്‍ത്ത് ടെസ്റ്റിന് ശേഷം ഇന്ത്യയ്ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. പിങ്ക് ബോള്‍ ഡേ-നൈറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിന് തോറ്റു. മഴ എത്തിയതുകൊണ്ടുമാത്രം ബ്രിസ്‌ബേനില്‍ സമനിലയുമായി രക്ഷപ്പെട്ടു.

മൂന്ന് ടെസ്റ്റുകളിലായി അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. 14 മത്സരങ്ങളില്‍ നിന്ന് 24.76 ശരാശരിയില്‍ 26 ഇന്നിംഗ്സുകളില്‍ നിന്ന് 619 റണ്‍സാണ് 2024ല്‍ രോഹിത് നേടിയതെന്നത് താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത സജീവമാക്കുന്നു.

വിരാട് കോഹ്ലിയാവട്ടെ ഫോമില്ലാത്തതിനൊപ്പം കളിക്കാന്‍ പോലും താത്പര്യമില്ലാതെയാണ് ഇറങ്ങുന്നത്. തുടര്‍ച്ചയായി ഒരേ ശൈലിയില്‍ പുറത്താകുന്നത് കോഹ്ലിയുടെ ടെസ്റ്റ് കരിയര്‍ തന്നെ ചോദ്യചിഹ്നമാക്കിയിരിക്കുകയാണ്.

മുന്‍ പരിശീലകരായ രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ അങ്ങേയറ്റം പരാജിതനാണ് ഗൗതം ഗംഭീര്‍. ശ്രീലങ്കയ്ക്കും ന്യൂസിലന്‍ഡിനും എതിരായ നാണംകെട്ട പരമ്പര തോല്‍വിയും ഓസ്‌ട്രേലിയയിലെ മോശം പ്രകടനവും ഗംഭീറിന്റെ സ്ഥാനം തെറിക്കാന്‍ ഇടയാക്കിയേക്കും.

 

Tags